തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൃഗങ്ങളെ കൊണ്ടുവരാൻ പട്ടിക; പഴയ അഞ്ചുകോടിയുടെ പദ്ധതി കോൾഡ് സ്റ്റോറേജിൽ
text_fieldsതിരുവനന്തപുരം: മൃഗശാലയിലേക്ക് പുതിയ അതിഥികളെ കൊണ്ടുവരാൻ ഇപ്പോൾ പട്ടിക തയാറാക്കുന്നത്, ഒന്നാം പിണറായി സർക്കാർകാലത്ത് പുതിയ മൃഗങ്ങളെ കൊണ്ടുവരാൻ ധനവകുപ്പ് അംഗീകരിച്ച അഞ്ചുകോടിയുടെ പദ്ധതി മറച്ചുവെച്ച്.
ഇസ്രായേലിൽനിന്ന് അടക്കം വിവിധ ഇനങ്ങളിൽപെട്ട മൃഗങ്ങളെ എത്തിക്കാനുള്ള മ്യൂസിയം- സൂ വകുപ്പിന്റെ പദ്ധതിയാണ് ആരുടെയൊക്കെയോ പിടിപ്പുകേട് കാരണം നഷ്ടമായത്. ജിറാഫ്, സീബ്ര, ഹിമാലയൻ കരടി, വെള്ളക്കരടി, സിംഹം തുടങ്ങിയവ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. വിദേശയിനം പക്ഷികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കോവിഡിന് തൊട്ടുമുമ്പാണ് അന്നത്തെ മന്ത്രി കെ. രാജുവിന്റെ പ്രത്യേക താൽപര്യപ്രകാരം പദ്ധതി തയാറാക്കിയത്. ഇതിലേക്ക് സെൻട്രൽ സൂ അതോറിറ്റിയുമായും വിദേശത്തെ ചില മൃഗശാലകളുമായും നിരവധി ചർച്ചകൾ നടന്നു.
അഞ്ചുകോടിയോളം രൂപയുടെ പദ്ധതി തയാറാക്കി ധനവകുപ്പിന് നൽകുകയും ഒടുവിൽ ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു. എന്നാൽ, അതിനുശേഷം പദ്ധതി കോൾഡ് സ്റ്റോറേജിലാകുകയായിരുന്നു. പിന്നീട് പുതിയമൃഗങ്ങളൊന്നും മൃഗശാലയിൽ എത്തിയില്ല.
രാജ്യത്തിനകത്തെ മൃഗശാലകളുമായി ചില മൃഗങ്ങളുടെ കൈമാറ്റം ചെയ്തതല്ലാതെ പുതിയ മൃഗങ്ങൾ മൃഗശാലയിൽ എത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഉള്ള മൃഗങ്ങൾ പ്രായാധിക്യവും മറ്റും കാരണം അവശനിലയിലാണ്. സിംഹത്തിന്റെ കൂടുകൾ ഒഴിഞ്ഞിട്ട് വർഷങ്ങളായി. കൃഷ്ണമൃഗങ്ങളിലെയും മാനുകളിലെയും ക്ഷയരോഗവും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
ഇതിനിടെയാണ് അധികമുള്ള മൃഗങ്ങളുടെയും ഇവിടേക്ക് കൊണ്ടുവരാനുള്ള മൃഗങ്ങളുടെയും പട്ടിക തയാറാക്കുന്നത്. സർക്കാർ നിയോഗിച്ച വിദഗ്ധ സംഘമാണ് റിപ്പോർട്ട് തയാറാക്കുന്നത്.
രാജ്യത്തെ മറ്റ് മൃഗശാലകളുമായും സുവോളജിക്കൽ പാർക്ക് അധികൃതരുമായും നടത്തിയ ചർച്ചയിൽ ഹിപ്പോ, മാൻവർഗങ്ങൾ, ഇന്ത്യൻ കാട്ടുപോത്ത് എന്നിവയെ കൈമാറാനാണ് ധാരണ. പകരം സിംഹം, വെള്ളക്കരടി, കാണ്ടാമൃഗം, വെള്ളമയിൽ എന്നിവയെ പകരം നൽകണമെന്നാണ് ആവശ്യം.
‘ജിറാഫിനെ കിട്ടില്ല’
തിരുവനന്തപുരം: മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് കർശന നിയന്ത്രണം നിലനിൽക്കുന്നതിനാൽ മറ്റ് രാജ്യങ്ങളിൽനിന്ന് മൃഗങ്ങളെ കൊണ്ടുവരുന്നത് കടുപ്പമാകും. ജീവജാലങ്ങളുടെ അന്താരാഷ്ട്ര വ്യാപാര ഉടമ്പടി പ്രകാരം രജിസ്റ്റർ ചെയ്യണം. അതിനുമുമ്പ് ഇരുരാജ്യങ്ങളും തമ്മിൽ കൈമാറ്റ ചർച്ചകളും നടക്കണം.
മുമ്പ് ഇക്കാര്യങ്ങളിൽ വലിയ ഇളവുണ്ടായിരുന്നു. അങ്ങനെയാണ് ജിറാഫ് ഉൾപ്പെടെ മൃഗങ്ങളെ കൊണ്ടുവന്നത്. ആഫ്രിക്കയിൽനിന്നാണ് ജിറാഫുകളെ ഇന്ത്യയിലേക്ക് നേരത്തേ കൊണ്ടുവന്നിരുന്നത്. അതിൽ ഒരെണ്ണം തിരുവനന്തപുരം മൃഗശാലയിലും ഉണ്ടായിരുന്നു. അവസാന നാളുകളിൽ കാലൊടിഞ്ഞ നിലയിലായിരുന്നെങ്കിലും കുട്ടികൾക്ക് ഉൾപ്പെടെ കൗതുകം നൽകുന്ന ഒന്നായിരുന്നു ജിറാഫിന്റെ സാന്നിധ്യം. നിബന്ധനകൾ കർശനമായതോടെ ജിറാഫിനെ കൊണ്ടുവരുന്നത് അസാധ്യമാണെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.