കൂട്ടിരിപ്പുകാരന് തിരുവനന്തപുരം മെഡിക്കൽ കോളജ് സുരക്ഷ ജീവനക്കാരുടെ ക്രൂരമർദനം
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിനെ സുരക്ഷ ജീവനക്കാർ സംഘം ചേർന്ന് ക്രൂരമായി മർദിച്ചവശനാക്കി. ചിറയിൽകീഴ് കിഴുവിലം സ്വദേശി അരുൺദേവാണ് (28) മർദനത്തിനിരയായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
വെള്ളിയാഴ്ച രാവിലെ ഏഴോടെ, മെഡിക്കൽ കോളജ് ആശുപത്രിയിലെ പഴയ മോർച്ചറി ഗേറ്റിലായിരുന്നു സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള മുത്തശ്ശിക്ക് അരുൺദേവാണ് ആശുപത്രിയിൽ കൂട്ടിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ മുത്തശ്ശിയുടെ പരിശോധനാ ഫലങ്ങൾ വാങ്ങാനായി ആശുപത്രിക്ക് പുറത്തിറങ്ങിയ അരുൺദേവ് തിരികെ വരുമ്പോൾ ബന്ധുകൂടി ഒപ്പമുണ്ടായിരുന്നു. മോർച്ചറിക്കു സമീപത്തെ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ജീവനക്കാരനോട് ബന്ധുവിനെ കൂടി ഉള്ളിൽ പ്രവേശിപ്പിക്കണമെന്ന് അരുൺദേവ് അഭ്യർഥിച്ചു.
ഇത് അനുവദിക്കാൻ വിസമ്മതിച്ച സുരക്ഷ ജീവനക്കാരൻ പ്രവേശന പാസ് വാങ്ങി പരിശോധിച്ച ശേഷം മടക്കി നൽകിയില്ല. പാസ് മടക്കിനൽകണമെന്ന് അരുൺദേവ് ആവശ്യപ്പെട്ടതോടെ, സുരക്ഷ ജീവനക്കാരൻ പാസ് കീറിയെറിഞ്ഞു. ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ അരുൺദേവിനെ ഒരു സുരക്ഷ ഉദ്യോഗസ്ഥൻ പിടിച്ചുതള്ളി. സംഭവം ഇവിടെയുണ്ടായിരുന്ന ചിലർ മൊബൈൽ കാമറകളിൽ പകർത്താൻ തുടങ്ങിയതോടെ അരുൺദേവിനെ സുരക്ഷ ഉദ്യോഗസ്ഥർ ബലമായി പിടിച്ചുവലിച്ച് സെക്യൂരിറ്റി റൂമിനു പിന്നിലേക്ക് കൊണ്ടുപോയി സംഘം ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. മറ്റുള്ളവർ ഉള്ളിലേക്ക് കടക്കാതിരിക്കാൻ ഗേറ്റ് അടച്ചിട്ടായിരുന്നു മർദനം.
സംഘം ചേർന്നുള്ള മർദനത്തിൽ അവശനിലയിലായ അരുൺദേവിനെ ഒപ്പമുണ്ടായിരുന്ന ബന്ധു മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. മർദനം മൊബൈൽ കാമറകളിൽ പകർത്തിയ ചിലർ സമൂഹമാധ്യമങ്ങളിൽ പങ്കുെവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്വകാര്യ സെക്യൂരിറ്റി ഏജൻസിക്കാണ് മെഡിക്കൽ കോളജിലെ സുരക്ഷ ചുമതലയുടെ കരാർ നൽകിയിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരുടെ മോശമായ പെരുമാറ്റം സംബന്ധിച്ച് നിരവധി പരാതികളാണുള്ളത്. മർദനം സംബന്ധിച്ച് അരുൺദേവ് മെഡിക്കൽ കോളജ് പൊലീസിന് പരാതി നൽകി. സുരക്ഷ ജീവനക്കാരനായ വിഷ്ണു, കണ്ടാലറിയാവുന്ന മറ്റ് സുരക്ഷ ജീവനക്കാർ എന്നിവർക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവം സംബന്ധിച്ച് സെക്യൂരിറ്റി ഓഫിസറും അധികൃതർക്ക് റിപ്പോർട്ട് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.