ലോക്സഭ തെരഞ്ഞെടുപ്പ്; ജില്ലയിൽ 27,77,108 വോട്ടർമാർ, 2730 പോളിങ് സ്റ്റേഷനുകൾ
text_fieldsതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വോട്ടവകാശമുള്ളത് 27,77,108 പേർക്ക്. ഇതിൽ 14,59,339 സ്ത്രീകളും 13,17,709 പുരുഷന്മാരും 60 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഭിന്നശേഷി വോട്ടർമാരുടെ എണ്ണത്തിൽ മൂന്ന് ഇരട്ടിയിലധികം വർധനയാണുള്ളത്, 25,363. 85ന് മുകളിൽ പ്രായമായ 31,534 പേരും 23,039 യുവാക്കളും വോട്ടർപട്ടികയിലുണ്ട്. സർവിസ് വോട്ടർമാരുടെ എണ്ണം 8,422 ആണ്.
ജില്ലയിൽ 2,730 പോളിങ് സ്റ്റേഷനുകളാണുള്ളത്. കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിൻകര നിയമസഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്.
വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയോജക മണ്ഡലങ്ങൾ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു.
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ 1,307 പോളിങ് സ്റ്റേഷനുകളും ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ 1,423 പോളിങ് സ്റ്റേഷനുകളുമുണ്ട്.
മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി 127 സ്ക്വാഡുകളാണ് ജില്ലയിൽ രൂപവത്കരിച്ചത്. 42 സ്റ്റാറ്റിക് സർവൈലൻസ് ടീം, 42 ൈഫ്ലയിങ് സ്ക്വാഡ്, 15 ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ്, 14 വിഡിയോ സർവൈലൻസ് ടീം ഉൾപ്പെടെ 113 സ്ക്വാഡുകൾ ഫീൽഡിൽ പ്രവർത്തിക്കും. ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി 14 വിഡിയോ വ്യൂവിങ് ടീമും പ്രവർത്തിക്കുന്നുണ്ട്. ഓഫിസുകളിലും പരിസരപ്രദേശങ്ങളിലുമുള്ള സംഘടനകളുടെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും നീക്കം ചെയ്യുന്നതിന് നിർദേശം നൽകി.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ 127 സ്ക്വാഡുകൾ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ആവശ്യമെങ്കിൽ തപാൽ വോട്ട് ചെയ്യാൻ സൗകര്യമുണ്ടായിരിക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ ജെറോമിക് ജോർജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ സ്ക്വാഡുകൾ പ്രവർത്തനമാരംഭിച്ചു.
മാതൃകാ പെരുമാറ്റച്ചട്ടം ജൂൺ ആറു വരെ തുടരും. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 28ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ നാല് ആണ്. സൂക്ഷ്മ പരിശോധ ഏപ്രിൽ അഞ്ചിന് നടക്കും. നാമനിർദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ എട്ട്.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ വരണാധികാരി കലക്ടറാണ്. അഡീഷനൽ ജില്ല മജിസ്ട്രേറ്റ് സി. പ്രേംജിയാണ് ആറ്റിങ്ങൽ മണ്ഡലത്തിന്റെ വരണാധികാരി.
1,500 വോട്ടർമാരാണ് ഒരു പോളിങ് സ്റ്റേഷനിൽ ഉൾപ്പെടുന്നത്. 1,500ൽ അധികം വോട്ടർമാർ വരുന്ന ബൂത്തുകളിൽ ഓക്സിലറി പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജനങ്ങൾക്ക് സി-വിജിൽ ആപിലൂടെ അറിയിക്കാം. 100 മിനിറ്റിനുള്ളിൽ പരാതികൾക്ക് പരിഹാരമുണ്ടാകും. സി-വിജിൽ ആപ് മുഖേന ഏറ്റവും അധികം പരാതികൾ തീർപ്പാക്കിയ ജില്ല തിരുവനന്തപുരമാണ്.
അഡീഷനൽ ജില്ല മജിസ്ട്രേറ്റ് സി. പ്രേംജി, സ്വീപ് നോഡൽ ഓഫിസറായ അസി. കലക്ടർ അഖിൽ വി. മേനോൻ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ആർ. സുധീഷ്, തദ്ദേശസ്വയം ഭരണവകുപ്പ് ജോ. ഡയറക്ടർ ബിനുൻ വഹീദ്, ഫിനാൻസ് ഓഫിസർ എൽ. ശ്രീലത എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.