വായ്പാകെണി; ടെക്നോപാർക്ക് ജീവനക്കാരിൽനിന്ന് പണം തട്ടി
text_fieldsകഴക്കൂട്ടം: ടെക്നോപാർക്ക് ജീവനക്കാരെ കെണിയിൽ വീഴ്ത്തി വായ്പതട്ടിപ്പ്. പൂർണമായും തിരിച്ചടക്കേണ്ടാത്ത വ്യക്തിഗത വായ്പ എന്ന് വാഗ്ദാനം ചെയ്താണ് വൻ തുക തട്ടിയെടുത്തത്. ശ്രീകാര്യം സ്വദേശിയായ ടെക്ക്നോപാർക്കിലെ മുൻ ഐ.ടി ജീവനക്കാരനായിരുന്ന നിഷാന്ത് (40) ആണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് ജീവനക്കാർക്കും ഇതിൽ പങ്കുണ്ടെന്ന് കാട്ടി തട്ടിപ്പിനിരയായവർ െപാലീസിൽ പരാതി നൽകി. രണ്ട് കോടിയോളം രൂപ തട്ടിയെടുത്തതായാണ് പരാതി. നിഷാന്ത് വിദേശത്തേക്ക് കടന്നതായാണ് സൂചന.
വിചിത്രമായ വാഗ്ദാനങ്ങൾ നൽകിയാണ് തട്ടിപ്പ് നടത്തിയത്. കോവിഡ് കാലമായതിനാൽ ആരും വായ്പ എടുക്കാൻ വരില്ലെന്നും അതിനാൽ കോടിക്കണക്കിന് രൂപയാണ് വിവിധ ബാങ്കുകളിൽ കെട്ടികിടക്കുന്നതെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. പണം വായ്പയായി കൊടുത്തില്ലെങ്കിൽ തിരികെ ആർ.ബി.ഐയിലേക്ക് പോകുമെന്നും അതിനാൽ സ്വന്തം ജാമ്യത്തിൽ എത്ര രൂപ വേണമെങ്കിലും വായ്പയായി സംഘടിപ്പിച്ച് തരാമെന്നും വാഗ്ദാനം ചെയ്തു. വായ്പത്തുക ഏതാനും തവണ തിരിച്ചടച്ചാൽ മതി എന്നും പിന്നെ ബാങ്ക് ബാക്കി തുക എഴുതിത്തള്ളുമെന്നും വിശ്വസിപ്പിച്ചു.
വായ്പ ശരിയാക്കാൻ ബാങ്കിൽ പ്രത്യേക ഏജൻറുമാരും ഉണ്ടായിരുന്നത്രെ. വായ്പയായി കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം തനിക്കും മറ്റൊരു ഭാഗം വായ്പ ശരിയാക്കിത്തരുന്ന ഏജന്റിനും നൽകിയാൽ മതിയാകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് നിഷാന്ത് പണം വാങ്ങിയത്. പലർക്കും അഞ്ചുലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ വായ്പ തരപ്പെടുത്തി കൊടുക്കുകയും ചെയ്തു. ഇവരിൽ നിന്ന് കമീഷനായി നല്ലൊരു തുക നിഷാദ് വാങ്ങുകയായിരുന്നു. 30 ലേറെ ടെക്നോപാർക്ക് ജീവനക്കാർക്കാണ് വായ്പ തരപ്പെടുത്തി നൽകിയത്. ഇതിന്റെ കമീഷനായി രണ്ട് കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
നിഷാന്തിന്റെ ഇടപെടലിൽ വായ്പയെടുത്തവർ ഏതാനും തവണ പണം തിരിച്ചടച്ച ശേഷം തിരിച്ചടവ് നിർത്തി. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ഉദ്യോഗസ്ഥർ വായ്പ എടുത്തവരെ തേടി എത്തി. പലിശയുൾപ്പടെ വൻ തുക അടക്കണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചപ്പോഴാണ് തട്ടിപ്പിനിരയായവർ കാര്യങ്ങൾ മനസ്സിലാക്കുന്നത്.
വായ്പതട്ടിപ്പിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ടെക്കികളുടെ സംഘടനയായ പ്രതിധ്വനി സിറ്റി െപാലീസ് കമീഷണർക്ക് പരാതി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.