മഅ്്ദനിയെ കുടുക്കിയത് ഭീരുക്കൾ –സി. ദിവാകരൻ
text_fieldsതിരുവനന്തപുരം: അബ്ദുന്നാസിർ മഅ്ദനി ഉയർത്തിക്കൊണ്ടുവന്ന ആശയങ്ങളോട് പ്രതികരിക്കുന്നതിൽ ദാരിദ്യ്രം നേരിട്ട രാഷ്ട്രീയ ഭീരുക്കളാണ് കൊടുംചതിയിലൂടെ അദ്ദേഹത്തിെൻറ ജീവിതം തകർത്തതെന്ന് മുൻമന്ത്രിയും സി.പി.ഐ ദേശീയ കൗൺസിൽ അംഗവുമായ സി. ദിവാകരൻ. മഅ്ദനിയുടെ രണ്ടാം അറസ്റ്റിെൻറ 11ാം വാർഷിക ദിനത്തോടനുബന്ധിച്ച് കേരള സിറ്റിസൺ ഫോറം ഫോർ മഅ്ദനി രാജ്ഭവന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടങ്ങൾക്കെതിരെ സാമൂഹിക നീതിക്കും ജനാധിപത്യ അവകാശങ്ങൾക്കുമായി ശബ്ദമുയർത്തുന്നവരെ ഏത് നിലക്കും ഇല്ലായ്മ ചെയ്യുകയെന്ന ഫാഷിസ്റ്റ് ശൈലിയാണ് മഅ്ദനിയുടെ കാര്യത്തിലും ആവർത്തിച്ചത്.എതിർ ശബ്ദത്തിെൻറ വായ മൂടാൻ ബ്രിട്ടീഷുകാരൻ സ്വീകരിച്ച നയം സ്വാതന്ത്ര്യത്തിെൻറ 75ാം വാഷികത്തിലും രാജ്യത്ത് അരങ്ങേറുന്നത് ലജ്ജാകരമാണ്.
വിചാരണയില്ലാതെ എതിർശബ്ദങ്ങളെ തുറുങ്കിലടക്കുന്നതിെൻറ ആവർത്തനമാണ് മഅ്ദനി, മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ, ഫാദർ സ്റ്റാൻ സ്വാമി എന്നിവരുടെ ദുരനുഭവങ്ങളിലൂടെ വ്യക്തമാക്കപ്പെടുന്നത്. മഅ്ദനിയുടെ വിഷയത്തിൽ പ്രതികരിക്കുന്നതിൽ പലർക്കും വിലക്കാണ്. എനിക്കും പലകോണുകളിൽനിന്ന് വിലക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ, മാനവികതയിൽ വിശ്വസിക്കുന്ന മനുഷ്യർക്ക് ഇത്തരം വിഷയങ്ങളിൽ നിശ്ശബ്ദരാകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി അധ്യക്ഷതവഹിച്ചു. ഡോ. നീലലോഹിതദാസൻ നാടാർ, സി.പി. ജോൺ, വി. സുരേന്ദ്രൻപിള്ള, ഭാസുരേന്ദ്ര ബാബു, ജലീൽ പുനലൂർ, മുണ്ടക്കയം ഹുസൈൻ മൗലവി, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, വിതുര രാജൻ, വള്ളക്കടവ് നാസർ എന്നിവർ സംസാരിച്ചു.
മഅ്ദനി നീതി നിഷേധത്തിെൻറ ബലിയാട് -–ജംഇയ്യതുൽ ഉലമ സെമിനാർ
ശാസ്താംകോട്ട: അബ്ദുന്നാസിർ മഅ്ദനി കടുത്ത നീതി നിഷേധത്തിെൻറ ബലിയാടാണെന്നും നീതി ലഭിക്കാൻ പണ്ഡിത സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംഘടിപ്പിച്ച സെമിനാർ. മഅ്ദനിക്ക് നീതി ലഭിക്കണമെന്നുള്ളതിൽ ദക്ഷിണക്ക് ഉറച്ച നിലപാടാണുള്ളതെന്നും സെമിനാർ അംഗീകരിച്ച പ്രമേയം പറഞ്ഞു.
ഭരണകൂട ഭീകരതയുടെ ദുരന്തങ്ങൾ ഇത്രയധികം പേറേണ്ടിവന്ന മറ്റൊരു മനുഷ്യൻ ഇന്ത്യയിലുണ്ടാകില്ലെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ജുഡീഷ്യറി സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായി പ്രവർത്തിക്കുന്നെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഅ്ദനിയുടെ രണ്ടാം നാടുകടത്തലിന് 11 വർഷമാകുമ്പോൾ അ ദ്ദേഹത്തെ അറസ്റ്റ് ചെയ്ത സ്ഥലത്തുതന്നെ സമ്മേളനം സംഘടിപ്പിക്കുന്നത് ദക്ഷിണയുടെ പ്രതീകാത്മകമായ സമരമാണെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. അബൂബക്കർ ഹസ്റത്ത് പ്രാർഥന നിർവഹിച്ചു.
മുത്തുക്കോയ തങ്ങൾ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ആറ്റക്കോയ തങ്ങൾ, എ.കെ. ഉമർ മൗലവി, സി.എ. മൂസ മൗലവി, പാങ്ങോട് കമറുദ്ദീൻ മൗലവി, ഹസൻ ബസരി മൗലവി, കടുവയിൽ മൻസൂറുദ്ദീൻ റഷാദി, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, കാരാളി സുലൈമാൻ ദാരിമി, പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി, പനവൂർ സഫീർഖാൻ മന്നാനി, കടുവയിൽ എ.എം. ഇർഷാദ് ബാഖവി, ചേലക്കുളം അബ്ദുൽ ഹമീദ് മൗലവി, മുണ്ടക്കയം ഹുസൈൻ മൗലവി, ഷാക്കിർ ഹുസൈൻ ദാരിമി, പി.എം. സൈദ്, അർഷദ് മന്നാനി, ഷമീം അമാനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.