ഇന്ത്യൻ സമുദ്രമേഖലക്ക് മലയാളി അധിപൻ
text_fieldsതിരുവനന്തപുരം: 1979ല്‍ 17ാം വയസ്സില്‍ രണ്ടാംവര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിയെ സൈനികസേവനത്തിന് അയച്ച അച്ഛനും അമ്മക്കും രാജ്യം തിരിച്ചുനല്‍കിയ ആദരവാണ് നാവികസേനാ മേധാവിയുടെ പദവിയിലേക്കുള്ള ആർ. ഹരികുമാറിെൻറ നിയോഗം. 'മോെൻറ അച്ഛനുണ്ടായിരുന്നെങ്കില്‍ ഇതിലും വലിയ സന്തോഷമായേനെ. ഹരിയുടെ ഉയര്‍ച്ചയില്‍ കൂടുതല്‍ അഭിമാനംകൊണ്ടിരുന്നത് അദ്ദേഹമായിരുന്നു' ഹരികുമാറിെൻറ അമ്മ വിജയലക്ഷ്മി മ്യൂസിയം ബെയ്ൻസ് കോമ്പൗണ്ടിലെ മാധവ സദനത്തിലിരുന്ന് (മധുരിമ) പറയുന്നു.
എഫ്.എ.സി.ടിയിൽ ഫീൽഡ് ഓഫിസറായിരുന്ന പരേതനായ രാധാകൃഷ്ണൻ നായരുടെയും വിജയലക്ഷ്മിയുടെയും മൂത്ത മകനാണ് ഹരികുമാർ. അച്ഛെൻറ ജോലിയുമായി ബന്ധപ്പെട്ട് ഹരികുമാറിെൻറ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം തഞ്ചാവൂരിലായിരുന്നു. ഹിന്ദിയും മലയാളവും പഠിപ്പിക്കാനാകാത്തതിനാല് പിന്നീട് മക്കളുമായി വിജയലക്ഷ്മി തിരുവനന്തപുരത്തേക്ക് മടങ്ങി. മകനെ ആറാം ക്ലാസിൽ ചേർക്കാൻ ശ്രമിച്ചപ്പോഴായിരുന്നു പ്രശ്നം. തമിഴ്നാട്ടിലെ 11 വർഷ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽനിന്ന് വന്ന കുട്ടിയെ ഇവിടെ അഞ്ചാം ക്ലാസിലേ ചേർക്കാനാവൂവെന്ന് സർക്കാർ വിദ്യാലയങ്ങളടക്കം നിർബന്ധം പിടിച്ചു. 'ഒട്ടേറെ സ്കൂളുകളിൽ കയറിയിറങ്ങി. ആരും ആറാം ക്ലാസ് പ്രവേശനം തന്നില്ല. ഒടുവിൽ വഴുതക്കാട് കാർമൽ സ്കൂളിലെ മദർ സിസ്റ്ററാണ് സ്കൂൾ രജിസ്റ്ററിൽ പേര് ചേർക്കാതെ പ്രൈവറ്റ് സ്റ്റഡിയായി ആറാം ക്ലാസിൽ ചേർക്കാൻ കരുണ കാട്ടിയത്. മലയാളം പഠിക്കാത്ത അവന് സ്കൂൾ സമയം കഴിഞ്ഞ് സ്പെഷൽ ക്ലാസും മദർ ഏർപ്പെടുത്തി. ഒരു ടേം കൊണ്ട് അവൻ മലയാളം പഠിച്ചെടുത്തു. എട്ടാം ക്ലാസ് മുതൽ കരമന മന്നം മെമ്മോറിയൽ സ്കൂളിലായിരുന്നു പഠനം. എസ്.എസ്.എല്‍.സി ഏഴാം റാങ്ക് നേടി വിജയിച്ചു.
ഗവ. ആര്‍ട്സ് കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന മകനെ അതിനുശേഷം ഐ.ഐ.ടിയില്‍ പഠിപ്പിക്കണമെന്നതായിരുന്നു ആഗ്രഹം. എന്നാല്‍, സൈന്യത്തില്‍ ചേരണമെന്ന ഹരികുമാറിെൻറ ആഗ്രഹത്തിന് വീട്ടുകാർ വഴങ്ങി. 1972ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്ത അമ്മാവന് വിങ് കമാന്‍ഡര്‍ എസ്.കെ.ജെ. നായരുള്പ്പെടെയുള്ളവരുടെ ജീവിതം ഹരികുമാറിന് പ്രചോദനമായി. പ്രീഡിഗ്രി രണ്ടാം വര്‍ഷം ജനുവരിയില്‍ത്തന്നെ നേവല്‍ അക്കാദമിയില്‍ പ്രവേശനം ലഭിച്ചു. പ്രീഡിഗ്രി പൂര്‍ത്തിയാകുംമുമ്പ് പരീക്ഷയെഴുതി വിജയിച്ചതിനാല്‍ ഒരുവര്‍ഷം മുമ്പ് നിയമനം ലഭിച്ചു.
2019 ലാണ് ഹരികുമാര്‍ തിരുവനന്തപുരത്ത് എത്തിയത്. ഇത്തവണ ദീപാവലി അവധിക്കാലത്ത് ഗോവയിലെ കോണ്‍ഫറന്‍സ് കഴിഞ്ഞ് അമ്മയെ കാണാന്‍ വരുമെന്ന് ഉറപ്പുപറഞ്ഞിരുന്നു. ഗോവയിൽനിന്ന് മുംൈബയിൽ മടങ്ങിയെത്തിയ ഹരികുമാറിനെ തേടി ചൊവ്വാഴ്ച രാത്രി 10നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിെൻറ ഫോൺ കാൾ എത്തിയത്. നാവികസേനാ മേധാവിയായി നിയമിക്കുന്ന കാര്യം മന്ത്രി അറിയിച്ചതോടെ ഹരികുമാറിെൻറ ആദ്യ വിളി അമ്മ വിജയലക്ഷ്മിക്ക്. നിയമ ബിരുദം നേടിയിട്ടും കുടുംബത്തിനായി കരിയർ ത്യജിച്ച, 82കാരിയായ അമ്മയോടുള്ള നന്ദിവാക്കുകളായിരുന്നു മകന് പറയാനുണ്ടായിരുന്നത്. പൂർണ മലയാളിയായ ആദ്യ നാവികസേനാ മേധാവിയെന്ന പെരുമയോടെ നവംബർ 30ന് ഉച്ചകഴിഞ്ഞ് ഡൽഹിയിലെ നാവികസേനാ ആസ്ഥാനത്ത് ഹരികുമാർ സ്ഥാനമേൽക്കും. ഇന്ത്യൻ സമുദ്രമേഖലയുടെ മേധാവിയായി മകൻ ചുമതലയേൽക്കുന്നത് കാണാൻ ഡൽഹിക്ക് പോകാനൊരുങ്ങുകയാണ് ഈ അമ്മ. പട്ടം സ്വദേശിയായ കല നായരാണ് ഭാര്യ. മകൾ അഞ്ജന നായർ കുടുംബസമേതം ന്യൂസിലൻഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.