കേരളത്തിലേക്കുള്ള പാറയും മണലും: നിയന്ത്രണം റദ്ദാക്കി മദ്രാസ് ഹൈകോടതി
text_fieldsനാഗർകോവിൽ: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുപോകുന്ന പാറ, മണൽ എന്നിവ കയറ്റിയ ലോറികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് റദ്ദാക്കി.
ഈമാസം ഒന്നുമുതൽ ധാതുലവണങ്ങൾ പത്ത് ടയറിന് മുകളിലുള്ള ട്രക്കുകളിൽ 28 ടണ്ണിന് മുകളിൽ ഭാരം കയറ്റാതെ നിശ്ചിത വഴികളിൽകൂടി മാത്രമേ സഞ്ചരിച്ച് കേരളത്തിലേക്ക് പോകാവൂ എന്നായിരുന്നു തമിഴ്നാട് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്. ഇതിനെതിരെ കന്യാകുമാരി ജില്ല ലോറി ഉടമകളുടെ സംഘടന പ്രസിഡന്റ് ഡേവിഡ് രാജ് സമർപ്പിച്ച ഹരജിയിലാണ് തമിഴ്നാട് സർക്കാറിന്റെ ഉത്തരവ് ജസ്റ്റിസ് എസ്. ശ്രീമതി റദ്ദാക്കിയത്. സംഘടനക്ക് 75ൽപരം അംഗങ്ങളുണ്ട്.
നൂറിൽപരം വാഹനങ്ങളാണ് കന്യാകുമാരി ജില്ലയിൽ ചരക്കുനീക്കം നടത്തുന്നത്. ഇതിൽ ധാതുലവണങ്ങൾ കൊണ്ടുപോകുന്ന ലോറികൾക്കാണ് നിയന്ത്രണം. രണ്ടായിരത്തിൽപരം കുടുംബങ്ങൾ ഇത് മുഖേന ജീവിച്ച് പോകുന്നു. തെൻകാശി, തിരുനെൽവേലി, തൂത്തുക്കുടി എന്നീ ജില്ലകളിൽനിന്നാണ് ലോഡുകൾ കേരളത്തിലേക്ക് കൊണ്ടുപോകുന്നത്. പത്ത് ടയറിന് മുകളിലുള്ള വാഹനങ്ങളെ തടഞ്ഞാൽ ബിസിനസ് നഷ്ടത്തിലാകും. പുതിയ വാഹനങ്ങൾ വാങ്ങാനുള്ള സ്ഥിതിയിലല്ല ലോറിയുടമകളുള്ളത് തുടങ്ങിയ വാദങ്ങളാണ് ഹരജിക്കാരൻ ഉന്നയിച്ചത്.
സർക്കാർ അഭിഭാഷകന്റെ വാദംകൂടി കേട്ട കോടതി ലോറി സംഘടന പ്രതിനിധികൾ അവരുടെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികൃതർക്ക് അപേക്ഷ നൽകാൻ ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കുള്ളിൽ പരാതി പരിഗണിച്ച് വേണ്ട നടപടി സ്വീകരിക്കാനും അധികൃതരോട് ആവശ്യപ്പെട്ടു. അതുവരെ നിയന്ത്രണം റദ്ദുചെയ്യാനും കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.