തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാർഡ് നറുക്കെടുപ്പ് 28 മുതൽ
text_fieldsതിരുവനന്തപുരം: തദ്ദേശപൊതുതെരഞ്ഞെടുപ്പിന് വാർഡ് സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഈമാസം 28 മുതൽ ഒക്ടോബർ ആറുവരെ വിവിധ കേന്ദ്രങ്ങളിൽ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും നറുക്കെടുപ്പ് സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഒന്നുവരെ നടക്കും. ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്ടോബർ അഞ്ചിനായിരിക്കും.
തിരുവനന്തപുരം, കൊല്ലം കോർപറേഷനുകൾക്ക് ഒക്ടോബർ ആറിനും കൊച്ചി തൃശൂർ കോർപറേഷനുകൾക്ക് സെപ്റ്റംബർ 30നും കോഴിക്കോട്, കണ്ണൂർ കോർപറേഷനുകൾക്ക് സെപ്റ്റംബർ 28നുമാണ് നറുക്കെടുപ്പ്. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ വിഭാഗങ്ങൾക്കാണ് സംവരണം നിശ്ചയിക്കേണ്ടത്. സ്ത്രീകൾക്കുള്ള സംവരണം അമ്പത് ശതമാനമാണ്.
പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും ജനസംഖ്യാനുപാതിക സംവരണമാണ്. 2015ൽ സ്ത്രീകൾക്ക് സംവരണം ചെയ്യാത്ത എല്ലാ വാർഡുകളും ഇപ്പോൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. ആകെ വാർഡുകളുടെ എണ്ണം ഒറ്റസംഖ്യ വരുന്ന തദ്ദേശസ്ഥാപനങ്ങളിൽ ഒരു സ്ത്രീസംവരണ വാർഡിന് നറുക്കെടുപ്പ് വേണ്ടിവരും.
സ്ത്രീകൾക്കായി സംവരണം ചെയ്യുന്ന വാർഡുകളിൽനിന്നുവേണം പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ എന്നിവർക്കുള്ള വാർഡുകൾ നിശ്ചയിക്കേണ്ടത്.2010ലോ 2015ലോ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത വാർഡുകളെ ഒഴിവാക്കിയാകും പട്ടികജാതി സ്ത്രീ സംവരണത്തിന് നറുക്കെടുക്കുക.
അന്തിമ വോട്ടർപട്ടിക ഒക്ടോബർ ഒന്നിന്
തിരുവനന്തപുരം: തദ്ദേശ െതരഞ്ഞെടുപ്പിന് തയാറാക്കുന്ന അന്തിമ വോട്ടർപട്ടികയുടെ പ്രസിദ്ധീകരണം ഒക്ടോബർ ഒന്നിലേക്ക് മാറ്റിയതായി സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു. അഗസ്റ്റ് 12ന് കരടായി പ്രസിദ്ധീകരിച്ച വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് അന്തിമ പട്ടിക സെപ്റ്റംബർ 26ന് പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. കോവിഡ് പശ്ചാത്തലത്തിൽ പല തദ്ദേശ സ്ഥാപനങ്ങളും പൂർണതോതിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരണം നീട്ടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.