സാക്ഷരത മിഷൻ തുല്യത പരീക്ഷ: 77 പേർ ആൾമാറാട്ടം നടത്തി
text_fieldsതിരുവനന്തപുരം: സംസ്ഥാന സാക്ഷരത മിഷൻ നടത്തിയ ഏഴാംതരം തുല്യത പരീക്ഷയിൽ 77 പേർ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയതായി കണ്ടെത്തൽ. തിരുവനന്തപുരം ജില്ല സാക്ഷരത മിഷൻ അധികൃതരുടെ ഒത്താശയോടെ നടന്ന തട്ടിപ്പിൽ പൊലീസിൽപോലും പരാതി നൽകാതെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സംഭവം ഒതുക്കിത്തീർത്തു.
സാക്ഷരത മിഷൻ ഏഴാംതരം തുല്യതാ കോഴ്സ് പത്താം ബാച്ചിലാണ് 2017ൽ തട്ടിപ്പ് അരങ്ങേറിയത്. സംസ്ഥാന ഓഫിസിൽനിന്ന് രജിസ്റ്റർ നമ്പറും ഡയറക്ടറുടെ ഒപ്പും സീലോടുംകൂടി ഫോേട്ടാ പതിച്ച രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ പഠിതാക്കൾക്ക് നൽകാതെ അതേ രജിസ്റ്റർ നമ്പരുകളിൽ മറ്റ് 77 പേരെക്കൊണ്ട് ആളുമാറ്റി പരീക്ഷയെഴുതിച്ച് വിജയശതമാനം ഉയർത്തുകയായിരുന്നു.
ഒരേ രജിസ്റ്റർ നമ്പറിൽ പരീക്ഷയെഴുതിയ രണ്ട് പഠിതാക്കളെയും വിജയിപ്പിച്ചു. മാർക്ക് ലിസ്റ്റുകളിലും വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ഇതിനെതിരെ സാക്ഷരത മിഷനിലെ ജീവനക്കാരൻതന്നെ പരാതിയുമായി രംഗത്തെത്തിയതോടെ സംസ്ഥാന ഓഫിസിലെ ഉദ്യോഗസ്ഥർ അംഗങ്ങളായ മൂന്നംഗസമിതിയെ അന്വേഷണത്തിനായി ഡയറക്ടർ ഡോ. പി.എസ്. ശ്രീകല നിയോഗിക്കുകയും ഇവരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തട്ടിപ്പിന് കൂട്ടുനിന്ന ജില്ല പ്രോജക്ട് കോഓഡിനേറ്റർ സി.കെ. പ്രദീപ് കുമാർ, ഓഫിസ് അസിസ്റ്റൻറ് ടി.എസ്. ഗീതകുമാരി, ക്ലറിക്കൽ അസിസ്റ്റൻറ് സുനിൽകുമാർ എന്നിവരെ വയനാട്, തൃശൂർ, പാലക്കാട് ജില്ലകളിലേക്കും സ്വീപ്പർ കം പ്യൂൺ ആർ. ബിന്ദുവിനെ സംസ്ഥാന ഓഫിസിലേക്കും സ്ഥലം മാറ്റുകയായിരുന്നു. എന്നാൽ, വിവാദം കെട്ടടങ്ങിയതോടെ ഇവരെ വീണ്ടും തിരുവനന്തപുരം ജില്ല ഓഫിസിലേക്ക് തിരികെയെത്തിച്ചു.
പി.എസ്.സി അംഗീകരിച്ചിട്ടുള്ള പത്താംതരം തുല്യത കോഴ്സിെൻറ അടിസ്ഥാന യോഗ്യതയായി കണക്കാക്കിയിട്ടുള്ള ഏഴാതരം തുല്യത കോഴ്സിെൻറ പരീക്ഷ നടത്തിപ്പിലും മാർക്ക് ക്രോഡീകരണത്തിലും വൻ തട്ടിപ്പ് നടന്നിട്ടും ഇക്കാര്യത്തിൽ പൊലീസിൽ പരാതി നൽകാനോ ആൾമാറാട്ടക്കാർക്കെതിരെ നടപടി സ്വീകരിക്കാനോ സാക്ഷരതമിഷൻ ഡയറക്ടർ അടക്കം അധികാരികൾ തയാറായിട്ടില്ല.
അതേസമയം തിരുവനന്തപുരം കോർപറേഷെൻറ സഹകരണത്തോടെ സാക്ഷരതമിഷൻ നഗരത്തിൽ നടപ്പാക്കിയ അക്ഷരശ്രീ പദ്ധതിക്കെതിരെ വിജിലൻസിനെ സമീപിക്കാനൊരുങ്ങുകയാണ് മുൻ ജീവനക്കാർ.
ഏഴാംതരം തുല്യത പരീക്ഷയിൽ വ്യാജന്മാരെ തിരുകിക്കയറ്റിയും പത്ത്, ഹയർ സെക്കൻഡറി തുല്യത പരീക്ഷകളിൽ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാത്തവരുടെ പേരിൽ കള്ളക്കണക്കുകൾ കാണിച്ചുമാണ് 10 ലക്ഷത്തോളം രൂപ തട്ടിയതെന്നാണ് പരാതി. പല വാർഡിലും മതിയായ ആളുകളെ കണ്ടെത്താൻ കഴിയാതെവന്നതോടെ വ്യാജ പേരുകൾ രജിസ്റ്റർ ചെയ്ത് കോർപറേഷനിൽനിന്ന് ഫണ്ട് തട്ടിയെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.