ലോട്ടറി വകുപ്പ്: വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് നീക്കം
text_fieldsതിരുവനന്തപുരം: ലോട്ടറി വകുപ്പിൽ ക്രമക്കേടുകൾക്ക് വിജിലൻസ് അന്വേഷണം നേരിടുന്ന രണ്ട് ഉദ്യോഗസ്ഥർക്ക് ധിറുതിപിടിച്ച് സ്ഥാനക്കയറ്റം നൽകാൻ നീക്കം. വകുപ്പ് ആസ്ഥാനത്ത് ഡെപ്യൂട്ടി ഡയറക്ടറായ ബി. സുരേന്ദ്രൻ, മലപ്പുറം ജില്ല ലോട്ടറി ഓഫിസർ അനിൽകുമാർ എന്നിവരാണ് വിജിലൻസ് അന്വേഷണം നേരിടുന്നത്. എന്നാൽ, അന്വേഷണവിവരവും പരാതികളും മറച്ചുവെച്ച് ജനുവരി 17 ന് ലോട്ടറി ഡയറക്ടറുടെ നേതൃത്വത്തിൽ വകുപ്പുതല സ്ഥാനക്കയറ്റ സമിതി (ഡി.പി.സി) ചേരുകയായിരുന്നു. സ്ഥാനക്കയറ്റ നീക്കം ഇതിനകം വിവാദമായിട്ടുണ്ട്.
സുരേന്ദ്രനെ ജോ. ഡയറക്ടറായും അനിൽകുമാറിനെ ഡെപ്യൂട്ടി ഡയറക്ടറായും തത്ത്വത്തിൽ അംഗീകരിക്കാനാണ് ഡി.പി.സി തീരുമാനം. ചെറുകിട ഏജന്റുമാരുടെ സംഘടനകളുടെ പരാതിയിൽ ഡയറക്ടർ അടക്കം നടപടി സ്വീകരിക്കാതിരിക്കെയാണ് ഇരുവർക്കുമെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചത്. വകുപ്പ് ആസ്ഥാനത്തെ ചിലരും ഒരു മന്ത്രി ഓഫിസിലെ പ്രമുഖനും ആരോപണവിധേയരെ സംരക്ഷിക്കുന്നെന്നും ആക്ഷേപമുണ്ട്.
നിലവിൽ ഡെപ്യൂട്ടി ഡയറക്ടറായ ബി. സുരേന്ദ്രൻ തിരുവനന്തപുരം ജില്ല ലോട്ടറി ഓഫിസർ ആയിരുന്നപ്പോൾ അനധികൃതമായി എട്ട് ലക്ഷം രൂപയുടെ സമ്മാന ടിക്കറ്റ് മാറിയെടുക്കാൻ ശ്രമിച്ചത് സംബന്ധിച്ച അന്വേഷണം എട്ട് മാസമായി ഇഴയുകയാണ്. 2020 ജൂലൈയിൽ തലസ്ഥാന ജില്ലയിൽ ട്രിപിൾ ലോക്ഡൗണായിരിക്കെ അനധികൃതമായി ഓഫിസ് തുറന്ന് തിരിമറികൾ നടത്തിയെന്ന ആരോപണം ഉയർന്നു. ഒരു ഏജൻസിക്ക് മാത്രം കോടിക്കണക്കിന് രൂപയുടെ ടിക്കറ്റ് നൽകിയെന്നാണ് ആക്ഷേപം. ഓഫിസ് നടപടിക്രമം പാലിക്കാതെയാണത്രെ അഞ്ച് കോടിയോളം രൂപയുടെ സമ്മാന ടിക്കറ്റുകൾ പാസാക്കി നൽകിയത്.
നറുക്കെടുപ്പിന് തലേദിവസമാണ് ലക്ഷക്കണക്കിന് ടിക്കറ്റ് ഒരു ഏജൻസിക്ക് നൽകിയതെന്ന് രേഖകളിൽ വ്യക്തമായിരുന്നു. ലക്ഷങ്ങളുടെ കൈക്കൂലി ഇതിന് പിന്നിലുണ്ടെന്നാണ് പരാതി. മലപ്പുറത്ത് തന്റെ കൈയിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന് ഉണ്ണികൃഷ്ണൻ എന്ന ഏജന്റ് ശബ്ദ സന്ദേശം അടക്കം തെളിവ് ഹാജരാക്കിയിട്ടും അനിൽകുമാറിനെതിരെ അന്വേഷണം നടത്താൻ ഡയറക്ടർ തയാറായിരുന്നില്ല. തിരൂർ ലോട്ടറി ഓഫിസിൽ പണം അടയ്ക്കാതെ ടിക്കറ്റ് വൻകിട ഏജൻസി കൊണ്ടുപോയി വിറ്റത് സി-ഡാക്കിന്റെ പരിശോധനയിൽ തെളിഞ്ഞിട്ടും നടപടി ഉണ്ടായില്ല.
ഏജന്റുമാർക്ക് ടിക്കറ്റ് നൽകുന്നതിന്റെ അനുപാതം തെറ്റിച്ച് വൻകിട ഏജൻസിക്ക് വിതരണം നടത്തിയതിലെ ക്രമക്കേട് അന്വേഷണത്തിൽ തെളിഞ്ഞെങ്കിലും ഫയൽ ഒരുവർഷമായി മുക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.