വായ്പ തിരിച്ചടവ് മുടങ്ങി; അണ്ടൂർക്കോണത്ത് വീടിന് മുന്നിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ഭീഷണിയെഴുത്ത്
text_fieldsപോത്തൻകോട്: കൊല്ലം ചവറക്ക് പിന്നാലെ തിരുവനന്തപുരത്തും വായ്പ തിരിച്ചടവ് തവണ മുടങ്ങിയ സ്വകാര്യവ്യക്തിയുടെ വീടിന് മുന്നിൽ സ്പ്രേ പെയിന്റ് കൊണ്ട് എഴുതി ഭീഷണി മുഴക്കിയതായി പരാതി. തിരുവനന്തപുരം അണ്ടൂർക്കോണത്താണ് സംഭവം. മൂന്ന് മാസത്തെ തവണ മുടങ്ങിയതിന് അണ്ടൂർകോണം സ്വദേശിനികളായ വീണ-ഹാജിത് ദമ്പതികളുടെ വീട്ടിലാണ് സ്വകാര്യ ധനകാര്യ സ്ഥാപനമായ ചോള മണ്ഡലം ഫിനാൻഷ്യൽ ലിമിറ്റഡിന്റെ നടപടി. ഇതേസ്ഥാപനം തന്നെയാണ് കഴിഞ്ഞമാസം ചവറയിലും ചുമരെഴുതിയത്.
വായ്പാ കുടിശിക ഈടാക്കാൻ നിയമപരമായ മറ്റ് മാർഗങ്ങൾ ഉള്ളപ്പോഴാണ് വീടിന്റെ മുന്നിൽ സ്പ്രേ പെയിന്റ് അടിച്ച് ഭീഷണി മുഴക്കിയത്. 20 വർഷത്തെ ഇ.എം.ഐ വ്യവസ്ഥയിൽ 2020 ജൂലൈയിലാണ് 27,07121 രൂപ വായ്പ എടുത്തത്. മാസ അടവ് 33,670 രൂപയാണ്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെ മൂന്ന് മാസത്തെ തിരിച്ചടവാണ് മുടങ്ങിയത്. ഇതേതുടർന്ന് ദിവസങ്ങൾക്ക് മുമ്പ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ വീടിന്റെ മുന്നിൽ നോട്ടീസ് പതിപ്പിച്ചിരുന്നു.
നോട്ടീസ് വീട്ടുകാർ തന്നെ കീറിക്കളഞ്ഞു. പിന്നാലെ വീടും സ്ഥലവും തങ്ങളുടെ കൈവശമാണെന്ന് കാണിച്ച് വലിയ അക്ഷരത്തിൽ എഴുതിയിടുകയായിരുന്നു. മുടക്കമുള്ള തിരിച്ചടവ് ഉടൻ അടയ്ക്കാമെന്ന് പറഞ്ഞിട്ടും അത് വക വെക്കാതെയാണ് സ്ഥാപനം ഇത്തരത്തിൽ ഭീഷണി മുഴക്കിയതെന്ന് വീട്ടുടമ പറഞ്ഞു. തങ്ങളെയും കുടുംബത്തെയും സമൂഹത്തിന് മുന്നിൽ അധിക്ഷേപിച്ചെന്നും കുടുംബം ആരോപിക്കുന്നു.
ഇത്തരം സ്ഥാപനങ്ങളെയും ബ്ലേഡുകാരെയും ഒതുക്കാൻ സംസ്ഥാനത്ത് നടപ്പാക്കിയ ഓപറേഷൻ കുബേര പ്രവർത്തനം ഇല്ലാതായതോടെ പണമിടപാട് സംഘങ്ങളും സ്ഥാപനങ്ങളും തഴച്ചുവളരുന്നതായി പരക്കെ ആക്ഷേപമുണ്ട്.
മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ, തങ്ങൾക്കിതിൽ പങ്കില്ലെന്നും ബാങ്കിന്റെ ഏജൻസിയാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ഫിനാൻസ് കമ്പനിയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.