വലിയ അവകാശവാദങ്ങളില്ല, തിരുവനന്തപുരത്ത് കഷ്ടിച്ച് കടന്നുകൂടി
text_fieldsതിരുവനന്തപുരം: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കഷ്ടിച്ച് കടന്നുകൂടിയതിന്റെ ആശ്വാസത്തിലാണ് ശശി തരൂരും യു.ഡി.എഫ് ക്യാമ്പും. വലിയ അവകാശവാദങ്ങളില്ല, നന്നായി വിയർത്തതിനും വെള്ളം കുടിച്ചതിനും എന്താണ് കാരണമെന്നറിയാൻ വലിയ അന്വേഷണത്തിന്റെ ആവശ്യമില്ല. എങ്കിലും കനത്ത പോരാട്ടം കാഴ്ചവെച്ചാണ് എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ തരൂർ മുട്ടുകുത്തിച്ചത്. വിഴിഞ്ഞം വിഷയത്തിലടക്കം തീരവാസികളുടെ സമരത്തെ തള്ളിപ്പറഞ്ഞ തരൂരിനെ പക്ഷേ, തീരജനത തള്ളിപ്പറഞ്ഞില്ലെന്നത് ജനവിധി അടിവരയിടുന്നു. ഫലസ്തീൻ വിഷയത്തിലെ കോൺഗ്രസ് നിലപാടിന് വിരുദ്ധ നിലപാടാണ് തരൂർ അവസാനം വരെ ആവർത്തിച്ചതെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങളും കൈയ്യൊഴിഞ്ഞില്ല.
തരൂരിന്റെ പല നിലപാടുകളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും ദേശീയ സാഹചര്യം മുൻനിർത്തി മുസ്ലിം വോട്ടും കോൺഗ്രസിനൊപ്പമായിരുന്നു. ഭരണവിരുദ്ധവികാരവും മണിപ്പൂരടക്കം വിഷയങ്ങളും ലത്തീൻ അതിരൂപതയുടെ തെരഞ്ഞെടുപ്പ് നിലപാടും വോട്ടൊഴുക്കിനെ സ്വാധീനിച്ചെന്നതും വ്യക്തം. അടിയുറച്ച രാഷ്ട്രീയ വോട്ടുകൾക്ക് പുറമേയുള്ള നായർ വോട്ടുകൾ തരൂരിനും രാജീവിനുമായി വീതംവെച്ചു. പ്രതീക്ഷിച്ചതു പോലെ നാടാർ വോട്ടുകൾ നല്ലൊരു വിഹിതം തരൂരിന് കിട്ടിയിട്ടുണ്ട്. മൂന്നു തവണ എം.പിയായതിനെതുടർന്ന് സ്വഭാവിക എതിർവികാരങ്ങൾ നന്നായി ശശി തരൂരിനുണ്ടായിരുന്നു. ഇത് വോട്ടിനെ സ്വാധീനിച്ചിട്ടുണ്ട് എന്ന് ഫലം വ്യക്തമാക്കുന്നു.
കഴിഞ്ഞവട്ടം ബി.ജെ.പിയുടെ കുമ്മനം രാജശേഖരനോട് 99,989 വോട്ടിനായിരുന്നു തരൂരിന്റെ വിജയമെങ്കിൽ ഇക്കുറി രാജീവ് ചന്ദ്രശേഖറിനോടുള്ള മാർജിൻ 16,077 വോട്ടിന്റേത് മാത്രമാണ്. രാജീവ് ചന്ദ്രശേഖർ സ്വന്തമാക്കിയത് തപാൽ വോട്ടുകൾ ഉൾപ്പെടെ 3,42,078 വോട്ടുകളാണ്. 2019 ൽ കുമ്മനം രാജശേഖരൻ നേടിയതിനെക്കാൾ (3,13,925) വോട്ടുനില മെച്ചപ്പെടുത്താൻ രാജീവിനായി. വോട്ടെണ്ണലിന്റെ അവസാന റൗണ്ട് വരെ രാജീവ് ചന്ദ്രശേഖർ ലീഡ് ഉയർത്തിക്കൊണ്ടിരുന്നു.
കോർപറേഷൻ പരിധിയിൽ ഇടതിന് കാലിടറി
ഇടതുഭരണമുള്ള കോർപറേഷൻ ഉൾപ്പെടുന്ന മേഖലയിൽ മികവ് നിലനിർത്താൻ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. കഴക്കൂട്ടം, വട്ടിയൂർകാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങൾ പൂർണമായും കോവളം മണ്ഡലത്തിലെ അഞ്ചു വാർഡുകളും ഉൾപ്പെടുന്നതാണ് തിരുവനന്തപുരം കോർപറേഷൻ. ഇതിൽ തിരുവനന്തപുരം, കോവളം മണ്ഡലങ്ങൾ യു.ഡി.എഫനൊപ്പം നിലയുറപ്പിച്ചു. ഇടതു ഘടകകക്ഷി പ്രതിനിധിയും മുൻമന്ത്രിയുമായ ആന്റണി രാജുവാണ് തിരുവനന്തപുരത്തെ നിയമസഭയിൽ പ്രതിനീധീകരിക്കുന്നത്. എങ്കിലും രണ്ടാമത് പോലും ഇവിടെ ഓടിയെത്താൻ എൽ.ഡി.എഫിനായില്ല. തിരുവനന്തപുരത്തും ഒപ്പം നിയമസഭയിൽ കോൺഗ്രസിനൊപ്പമുള്ള കോവളത്തും രണ്ടാമതെത്തിയത് എൻ.ഡി.എയാണ്.
