എം.എ. യുസുഫലിയുടെ ജീവിതവും വീക്ഷണവും ഇനി അറബിഭാഷയിലും
text_fieldsഓച്ചിറ: പ്രവാസി സംരംഭകനും ലുലു ഗ്രൂപ് ഉടമയുമായ എം.എ. യൂസുഫലിയുടെ ജീവചരിത്രം ഇനി അറബിഭാഷയില്‍. കായംകുളം എം.എസ്.എം കോളജ് അറബിക് വിഭാഗം അസിസ്റ്റന്റ് പ്രഫസറായിരുന്ന ഓച്ചിറ ഉണിശ്ശേരില്‍ യൂസുഫ് നദ്വിയാണ് 'ലുഉലുഉല് ഖലീജില്‍ അറബി, ഷൈഖ് യൂസുഫ് അലി' എന്ന പേരില്‍ ജീവചരിത്രഗ്രന്ഥം തയാറാക്കിയത്.
പതിറ്റാണ്ടുകള്‍ക്കുമുമ്പ് അറേബ്യന്‍ മരുഭൂമിയിലേക്ക് യൂസുഫലി കുടിയേറിയതു മുതല്‍ അടുത്തിടെ കടവന്തറയില്വെച്ചുണ്ടായ ഹെലികോപ്റ്റര്‍ അപകടം വരെ 21 അധ്യായങ്ങളിലായി പ്രതിപാദിക്കുന്നു. മുൻ പ്രവാസികൂടിയാണ് ഗ്രന്ഥകാരന്.
കമല സുറയ്യ, മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് എന്നിവരെ കുറിച്ചും അഫ്ഗാന് മാധ്യമപ്രവര്ത്തകന് ദാനിഷ് സിദ്ദീഖിയുടെ ദാരുണമരണം, അഫ്ഗാനിസ്താന്റെ ചരിത്രം എന്നിവ സംബന്ധിച്ചും ഇദ്ദേഹം അറബി ഭാഷയിൽ രചിച്ച ഗ്രന്ഥങ്ങള്‍ ഓൺലൈൻ വിപണന സൈറ്റുകളിൽ ലഭ്യമാണ്. വൈക്കം മുഹമ്മദ് ബഷീര്‍, ഖുഷ്വന്ത് സിങ് എന്നിവരെഴുതിയ മാതൃത്വത്തിന്റെ മഹനീയത വെളിപ്പെടുത്തുന്ന കഥകളും അറബിയിലേക്ക് പരിഭാഷപ്പെടുത്തി.
കാപ്പില്‍ തയ്യില്‍തെക്ക് എല്‍.പി സ്കൂളില്‍ അറബിഭാഷാ അധ്യാപകനായിരുന്ന ഉണിശ്ശേരില്‍ ഇസ്ഹാക്ക് കുഞ്ഞിന്റെയും ശരീഫാബീവിയുടെയും മകനാണ്. കായംകുളം അല്‍ഫിത്റ അക്കാദമി അധ്യാപിക മുഹ്സിന ഭാര്യയും മര്‍യം ഹിബ, ഫര്ഹാന്, റയ്യാന്‍ എന്നിവർ മക്കളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.