കോവളത്തെ തിരയിളക്കം ആർക്കൊപ്പം?
text_fieldsകോവളം: തീരദേശവോട്ടുകൾ നിർണായകമാകുന്ന കോവളം നിയോജക മണ്ഡലത്തിൽ വിഴിഞ്ഞവും തീരജീവിതങ്ങളും പ്രശ്നവുമെല്ലാം സജീവ ചർച്ചയാണ്. കഴിഞ്ഞ നിയമസഭ െതരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ തന്നെ യു.ഡി.എഫിനൊപ്പം കൂടിയ ഏക മണ്ഡലം കൂടിയാണിത്. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തെ സംബന്ധിച്ച് സ്ഥാനാർഥികളുടെ വിജയപരാജയങ്ങളെ നിർണയിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്നാണ് തീരദേശ വോട്ടുകൾ. ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ് വിഴിഞ്ഞം തുറമുഖം. തീരജീവിതങ്ങൾ വിഷയത്തെ എങ്ങനെ സമീപിക്കുന്നുമെന്നത് അക്ഷരാർഥത്തിൽ നിർണായകം. കോൺഗ്രസ് ഒന്നടങ്കം തീരദേശവാസികളുടെ സമരത്തിനൊപ്പമായിരുന്നപ്പോൾ ശശി തരൂർ മറിച്ചൊരു നിലപാടിലായിരുന്നു. വിഴിഞ്ഞത്തിനെതിരായ സമരം സർക്കാറിനെതിരെയായിരുന്നതിനാൽ ഇടതുപക്ഷമായിരുന്നു മറുഭാഗത്ത്.
വിഴിഞ്ഞം തുറമുഖത്തെ അനുകൂലിച്ചും തീരദേശവാസികളുടെ പ്രക്ഷോഭത്തെ എതിർത്തും നടന്ന ബദൽസമരത്തിന്റെ മുൻനിരയിലായിരുന്നു ബി.ജെ.പി. അതേസമയം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസന സാധ്യതകൾ മുൻനിർത്തിയുള്ള ചർച്ചയും സജീവമാണ്. തീരവോട്ടുകളിൽ കണ്ണുവെച്ച് മൂന്ന് മുന്നണികളും സജീവപ്രചാരണത്തിലാണ്. വിഴിഞ്ഞത്തിനുപുറമേ തീരവാസികൾക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ നിരത്തിയും ഇനി ചെയ്യാനുദ്ദേശിക്കുന്നവ പ്രഖ്യാപിച്ചുമെല്ലാമാണ് പ്രചാരണം.
1965ൽ രൂപം കൊണ്ട കോവളം നിയോജക മണ്ഡലത്തിൽ ജാതി-മത സമവാക്യങ്ങളും ന്യൂനപക്ഷ വോട്ടുകളും ജയപരാജയത്തിന്റെ ഗതി സ്വാധീനിക്കുന്ന നിർണായക ഘടകങ്ങളാണ്. 1991ൽ 21വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഡോ.എ. നീലലോഹിതദാസ് തെരഞ്ഞെടുക്കപ്പെട്ടത് ഹൈകോടതി അസാധുവാക്കുകയും കോൺഗ്രസിലെ ജോർജ് മസ്ക്രീനെ വിജയിയായി പ്രഖ്യാപിച്ചതും കോവളത്തിന്റെ രാഷ്ട്രീയചരിത്രത്തിന്റെ ഭാഗമാണ്. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ ഉൾപ്പെടുന്ന ബാലരാമപുരം, കല്ലിയൂർ, വെങ്ങാനൂർ, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാൽ, പൂവാർ പഞ്ചായത്തുകളും തിരുവനന്തപുരം നഗരസഭയിലെ വെങ്ങാനൂർ, മുല്ലൂർ, കോട്ടപ്പുറം, വിഴിഞ്ഞം, ഹാർബർ വാർഡുകളും ഉൾക്കൊള്ളുന്നതാണ് കോവളം മണ്ഡലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.