ഇടത് എം.എൽ.എമാരുള്ള വട്ടിയൂർകാവ്, കഴക്കൂട്ടം, നേമം മണ്ഡലങ്ങൾ ബി.ജെ.പിക്കൊപ്പമാണ്. 24 വാർഡുകളുള്ള വട്ടിയൂർകാവിൽ 12 വാർഡുകളാണ് ഇടതുപക്ഷത്തിനൊപ്പമുള്ളത്. എങ്കിലും 8162 വോട്ടിന് ബി.ജെ.പിക്കാണ് ലീഡ്. 15 വാർഡുകൾ ഇടതിനൊപ്പമുള്ള കഴക്കൂട്ടത്ത് 10842 വോട്ട് ലീഡ് നേടി ബി.ജെ.പി മുന്നിലെത്തി. നേമത്ത് 22126 വോട്ടുകളാണ് ബി.ജെ.പിക്ക് ലീഡുള്ളത്.
മണ്ഡല ബലാബലം മാറിമറിഞ്ഞു
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപരും മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ നേമം ഒഴികെ മറ്റെല്ലായിടത്തും യു.ഡി.എഫിനായിരുന്നു ലീഡ്. 2021 ൽ കോവളമൊഴികെ എല്ലാം ഇടതു മുന്നണി സ്വന്തമാക്കിയിരുന്നു. നാല് മണ്ഡലങ്ങൾ യു.ഡി.എഫിനൊപ്പവും മൂന്ന് മണ്ഡലങ്ങൾ ബി.ജെ.പിക്കൊപ്പവും.
തിരുവനന്തപുരത്തിനും കോവളത്തിനും പുറമേ പാറശ്ശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളും തരൂരിനെ തുണച്ചു. 2019 ൽ കോവളം നൽകിയ 31,171 വോട്ടിന്റെയും പാറശ്ശാലയിൽ നിന്നുള്ള 22,022 വോട്ടിന്റെയും പിൻബലത്തിലായിരുന്നു 99,989 വോട്ടിന്റെ ലീഡ് തരൂർ തിരുവനനന്തപുരത്ത് സ്വന്തമാക്കിയത്. എന്നാൽ ഇക്കുറി കോവളത്തെ ലീഡ് 16,666 ഉം പാറശ്ശാലയിലേത് 13,069 ഉം ആയി കുറഞ്ഞു.
കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ തീരദേശത്തേക്ക് കടന്നുകയറാൻ ബി.ജെ.പി നീക്കം നടത്തിയിരുന്നു. എന്നാൽ, തരൂരിന്റെ വ്യക്തിപ്രഭാവത്തിനും മണ്ഡലത്തിലുള്ള സ്വാധീനത്തിനും മുന്നിൽ അതിന് സാധിച്ചില്ല. പാർലമെന്റിൽ തീരദേശവാസികൾക്കായി ശബ്ദമുയർത്തിയത് ഉയർത്തിപ്പിടിച്ചായിരുന്നു തരൂരിന്റെ പര്യടനം.
വികസനരാഷ്ട്രീയം പറഞ്ഞാണ് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്. ഇളക്കിമറിഞ്ഞുള്ള പ്രചാരണ രീതി വേണ്ടെന്നും ബൂത്തുകൾ കേന്ദ്രീകരിച്ചുളള പ്രവർത്തനമാണ് വേണ്ടതെന്നുമുള്ള ആർ.എസ്.എസ് പ്രപ്പോസലുകളെ രാജീവ് പരിഗണിച്ചിരുന്നില്ല. ഇതോടെ ആർ.എസ്.എസ് അതൃപ്തിയിലായിരുന്നുവെന്ന വിവരവുമുണ്ട്.
പന്ന്യന് കഴിഞ്ഞതവണത്തെ വോട്ട് ലഭിച്ചില്ല
സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സംഘടനാ ശേഷി പൂർണമായും വിനിയോഗിച്ചും ഇടതു സ്ഥാനാർഥിക്ക് കഴിഞ്ഞവട്ടം കിട്ടിയ വോട്ട് നേടാനായില്ല എന്നതാണ് മറ്റൊരു കാര്യം. കഴിഞ്ഞ രണ്ടുതവണയും മൂന്നാംസ്ഥാനത്തായതിന്റെ ക്ഷീണം മാറ്റാനാണ് പന്ന്യൻ രവീന്ദ്രനെപ്പോലൊരു മുതിർന്ന നേതാവിനെ ഇടതു ക്യാമ്പ് നിയോഗിച്ചത്. 2019-ൽ സി. ദിവാകരൻ 2,58,566 വോട്ട് നേടിയപ്പോൾ പന്ന്യൻ രവീന്ദ്രൻ 2,47,648 വോട്ടാണ് നേടിയത്.
2009 ൽ സി.പി.ഐയുടെ പി. രാമചന്ദ്രൻ നായർ ശശിതരൂരിനോട് തോറ്റെങ്കിലും രണ്ടാം സ്ഥാനത്തായിരുന്നു. 2014 മുതലാണ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. മണ്ഡലം ഏറ്റവും ഒടുവിൽ ഇടതുപക്ഷത്തേക്ക് ചേർത്തത് 2005 ൽ പന്ന്യൻ രവീന്ദ്രനായിരുന്നുവെങ്കിലും ആ ആത്മവിശ്വാസം ഇക്കുറി പക്ഷേ തുണച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.