റേഷൻ കടകളുടെ സ്ഥലസൗകര്യം; സർക്കാർ ഗാരന്‍റിയിൽ രണ്ടുലക്ഷം വരെ വായ്പ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ സ്ഥലസൗകര്യം വർധിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ. സംസ്ഥാനത്ത് 3330 റേഷൻ കടകൾ സ്ഥലപരിമിതിയിൽ പ്രവർത്തിക്കുന്നവയാണ്. ഇത്തരം കടകൾക്ക് കുറഞ്ഞത് 300 സ്ക്വയർ ഫീറ്റ് വിസ്തീർണം കൈവരിക്കുന്നതിനായി റേഷൻ വ്യാപാരികൾക്ക് സർക്കാർ ഗാരന്‍റിയിൽ ബാങ്കുകൾ വഴി കുറഞ്ഞ പലിശ നിരക്കിൽ രണ്ടു ലക്ഷം രൂപ വരെ ലോൺ അനുവദിക്കുന്നതാണ് പദ്ധതി.
ഇതുപ്രകാരം ബാങ്ക് ഈടാക്കുന്ന ആകെ പലിശയിൽ മൂന്നു ശതമാനം സർക്കാർ നൽകും. പദ്ധതി നടപ്പാക്കുന്നതിന് ബജറ്റിൽ രണ്ടു കോടി വകയിരുത്തിയിട്ടുണ്ട്. റേഷൻ കട പ്രവർത്തിക്കുന്ന കെട്ടിടത്തിന് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള മതിയായ സൗകര്യമില്ലാത്ത കടകളിൽ ചില ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.
ശേഖരിച്ച് വെക്കാനുള്ള സൗകര്യമില്ലാത്തത് മൂലം ചിലയിടങ്ങളിൽ ഒന്നിൽ കൂടുതൽ തവണ ധാന്യങ്ങളെത്തിക്കേണ്ടിവരുന്ന സ്ഥിതിയുമുണ്ടെന്ന് നിയമസഭയിലെ ചോദ്യോത്തര വേളയിൽ മന്ത്രി വ്യക്തമാക്കി.
'റേഷൻ വ്യാപാരികളുടെ കമീഷൻ വെട്ടിക്കുറിച്ചിട്ടില്ല'
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ കമ്മീഷൻ വെട്ടിക്കുറച്ചിട്ടില്ലെന്നും ഇത്തരം വാർത്തകൾ ശരിയല്ലെന്നും മന്ത്രി ജി.ആർ. അനിൽ. റേഷൻ വ്യാപാരികൾക്ക് കമീഷൻ നൽകുന്നതിന് പ്രതിമാസം സർക്കാർ 15-16 കോടി രൂപയാണ് ചെലവഴിക്കുന്നത്.
കഴിഞ്ഞ ബജറ്റിൽ 216 കോടിയാണ് ഇതിനായി നീക്കിവെച്ചത്. കേന്ദ്ര സർക്കാർ പി.എം.ജി.കെ പദ്ധതി വഴി അനുവദിച്ച ഭക്ഷ്യധാന്യങ്ങൾ കൂടി നൽകേണ്ടി വന്ന സാഹചര്യത്തിൽ കമീഷന് കൂടുതൽ തുക കണ്ടെത്തേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് കമീഷൻ വിതരണത്തിന് തടസ്സമുണ്ടാകുന്ന സ്ഥിതി വന്നത്. ഒരു ലൈസൻസിക്ക് ഇരട്ടി തുക കമീഷൻ ലഭിക്കുന്ന സ്ഥിതി ഈ കാലയളവിലുണ്ടായി.
അതായത് ഒരു മാസം 16 കോടി ചെലവഴിച്ചിരുന്ന സ്ഥാനത്ത് 28.44 കോടി കണ്ടെത്തേണ്ടി വന്നു. ഒരു ക്വിന്‍റൽ ഭക്ഷ്യധാന്യ വിതരണത്തിന് റേഷൻ വ്യാപാരികൾക്കുള്ള കമീഷൻ ഇനത്തിൽ സംസ്ഥാന സർക്കാർ 239 രൂപ കൊടുക്കുന്നുണ്ട്. കേന്ദ്ര സർക്കാർ ക്വിന്‍റലിന് നൽകുന്നത് 43 രൂപയാണ്. പി.എം.ജി.കെ പദ്ധതിയിലെ ഭക്ഷ്യധാന്യ വിതരണത്തിന് ക്വിന്‍റലിന് 83 രൂപയാണ് കേന്ദ്രം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.