ദ്രവമാലിന്യ സംസ്കരണം: കാമ്പയിനുമായി ശുചിത്വ മിഷൻ
text_fieldsതിരുവനന്തപുരം: 'തെളിനീരൊഴുകും നവകേരളം' കാമ്പയിന്‍റെ തുടർച്ചയായി ശാസ്ത്രീയ ദ്രവമാലിന്യ പരിപാലനത്തിന്‍റെയും ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടതിന്‍റെയും പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിവര-വിജ്ഞാന-വ്യാപന കാമ്പയിന്റെ പ്രഖ്യാപനം കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഹാളിൽ തദ്ദേശ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ ആവശ്യമായ സംവിധാനങ്ങളുടെ അപര്യാപ്തത കാരണം ഉണ്ടാകുന്ന രണ്ടാംനിര പ്രശ്നങ്ങൾ ഏറ്റവും അധികം നേരിടുന്ന സംസ്ഥാനമാണ് കേരളം. സെപ്റ്റിക് ടാങ്കുകളിൽ ശാസ്ത്രീയ സംസ്കരണം നടക്കുന്നില്ല.
സംഭരണവും പ്രാഥമിക പരിവർത്തനവും മാത്രമേ അത്തരം ടാങ്കുകളിൽ സാധ്യമാകുകയുള്ളൂ. ആയതിനാൽതന്നെ ഇത്തരം സെപ്റ്റിക് ടാങ്കുകളിൽ നിന്നു ചുരുങ്ങിയത് മൂന്നുവർഷത്തിൽ ഒരിക്കലെങ്കിലും വിസർജ്യാവശിഷ്ടം ശേഖരിച്ചു ശാസ്ത്രീയ രീതിയിൽ സംസ്കരിക്കേണ്ടതുണ്ട്.
നഗര പ്രദേശങ്ങളിൽ ആശുപത്രികൾ, മാർക്കറ്റുകൾ, ഹോസ്റ്റലുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ സ്ഥാപനതല സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളും അനുബന്ധ സൗകര്യങ്ങളും പ്രോത്സാഹിപ്പിക്കലാണ് ശുചിത്വ മിഷൻ ലക്ഷ്യം.
ദ്രവമാലിന്യ സംസ്കരണ സൗകര്യങ്ങൾ കൂടി സംസ്ഥാനത്ത് സജ്ജമാക്കി 2026 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സമ്പൂർണ ശുചിത്വ പദവി ലഭ്യമാക്കുക എന്നതാണ് കാമ്പയിനിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.