പ്രചാരണത്തിൽ വ്യത്യസ്തത തേടി സ്ഥാനാർഥികൾ
text_fieldsആറ്റിങ്ങൽ
ലോക്സഭ തെരഞ്ഞെടുപ്പിൽ വ്യത്യസ്തമായ പ്രചാരണ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ കക്ഷികൾ ശ്രദ്ധേയൂന്നുന്നു. ഓരോ മുന്നണികളും തങ്ങളുടെ സ്ഥാനാർഥികൾക്കായി പ്രത്യേക ക്യാമ്പയിനുകളാണ് ആസൂത്രണം ചെയ്യുന്നത്. യുവാക്കൾ, സ്ത്രീകൾ, തൊഴിലാളികൾ, വിദ്യാർഥികൾ തുടങ്ങി പ്രത്യേകവിഭാഗമാക്കി നേരിൽ കാണുന്നതിനും അവരോട് സംവദിക്കുന്നതിനുമാണ് അവസരം ഒരുക്കുന്നത്. സാധാരണ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഒപ്പമാണ് ഇത്തരം പ്രത്യേക ക്യാമ്പയിനുകളും രാഷ്ട്രീയ പാർട്ടികൾ നടപ്പാക്കുന്നത്. ഇതിലുപരിയായി ഡിജിറ്റൽ പ്രചരണ രംഗത്താണ് ഏറ്റവും കൂടുതൽ പരീക്ഷണങ്ങളും വ്യത്യസ്ത പ്രചാരണങ്ങളും നടക്കുന്നത്.
എൽ.ഡി.എഫ് അവരുടെ നവമാധ്യമ കൂട്ടായ്മകൾ വഴിയും യു.ഡി.എഫ് പ്രവർത്തകർ നേരിട്ടും എൻ.ഡി.എ പൊതുസ്വഭാവത്തിൽ രൂപവത്കരിച്ചിട്ടുള്ള സോഷ്യൽ മീഡിയ കൂട്ടായ്മകളിലൂടെയുമാണ് പ്രചാരണങ്ങൾ നടത്തുന്നത്.
യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് തിങ്കളാഴ്ച പുലർച്ചെ ചാനൽ അഭിമുഖത്തോടുകൂടിയാണ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്. ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെത്തി ഭക്തജനങ്ങളെ കാണുകയും വോട്ട് അഭ്യർഥിക്കുകയും ചെയ്തു. ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ ചെമ്പൂര്, അയിലം, ചെക്കാല വിളാകം, അഞ്ചുതെങ്ങ് എന്നീ പ്രധാന കവലകളിലെത്തി വോട്ട് തേടി. മണനാക്ക് ജുമാ മസ്ജിദിൽ ഇഫ്താർ സമയത്ത് എത്തുകയും വിശ്വാസികളോട് വോട്ട് അഭ്യർഥിക്കുകയും ചെയ്തു. ചൊവ്വാഴ്ച വാമനപുരം നിയോജകമണ്ഡലത്തിൽ പര്യടനം നടത്തും.
എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയ് തിങ്കളാഴ്ച സ്വകാര്യ സന്ദർശനങ്ങൾക്കാണ് കൂടുതൽ സമയം ചെലവഴിച്ചത്. സമുദായ സംഘടന നേതാക്കൾ വോട്ട് സ്വാധീനിക്കാൻ കഴിയുന്ന വ്യക്തികൾ, മത്സര രംഗത്ത് ഇല്ലാത്ത ചെറു രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികൾ എന്നിവരെ സന്ദർശിച്ചു.
വൈകീട്ട് ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ പ്രധാന കവലകളിലെത്തി വോട്ടർമാരെ കണ്ടു. ഇഫ്താർ സംഗമത്തിലും പങ്കെടുത്തു. നാമ നിർദേശപത്രിക സമർപ്പണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ഇടപെടുവാനും സമയം കണ്ടെത്തി. ചൊവ്വാഴ്ച വാമനപുരം നിയോജക മണ്ഡലത്തിൽ വാഹന പര്യടനം പുനരാരംഭിക്കും.
എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ കൺവെൻഷനുകൾ ജനകീയ സമര കേന്ദ്രങ്ങൾ, കടലാക്രമണ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ചു. ടാർ പ്ലാൻറ് മൂലം ദുരിതം അനുഭവിക്കുന്ന നെല്ലനാട്ടെ സമര കേന്ദ്രത്തിൽനിന്നുമാണ് തിങ്കളാഴ്ച പര്യടനം ആരംഭിച്ചത്. സ്ത്രീകളും വൃദ്ധരും അടങ്ങുന്ന വലിയ സംഘം സമരപ്പന്തലിൽ ഉണ്ടായിരുന്നു. ഇവരോട് കാര്യങ്ങൾ ചോദിച്ചറിയുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
തുടർന്ന് കൺവെൻഷനുകൾ, വെള്ളനാട് ക്ഷേത്രം എന്നിവിടങ്ങളിൽ പങ്കെടുത്തു. രാത്രിയോടെ കടലാക്രമം നടക്കുന്ന അഞ്ചുതെങ്ങ് തീരത്ത് എത്തുകയും ദുരിതബാധിതരെ സന്ദർശിക്കുകയും ചെയ്തു.
തിരുവനന്തപുരം
കടൽക്ഷോഭം ബാധിച്ച മേഖലകളിൽ ജനങ്ങളെ നേരിൽ കണ്ടും വികസന വിഷയങ്ങൾ ചർച്ചയാക്കിയും സ്ഥാനാർഥികൾ. കടൽക്ഷോഭം നേരിടുന്ന പൂവാർ, കരംകുളം തീരപ്രദേശ മേഖലകളിലാണ് യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ എത്തിയത്. കള്ളക്കടൽ തീരദേശവാസികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാരം നൽകണമെന്നതായിരുന്നു തരൂരിന്റെ ആവശ്യം.
ഇടതു സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ രാവിലെ എട്ടിന് പാറ്റൂരിലെ കെ.ഇ. മാമ്മന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന്, പേരൂർക്കടയിലെ ഹിന്ദുസ്ഥാൻ ലാറ്റക്സിലെത്തി തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയാണ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്. തുടർന്ന്, വഞ്ചിയൂർ കോടതിയിൽ അഭിഭാഷകരോട് വോട്ട് അഭ്യർഥിച്ചു. ഉച്ചക്ക് പാപ്പനംകോട് സി.എസ്.ഐ.ആർ റിക്രിയേഷൻ ക്ലബിന്റെ സ്വീകരണ പരിപാടിയിലും പങ്കെടുത്തു. പന്ന്യൻ ചൊവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11ന് കലക്ടറേറ്റിൽ മുഖ്യ വരണാധികാരിക്കുമുന്നിലാണ് പത്രിക സമർപ്പിക്കുന്നത്. പത്രിക സമർപ്പണത്തിന് മുന്നോടിയായി നിയമസഭയിലെ ഇ.എം.എസ് പ്രതിമ, പട്ടത്തെ എം.എൻ പ്രതിമ, പാളയം രക്തസാക്ഷി മണ്ഡപം, സ്വദേശാഭിമാനി പ്രതിമ, ശ്രീനാരായണ ഗുരുവിന്റെ പ്രതിമ, അയ്യങ്കാളി പ്രതിമ എന്നിവിടങ്ങളിൽ പുഷ്പാർച്ചന നടത്തും. തുടർന്ന്, കുടപ്പനക്കുന്ന് ജങ്ഷനിൽനിന്ന് പ്രകടനമായി കലക്ടറേറ്റിലെത്തിയാണ് പത്രിക നൽകുക.
ഇടതു സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ചൊവ്വാഴ്ച മണ്ഡലത്തിലെ വിവിധ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ പങ്കെടുക്കും.
എൻ.ഡി.എ സ്ഥാനാർഥിയും പ്രചാരണ രംഗത്ത് സജീവമാണ്. രാവിലെ കഴക്കൂട്ടം മേഖലയിലായിരുന്നു സന്ദർശന പരിപാടികൾ. വൈകീട്ട് വട്ടിയൂർക്കാവിലും. പൂവാറിലെ കടലാക്രമണം കാലാകാലമായി ഇടത്-വലത് ഭരണകൂടങ്ങളും ജനപ്രതിനിധികളും ഈ മേഖലയിലെ ജനങ്ങളോട് കാട്ടിവരുന്ന അവഗണനയുടെ ഭാഗമെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം. ശാശ്വതമായ പരിഹാരം കാണുന്നതിന് തീരദേശ ജനതക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.