തിരുവനന്തപുരം: തലപുകച്ച് മുന്നണികൾ
text_fieldsതിരുവനന്തപുരം: ത്രികോണപ്പോരിൽ തീപിടിച്ച തിരുവനന്തപുരം മണ്ഡലത്തിൽ വോട്ടിങ് ശതമാനത്തിലെ കുറവ് ആരെ പിന്തുണക്കുമെന്നതിൽ തലപുകയ്ക്കുകയാണ് മുന്നണികൾ. 2019ലെ 73.45 ശതമാനം പോളിങ് ഇക്കുറി 66.46 ശതമാനമായാണ് കുറഞ്ഞത്. 6.99 ശതമാനത്തിന്റെ കുറവ്. ദേശീയ, പ്രാദേശിക വിഷയങ്ങളിൽ ശക്തമായ പ്രചാരണം നടന്ന തിരുവനന്തപുരത്ത് പോളിങ്ങിലെ കുറവ് പലവിധ സാധ്യതകളിലേക്കാണ് വഴിതുറക്കുന്നത്.
രണ്ടാംഘട്ടം പിന്നിടും വരെ ത്രികോണ മത്സരച്ചിത്രമായിരുന്നെങ്കിൽ അവസാനത്തിലേക്ക് കടന്നതോടെ യു.ഡി.എഫും എൻ.ഡി.എയും എന്ന നിലയിലേക്ക് മത്സരം ചുവടുമാറിയിരുന്നു. ഇത് ഏതെങ്കിലും തരത്തിൽ വോട്ടൊഴിക്കിനെ സ്വാധീനിച്ചിട്ടുണ്ടോ എന്ന ചർച്ചകൾ സജീവമാണ്. ബി.ജെ.പി വിരുദ്ധ ചേരിയിലുള്ള നല്ലൊരു ശതമാനം മതേതര വോട്ടുകൾ മണ്ഡലത്തിലുണ്ട്. വിജയസാധ്യതയുള്ള സ്ഥാനാർഥിക്കാണ് ഇത് പതിവായി കിട്ടാറുള്ളത്.
മൂന്ന് തവണ എം.പി എന്ന നിലയിലെ വിരുദ്ധവികാരവും നിലപാടുകളിലെ തരൂരിനോടുള്ള വിയോജിപ്പുമെല്ലാം മുമ്പത്തെക്കാൾ ഇക്കുറി ഏറെയായിരുന്നു. മറ്റൊരു ഓപ്ഷൻ ഇല്ലാത്തതിനാൽ വോട്ടർമാർ പ്രതിഷേധിച്ച് പിന്മാറിയിരിക്കാം എന്ന വാദമുള്ളവരുമുണ്ട്. സംസ്ഥാനതലത്തിലുണ്ടായ പൊതുപ്രവണത ഇവിടെയും സംഭവിച്ചെന്ന പൊതുവിലയിരുത്തലാണ് മറ്റൊന്ന്. മുന്നണികളൊന്നും ഇനിയും കണ്ടെത്താതെ തലപുകയ്ക്കുന്ന കാരണങ്ങൾ തിരുവനന്തപുരത്തിന്റെ കാര്യത്തിലും ബാധകം.
ന്യൂനപക്ഷ വോട്ടുകൾ ഒപ്പം കൂട്ടാനാണ് ഇടതു-വലത് മുന്നണികൾ പ്രധാനമായും ശ്രദ്ധയൂന്നിയത്. മണ്ഡലത്തിലെ മുസ്ലിം വോട്ട് ബാങ്ക് പൊതുവിൽ തരൂരിനെ പിന്തുണച്ചുവെന്നാണ് വിലയിരുത്തൽ. ന്യൂനപക്ഷമേഖലകളിലെ ബൂത്തുകളിലെ കനത്ത പോളിങ് ഇതിന് അടിവരയിടുന്നു. തരൂരിനെ എക്കാലവും സഹായിക്കുന്ന തീരദേശവോട്ടിൽ നേരിയ ചോർച്ചയുണ്ടായെങ്കിലും ഭൂരിഭാഗവും ഒപ്പം തന്നെയായിരുന്നു.
വോട്ടിങ് ദിനത്തിലെ തീരദേശത്തിന്റെ ആവേശത്തിലിതുണ്ട്. ലത്തീൻ അതിരൂപതയുടെ നിലപാട് ഇക്കാര്യത്തിൽ സവിശേഷ പ്രാധാന്യമർഹിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവവിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ ശക്തമായി പ്രതിഷേധിച്ച് തെരഞ്ഞെടുപ്പുകാലത്തുതന്നെ ലത്തീൻ അതിരൂപത രംഗത്തുവന്നിരുന്നു.
വിഴിഞ്ഞം സമരത്തിന്റെ മുറിവുകൾ ഉണങ്ങാത്തതും തരൂരിന്റെ നിലപാടുമെല്ലാം തെരഞ്ഞെടുപ്പിൽ ചർച്ചയായത് തീരദേശത്തെ ആദ്യ ഘട്ടത്തിൽ തരൂരിന് നേരിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
എന്നാൽ പിന്നീട് ചിത്രം തരൂരിന് അനുകൂലമായി. ഭരണവിരുദ്ധവികാരവും മണിപ്പൂരടക്കം വിഷയങ്ങളും സാമുദായിക സമവാക്യങ്ങളിലുണ്ടായ മാറ്റങ്ങളും വോട്ടൊഴുക്കിനെ സ്വാധീനിക്കുന്ന നിർണായക ഘടകങ്ങളായിരുന്നു. നായർ, നാടാർ വോട്ടുബാങ്കിലെ അടിയൊഴുക്കുകൾ തരൂരിന് ചങ്കിടിപ്പേറ്റുന്നുണ്ട്.
കഴിഞ്ഞവട്ടം ബി.ജെ.പി അണികളെ സംബന്ധിച്ച് ഏറെ വൈകാരിക ബന്ധമുള്ള കുമ്മനം രാജശേഖരനായിരുന്നു മത്സരിച്ചത്. എന്നാൽ തരൂരിനെ പോലൊരാളെ എതിരിടാൻ മാത്രം ശേഷിയുണ്ടായിരുന്നില്ല. എന്നാൽ ഇക്കുറി അതിന് പര്യാപ്തമായ സ്ഥാനാർഥിയായിരുന്നെങ്കിലും അണികളെ സംബന്ധിച്ച് കുമ്മനത്തോളം വൈകാരിക ബന്ധമുണ്ടോ എന്നത് സംശയം. ഈ സാധ്യതകൾ മുൻനിർത്തി 30,000ൽ താഴെ വോട്ടുകൾക്ക് തരൂർ വിജയിച്ചേക്കുമെന്നാണ് സൂചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.