നാട്ടുകാർ ചോദിക്കുന്നു, ഇന്നെങ്കിലും കുടിവെള്ളം വരുമോ
text_fieldsതിരുവനന്തപുരം: തുടർച്ചയായി മൂന്നുദിവസം കുടിവെള്ളം മുടങ്ങിയതോടെ നഗരവാസികൾ ദുരിതത്തിലായി. വ്യാഴാഴ്ച മുതൽ മുടങ്ങിയ കുടിവെള്ളവിതരണം നാലാം ദിവസവും പുനഃസ്ഥാപിക്കാത്തതിനാൽ നിരവധി പേരാണ് പ്രയാസത്തിലായത്.
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പാളയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് മുൻകരുതലൊന്നുമില്ലാതെ ജലവിതരണം മുടങ്ങിയത്. നിരവധി സർക്കാർ ഒാഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും ആരാധനാലയങ്ങളും വ്യാപാരസ്ഥാപനങ്ങളുമുള്ള സ്ഥലങ്ങളിലാണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം മുട്ടിക്കൽ.
ജൂൺ നാലിന് ഇതുസംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയെന്നുപറഞ്ഞ് കൈകഴുകുകയാണ് അധികൃതർ. എന്നാൽ, കേരള യൂനിവേഴ്സിറ്റി, ആയുർവേദ കോളജ്, സംസ്കൃത കോളജ് തുടങ്ങി പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികൾ ഉൾപ്പെടെ താമസിക്കുന്ന ഹോസ്റ്റലുകളും കാന്റീനുകളും പ്രവർത്തിക്കുന്നത് പാളയത്തും പരിസരങ്ങളിലുമാണ്. പലയിടത്തും ഒന്നിൽ കൂടുതൽ ദിവസത്തേക്കാവശ്യമായ ജലം സംഭരിക്കാൻ സംവിധാനമില്ല.
ബദൽസംവിധാനങ്ങളൊന്നുമില്ലാതെ തുടർച്ചയായി കുടിവെള്ളം മുടങ്ങിയത് ജലഅതോറിറ്റിയുടെ പിടിപ്പുകേടാണെന്നാണ് ആക്ഷേപം.
െറസിഡന്റ്സ് അസോസിയേഷനുകളിലെ വീടുകളിൽ നഗരസഭയുടെ നേതൃത്വത്തിൽ പരിമിതമായ തോതിൽ ടാങ്കറുകളിൽ വെള്ളമെത്തിച്ച് നൽകുന്നുണ്ടെങ്കിലും ഭക്ഷണം പാകം ചെയ്യാൻ പോലും തികയുന്നില്ല.
പ്രാഥമികാവശ്യങ്ങൾക്കും മറ്റും എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് ജനം. അരുവിക്കര 72 എം.എൽ.ഡി ജലശുദ്ധീകരണശാലയിൽനിന്ന് വെള്ളയമ്പലത്തേക്കുള്ള പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികളും ഒബ്സർവേറ്ററി ഹിൽസിലെ ഗംഗാദേവി റിസർവോയറിലും ഒബ്സർവേറ്ററി റിസർവോയറിലും ശുചീകരണപ്രവർത്തനവും നടക്കുന്നുണ്ട്.
പി.ടി.പി നഗറിലുള്ള ഭൂതല ജലസംഭരണിയുടെ ശുചീകരണം, കുണ്ടമൺകടവ് പമ്പ് ഹൗസിലെ ഇലക്ട്രിക്കൽ പാനൽ ബോർഡ് മാറ്റിെവക്കൽ എന്നിവ മൂലം വാട്ടർ അതോറിറ്റിയുടെ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിലുള്ളവരും ദുരിതത്തിലായി.
കുടിവെള്ളം മുടങ്ങിയ സ്ഥലങ്ങൾ
വെള്ളയമ്പലം, ശാസ്തമംഗലം, കവടിയാർ, ഊളമ്പാറ, വഴുതക്കാട്, തൈക്കാട്, വലിയശാല, തമ്പാനൂർ, പാളയം, സ്റ്റാച്യു, ബേക്കറി ജങ്ഷൻ, പുളിമൂട്, ആയുർവേദ കോളജ്, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, കുമാരപുരം, കണ്ണമ്മൂല, വെൺപാലവട്ടം, വഞ്ചിയൂർ, പേട്ട, ചാക്ക, പാറ്റൂർ, പാൽക്കുളങ്ങര, കരിക്കകം, ശംഖുംമുഖം, വേളി, വെട്ടുകാട്, പൗണ്ട്കടവ്, ഒരുവാതിൽക്കോട്ട, ആനയറ എന്നീ പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങി.
ഇതുകൂടാതെ ഒബ്സർവേറ്ററി ഹിൽസ് പരിസരം, പാളയം, നന്ദാവനം, തൈക്കാട്, വലിയശാല, വഴുതക്കാട്, മേട്ടുക്കട, പി.എം.ജി, നന്തൻകോട്, ലോ േകാളജ്, ഗൗരീശപട്ടം, പ്ലാമൂട്, പട്ടം, ബേക്കറി ജങ്ഷൻ, ഊറ്റുകുഴി, സെക്രട്ടേറിയറ്റ് അനെക്സ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളജ്, പുളിമൂട് എന്നിവിടങ്ങളിലും ജലവിതരണം മുടങ്ങി.
പി.ടി.പി നഗർ മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലേ, സി.പി.ടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈറോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുകൾ, കരമന, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, സത്യൻ നഗർ തുടങ്ങിയ പ്രദേശങ്ങളിലും കുടിവെള്ളം കിട്ടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.