തിരുവനന്തപുരത്ത് ചാഞ്ഞും ചരിഞ്ഞും മണ്ഡലക്കാറ്റ്
text_fieldsതിരുവനന്തപുരം: നഗരവും തീരവും ഉൾപ്പെടുന്ന തിരുവനന്തപുരം നിയോജകണ്ഡലം ലോക്സഭ പോരിൽ മുന്നണികൾക്ക് നെഞ്ചിടിപ്പേകുന്ന രാഷ്ട്രീയ പാരമ്പര്യമാണ് കാത്തുസൂക്ഷിക്കുന്നത്. വിഴിഞ്ഞം തുറുമുഖം മറ്റൊരു മണ്ഡലത്തിലാണെങ്കിലും അലയൊലികൾ അതിശക്തമായി മുഴങ്ങിയത് തലസ്ഥാനത്തായിരുന്നു. മുന്നണികൾ എത്ര തന്നെ മറച്ചുവെക്കാൻ ശ്രമിച്ചാലും തലസ്ഥാനമണ്ഡലത്തിൽ വിഴിഞ്ഞം വലിയ ചർച്ചയാണ് ഇക്കുറി തെരഞ്ഞെടുപ്പിൽ. കോൺഗ്രസ് ഒന്നടക്കം തീരദേശവാസികളുടെ സമരത്തിനൊപ്പമായിരുന്നെങ്കിലും ശശി തരൂർ മറിച്ചൊരു നിലപാടാണ് സ്വീകരിച്ചത്. സമരം സർക്കാറിനെതിരെയായിരുന്നതിനാൽ ഇടതുപക്ഷമായിരുന്നു മറുഭാഗത്ത്. വിഴിഞ്ഞം തുറമുഖത്തെ അനുകൂലിച്ചും തീരദേശവാസികളുടെ പ്രക്ഷോഭത്തെ എതിർത്തും നടന്ന ബദൽ സമരത്തിന്റെ മുൻനിരയിലായിരുന്നു ബി.ജെ.പി. ഇത്തരത്തിൽ എല്ലാവശവും മൂർച്ചയുള്ള വാള് പോലെയാണ് വിഴിഞ്ഞം. തിരുവനന്തപുരം മണ്ഡലത്തിലെ തീരജീവിതങ്ങൾ വിഷയത്തെ എങ്ങനെ സമീപിക്കുന്നുമെന്നത് നിർണാകയം തന്നെ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും താഴേത്തട്ടിലേക്ക് അത് എങ്ങനെയെത്തുമെന്നത് സുപ്രധാനം.
സ്മാർട്ട് സിറ്റി പദ്ധതിയുടെ പേരിൽ പൊളിച്ചിട്ട റോഡുകൾ തട്ടിക്കൂട്ടി ഗതാഗത യോഗ്യമാക്കിയിട്ടുണ്ടെങ്കിലും അതിന്റെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ഒരുവിധം ഒപ്പിച്ചെന്ന് മാത്രം. തലസ്ഥാനത്തെ റോഡുകളെല്ലാം ഒരേസമയം പൊളിച്ചിട്ടത് നഗരവാസികളെ ചെറുതല്ലാതെ വെള്ളം കുടിപ്പിച്ചു. ഇപ്പോൾ വണ്ടികൾ ഓടിത്തുടങ്ങിയിട്ടുണ്ടെങ്കിലും കടുത്ത വേനലിൽ നഗരവാസികൾ അനുഭവിച്ച ശ്വാസംമുട്ടിലിന്റെ ആഘാതം ഇനിയും മറക്കാറായിട്ടില്ല.
സെക്രട്ടേറിയറ്റടക്കം സുപ്രധാന സർക്കാർ ഓഫിസുകളെല്ലാം സ്ഥിതിചെയ്യുന്ന മണ്ഡലമാണ് തിരുവനന്തപുരം. അതുകൊണ്ട് മണ്ഡല നിവാസികളിൽ നല്ലൊരു ശതമാനം സർക്കാർ ജീവനക്കാരാണ്. ഫലത്തിൽ സർക്കാർ ജീവനക്കാരുടെ സേവന -വേതന വിഷയങ്ങളും തെരഞ്ഞെടുപ്പിനെയും വോട്ടിനെയും സ്വാധീനിക്കുമെന്നതിൽ തർക്കമില്ല.
