കോവിഡ് കവർന്ന ജീവിതങ്ങൾ: കരകാണാക്കയത്തിൽ സിനിമ-സീരിയൽ മേഖല
text_fieldsതിരുവനന്തപുരം: സിനിമ, സീരിയൽ മേഖലയിലേക്കും കോവിഡ് പടർന്നുകയറിയതോടെ ഈ രംഗത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് നിത്യവൃത്തിക്കുപോലും വകയില്ലാതെ ദുരിതമനുഭവിക്കുന്നത്. കടക്കാരുടെ ശല്യപ്പെടുത്തലും പാല്, പത്രം, കേബിള്‍, വൈദ്യുതി ബില്ലുകളും ഇവരുടെ ജീവിതം താറുമാറാക്കിയിരിക്കുകയാണ്. ഇതിനെല്ലാം പുറമെയാണ് വിവിധ ആവശ്യങ്ങൾക്കായി എടുത്ത ബാങ്ക് ലോണുകളും കുട്ടികളുടെ വിദ്യാഭ്യാസ ചെലവും. നാലാളറിഞ്ഞാലുള്ള നാണക്കേടോർത്ത് പലരും ഇതൊന്നും പുറത്തുപറയുന്നില്ലെന്നു മാത്രം.
ആദ്യ തരംഗത്തെ അതിജീവിച്ച് മുന്നോട്ടുപോകാൻ ശ്രമിക്കുമ്പോഴായിരുന്നു വില്ലനെപ്പോലെ രണ്ടാംതരംഗമെത്തുന്നത്. ആദ്യവ്യാപന സമയത്ത് പല സിനിമ പ്രവര്‍ത്തകരും മറ്റ് ജോലികളിലേക്ക് ഇറങ്ങിയെങ്കിലും ഇത്തവണ അതിനും കഴിയാത്ത അവസ്ഥയാണ്. നിര്‍മാതാക്കളുടെയും ടെക്നീഷ്യന്മാരുടെയും അഭിനേതാക്കളുടെയുമൊക്കെ അവസ്ഥ കൂടുതല്‍ ദയനീയം. തിയറ്റർ ഉടമകളിൽ പലരും വൻ കടക്കെണിയിലായതോടെ ചിലർ തിരശ്ശീലകൾ കൈവിട്ടു. വലിയ തുക ലോണെടുത്തും മറ്റും ആരംഭിച്ച തിയറ്ററുകളും മള്‍ട്ടിപ്ലക്സുകളും എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ് ഭൂരിഭാഗം ഉടമകളും. നിര്‍മാതാക്കളുടെ കാര്യവും മറിച്ചല്ല. നിര്‍മിച്ച പല സിനിമകളും പെട്ടിയിലാണ്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ സമീപിച്ചാലും പ്രതിസന്ധിതന്നെ. ഒ.ടി.ടിയില്‍ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽതന്നെ ചിത്രത്തിെൻറ പ്രിൻറ് ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിലെത്തും.
സിനിമ മേഖലയെക്കാൾ പരിതാപകരമാണ് സീരിയൽ രംഗത്തെ സാങ്കേതിക പ്രവർത്തകരുടെയും അഭിനേതാക്കളുടെയും അവസ്ഥ. സാങ്കേതിക പ്രവർത്തകരിൽ ഭൂരിഭാഗവും 500 മുതൽ 700 രൂപ ദിവസക്കൂലിക്ക് കഷ്ടപ്പെടുന്നവരാണ്. അവരെയാണ് രണ്ടാംതരംഗം ഏറെ ബാധിച്ചത്. അഭിനേതാക്കളുടെ കാര്യവും വ്യത്യസ്തമല്ല. രണ്ടായിരം മുതല്‍ ആറായിരം വരെയൊക്കെയാണ് പ്രതിഫലം. സീനിയോറിറ്റിയുള്ള നടീനടന്മാര്ക്ക് ചിലപ്പോള്‍ അയ്യായിരമോ ആറായിരമോ കിട്ടും. സിനിമയുടെ ഗ്ലാമറും പോപ്പുലാരിറ്റിയും അവരുടെ ശമ്പളത്തില്‍ പ്രതിഫലിക്കും. ഷൂട്ടിങ്ങുകൾ ഇല്ലാതായതോടെ വാടകവീടുകളിൽനിന്നും ഫ്ലാറ്റുകളിൽനിന്നും ഇറങ്ങിക്കൊടുക്കേണ്ട അവസ്ഥയിലാണ് പലരും.
അനിശ്ചിതത്വം നിറഞ്ഞ ഫീല്‍ഡ്-സുരേഷ് ഉണ്ണിത്താൻ (മലയാളം ടെലിവിഷന്‍ ഫ്രറ്റേണിറ്റി ജനറല്‍ സെക്രട്ടറി)
കൃത്യമായി ശമ്പളം കിട്ടുമെന്നത് മാറ്റിനിര്‍ത്തിയാല്‍ അനിശ്ചിതത്വം നിറഞ്ഞ ഫീല്‍ഡാണിത്. ഞങ്ങളുടെ സംഘടനയില്‍തന്നെ, സംവിധായകരും എഴുത്തുകാരും നിര്‍മാതാക്കളും ക്യാമറമാന്മാരും മറ്റ് സാങ്കേതികപ്രവര്‍ത്തകരും അവരുടെ സഹായികളുമൊക്കെയായി അറുന്നൂറിനുമേല് അംഗങ്ങളുണ്ട്. ഇതില്‍ നൂറുപേര്പോലും സാമ്പത്തിക സുരക്ഷിതത്വം അനുഭവിക്കുന്നവരല്ല. സിനിമയിലുള്ളവരും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും അവര്‍ക്ക് പല ഭാഗങ്ങളില്‍നിന്നും സഹായം കിട്ടുന്നുണ്ട്. നിരവധി സംഘടനകളുണ്ടവിടെ. സീരിയല്‍ മേഖലയുടെ കാര്യമതല്ല. സീരിയല്‍ കലാകാരന്മാര്ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും സഹായം കിട്ടേണ്ടതുണ്ട്.
