‘മൃഗശാലയിൽ വീണ്ടും സിംഹഗർജനം’
text_fieldsതിരുവനന്തപുരം: നീണ്ടകാത്തിരിപ്പിന് ശേഷം തിരുവനന്തപുരം മൃഗശാലയിൽ പുതിയ അതിഥികളെത്തി. ഒരുജോഡി സിംഹം, ഒരുജോഡി ഹനുമാൻ കുരങ്ങ്, ഒരുജോഡി എമു എന്നിവയാണ് തിങ്കളാഴ്ച രാവിലെ എത്തിയത്. ആന്ധ്രയിലെ തിരുപ്പതി മൃഗശാലയിൽ നിന്നാണ് ഇവയെ കൊണ്ടുവന്നത്. പ്രത്യേകം സജ്ജമാക്കിയ കൂട്ടിലേക്ക് മാറ്റിയ ഇവ ഒരാഴ്ച ക്വാറന്റീനിലായിരിക്കും. കൂടുമായും പരിസരവുമായും കീപ്പർമാരുമായും ഇണങ്ങാനാണിയത്. ഇഷ്ടമുള്ള ആഹാരവും വെള്ളവും നൽകിയാണ് ഇണക്കുക.
പിന്നെ പരിശോധനകൾക്ക് ശേഷം മറ്റ് കുഴപ്പമൊന്നുമില്ലെങ്കിൽ സാധാരണ കൂടുകളിലേക്ക് മാറ്റും. തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൃഗങ്ങളെ കൈമാറ്റം ചെയ്താണ് അതിഥികളെ എത്തിച്ചത്. ഒരു ജോഡി ഹിപ്പോ, നാല് കഴുതപ്പുലി, മൂന്ന് പന്നിമാൻ എന്നിവയാണ് പകരം നൽകിയത്. അഞ്ച് വർഷത്തെ പട്ടിക തയാറാക്കലിനൊടുവിലാണ് മൃഗശാലയിൽ പുതിയ മൃഗങ്ങളെത്തുന്നത്.
12 മൃഗങ്ങളെയാണ് കൈമാറ്റത്തിലൂടെ കൊണ്ടുവരാൻ പദ്ധതി തയാറാക്കിയത്. വെള്ളമയിൽ, ഹനുമാൻ കുരങ്ങ്, രണ്ട് ജോഡി കാട്ടുകോഴി തുടങ്ങിയവയാണ് പുതിയതായി എത്തുന്നത്. ഇവ വൈകാതെ എത്തും. തിരുപ്പതി മൃഗശാലക്ക് പുറമെ ഗുജറാത്ത് ഗ്രീൻസ് സുവോളജിക്കൽ പാർക്ക്, ഛത്തീസ്ഗഡ്, ഗുവാഹത്തി, ഇൻഡോർ മൃഗശാല അധികൃതരുമായി വിദഗ്ദ്ധസംഘം ബന്ധപ്പെട്ടിരുന്നു.
അവരും മൃഗങ്ങളുടെ കൈമാറ്റം സംബന്ധിച്ച് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവിടെ അധികമുള്ള മൃഗങ്ങളുടെ പട്ടിക അവരെ അറിയിച്ചിട്ടുണ്ട്. ഹിപ്പോ, മാൻവർഗങ്ങൾ, ഇന്ത്യൻ കാട്ടുപോത്ത് എന്നിവയെ ഇനിയും കൈമാറാനാണ് ധാരണ.
മൃഗശാലയിൽ നാളേറെയായി പല കൂടുകളും ഒഴിഞ്ഞുകിടക്കുകയാണ്. സിംഹങ്ങൾ എത്തിയതോടെ കുട്ടികൾ ഉൾപ്പെടെ സന്ദർശകർ വർധിക്കുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ രണ്ട് സിംഹങ്ങൾ മൃഗശാലയിലുണ്ട്. ആയുഷ് എന്ന ആൺ സിംഹം വാർധക്യ പ്രശ്നങ്ങൾ കാരണം വിശശ്രമത്തിലാണ്. പിന്നെയുള്ളത് ഗ്രേസിയാണ്. നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നും ഗ്രേസിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.