ജാതി-മത സമവാക്യങ്ങളും സമുദായങ്ങളുടെയും സ്വാധീനവുമെല്ലാം നിർണായകമാണ് മണ്ഡലത്തിൽ. നിലവിൽ ഇടതുപ്രതിനിധിയായ ആൻറണി രാജുവാണ് മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. രണ്ടര വർഷക്കാലം ഇദ്ദേഹം മന്ത്രിയുമായിരുന്നു. ഇതര മണ്ഡലങ്ങളെ അപേക്ഷിച്ച് സമകാലിക രാഷ്ട്രീയ സംഭവങ്ങൾ- അത് കേരളത്തിലേതായാലും ദേശീയ രാഷ്ട്രീയത്തിലേതായാലും ഇവിടെ വലിയ ചർച്ചകൾക്ക് വിധേയമാകാറുണ്ട്.
പഴയ തിരുവനന്തപുരം ഈസ്റ്റ്, വെസ്റ്റ് മണ്ഡലങ്ങളുടെ ഭൂരിഭാഗം ഭാഗങ്ങൾ കൂട്ടിച്ചേർത്ത് രൂപവത്കരിച്ച മണ്ഡലമാണ് തിരുവനന്തപുരം. മണ്ഡല പുനർനിർണയത്തിനുശേഷം നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ 5352 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർഥി വി.എസ്. ശിവകുമാർ വിജയിച്ചത്. 49122 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. എതിർസ്ഥാനാർഥിയായിരുന്ന ഇടതുമുന്നണിയിലെ വി. സുരേന്ദ്രൻ പിള്ളക്ക് 43770 വോട്ടും ബി.ജെ.പി സ്ഥാനാർഥി ബി.കെ. ശേഖറിന് 11519 വോട്ടും ലഭിച്ചു. 2016ലും ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ 10905 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വി.എസ്. ശിവകുമാറിന് തന്നെയായിരുന്നു വിജയം. 46474 വോട്ട് അദ്ദേഹത്തിന് ലഭിച്ചപ്പോൾ ഇടതുമുന്നണിയിലെ ആൻറണി രാജുവിന് 35569 വോട്ടും ബി.ജെ.പി സ്ഥാനാർഥി ശ്രീശാന്തിന് 34764 വോട്ടും ലഭിച്ചു. 2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും തിരുവനന്തപുരം മണ്ഡലം യു.ഡി.എഫിനൊപ്പമാണ് നിന്നത്. യു.ഡി.എഫിലെ ശശി തരൂരിന് ഇവിടെമാത്രം 14200 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽനിന്ന് വ്യത്യസ്തമായി എൽ.ഡി.എഫിനെ കഴിഞ്ഞ ലോക്സഭയിൽ പിന്തള്ളി ബി.ജെ.പി രണ്ടാമത് എത്തുകയും ചെയ്തു. ഇക്കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ബഹുഭൂരിപക്ഷം വാർഡുകളും എൽ.ഡി.എഫിനെ പിന്തുണച്ചു. തിരുവനന്തപുരം കോർപറേഷനിലെ 26 മുതൽ 30 വരെയുള്ള വാർഡുകളും 40 മുതൽ 47വരെയും 59-60, 69 മുതൽ 75വരെയും 77, 78, 80 വാർഡുകളുമാണ് മണ്ഡലത്തിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആകെയുള്ള 28 വാർഡുകളിൽ 17 എണ്ണം എൽ.ഡി.എഫ് സ്വന്തമാക്കി. ഏഴെണ്ണം ബി.ജെ.പിക്കൊപ്പമാണ്. മൂന്ന് വാർഡുകൾ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. ഒരിടത്ത് സ്വതന്ത്രനാണ് വിജയം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കായിരുന്നു വിജയം. മണ്ഡല പുനർനിർണയത്തിന് മുമ്പ് തിരുവനന്തപുരം വെസ്റ്റിൽ 2006ൽ എൽ.ഡി.എഫിലെ വി. സുരേന്ദ്രൻ പിള്ള 13193 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2001ൽ യു.ഡി.എഫ് സ്ഥാനാർഥി എം.വി. രാഘവൻ 8381 വോട്ടുകൾക്ക് വിജയിച്ചു. 1996ൽ എൽ.ഡി.എഫ് സ്ഥാനാർഥി ആൻറണി രാജു 6894 വോട്ടിനും നിയമസഭയിലെത്തി. തിരുവനന്തപുരം ഈസ്റ്റും എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി വിജയിച്ച ചരിത്രമാണുള്ളത്. 2006ൽ 2276 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടി വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.