വലിയ ഗതികേടിലാണ് -പൂജപ്പുര രാധാകൃഷ്ണൻ (ആസോസിയേഷൻ ഓഫ് ടി.വി മീഡിയ ആർട്ടിസ്റ്റ്-ആത്മ സെക്രട്ടറി)
സീരിയൽ താരങ്ങളെല്ലാം മഹാരാജാക്കന്മാരെപ്പോലെ ജീവിക്കുന്നെന്നാണ് സമൂഹം കരുതുന്നത്. വലിയ ഗതികേടിലാണ്. ആദ്യ തരംഗത്തിൽ ഒരു ചെറിയ സഹായം സർക്കാറിൽനിന്ന് ഉണ്ടായിരുന്നു. രണ്ടാം തരംഗത്തിൽ സഹായം ഉണ്ടോയൊന്നുപോലും അറിയില്ല. ചിത്രീകരണത്തിന് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക മന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. ചിത്രീകരണവേളയിൽ മാസ്ക് ധരിക്കാൻ സാധിക്കാത്തതിനാൽ ടെലിവിഷൻ പ്രവർത്തകർക്ക് വാക്സിനേഷന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും നിവേദനം നൽകി. രണ്ട് മന്ത്രിമാരും അനുഭാവപൂർവം പരിഗണിക്കാമെന്ന മറുപടിയാണ് നൽകിയത്'
മാനസിക സമ്മർദം നിർമാതാക്കൾക്ക് -എം. രഞ്ജിത്ത് (സിനിമ-സീരിയിൽ നിർമാതാവ്)
ഓണക്കാലത്തെങ്കിലും തിയറ്ററുകൾ തുറക്കാമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ. 2020 മാർച്ചിൽ പൂർത്തിയായതടക്കം നിരവധി സിനിമകൾ റിലീസിനായി നിൽക്കുന്നുണ്ട്. 600 കോടി രൂപ മുതൽമുടക്കിൽ ചിത്രീകരിച്ച സിനിമകൾവരെ ഇക്കൂട്ടത്തിലൂണ്ട്. തിയറ്ററുകൾ തുറന്നാലും ജനം എത്തുമോയെന്ന ആശങ്കയുണ്ട്. കോവിഡിനെ പേടിച്ച് ആദ്യഘട്ടത്തിൽ അത്തരമൊരു തള്ളിക്കയറ്റമൊന്നും തിയറ്ററിലുണ്ടായില്ല. ബ്ലാക്ക് ഫംഗസും മൂന്നാം തരംഗവും ഭീഷണിയായി നിൽക്കുമ്പോൾ ഏറെ മാനസിക സമ്മർദമനുഭവിക്കുന്നവർ നിർമാതാക്കളാണ്
സർക്കാറിന്റെ സഹായസഹകരണവും പിന്തുണയും അത്യാവശ്യം -സുധീർ കരമന (നടൻ)
സ്ക്രീനിൽ കാണുന്നത് രണ്ടുപേരെയാണെങ്കിലും അതിന് പുറത്ത് 85 പേരോളം അധ്വാനിക്കുന്നുണ്ട്. ദിവസവേതനക്കാരെയാണ് ഈ ലോക്ഡൗൺ ഏറെ ബാധിച്ചത്. ആദ്യതരംഗത്തിൽ സിനിമ മേഖലയിലെ പല സംഘടനകളും താരങ്ങളും ഇവരെ സഹായിച്ചിരുന്നു. രണ്ടാംതരംഗത്തിൽ സഹായിച്ചവർപോലും സാമ്പത്തിക പ്രതിസന്ധിയിലായതോെട ഇവരുടെ ജീവിതം ആശങ്കയിലായി. തിയറ്റർ ഉടമകളും അവിടത്ത ജീവനക്കാരും എങ്ങനെ ജീവിക്കും. സങ്കൽപിക്കുന്നതിനെക്കാളും ഭീകരാവസ്ഥയിലാണ് കാര്യങ്ങൾ. സർക്കാറിന്റെ സഹായസഹകരണവും പിന്തുണയും ഉണ്ടെങ്കിലേ ഈ മേഖല മുന്നോട്ടുപോകൂ'
മുന്നോട്ടുള്ള ജീവിതം ആശങ്കയിൽ -ജിഷിൻ മോഹൻ (സീരിയൽ താരം)
സിനിമാ താരങ്ങളെപ്പോലെ വലിയ പ്രതിഫലം സീരിയൽ അഭിനേതാക്കൾക്ക് ലഭിക്കാറില്ല. ദിവസവേതനം എന്നുതന്നെ പറയാം. ഒരുമാസം ഷൂട്ടിന് പോയാൽ കിട്ടുന്ന വരുമാനം കൊണ്ടാണ് അടുത്തമാസത്തെ വാടക, ലോണിെൻറ തവണകൾ തുടങ്ങിയവയെല്ലാം അടഞ്ഞുപോകുന്നത്. നീക്കിയിരിപ്പുകൾ ഉണ്ടാകാറില്ല. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ മുന്നോട്ടുള്ള ജീവിതം എങ്ങനെയാകുമെന്ന ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.