പ്രഭാതസവാരിക്കിറങ്ങിയയാൾ ആളൊഴിഞ്ഞ പുരയിടത്തിൽ മരിച്ച നിലയിൽ
text_fieldsപോത്തൻകോട്: പ്രഭാത സവാരിക്കിറങ്ങിയ യുവാവിനെ ആളൊഴിഞ്ഞ പുരയിടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആസൂത്രിത കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വെമ്പായം ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം ഇടുക്കുംതല പനയറകോണത്ത് സജീവിനെയാണ് (43) വീടിന് സമീപത്തെ ആളൊഴിഞ്ഞ റബ്ബർ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴുത്തിൽ കേബിൾ ടൈ കൊണ്ട് കുരുക്കിട്ട് കാൽ രണ്ടും കൂട്ടിക്കെട്ടി കണ്ണാടിവെച്ച നിലയിൽ മലർന്ന് കിടക്കുന്ന തരത്തിലാണ് മൃതദേഹം കാണപ്പെട്ടത്. കൈയിലുണ്ടായിരുന്ന ഫോൺ നഷ്ടപ്പെട്ടതായും കണ്ടെത്തി.
പതിവുപോലെ രാവിലെ 6ന് വീട്ടിൽനിന്നും പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു. ഏറെ നേരമായിട്ടും തിരികെയെത്താത്തതിനെത്തുടർന്ന് മൊബൈൽ ഫോണിൽ ബന്ധപ്പെട്ടിട്ടും പ്രതികരണം ലഭിക്കാത്തതിനെത്തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചിൽ നടത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിനിടയിലാണ് വീടിന് അര കിലോമീറ്റർ അകലെ ആളൊഴിഞ്ഞ റബർ തോട്ടത്തിൽ മൃതദേഹം കണ്ടെത്തുന്നത്.
വെഞ്ഞാറമൂടിന് സമീപം വൈയ്യേറ്റിലെ നവീൻ ഗ്രാനൈറ്റിൽ മാനേജരായിരുന്നു. ദിവസവും രാവിലെ എട്ടുവയസുള്ള മകനെയും കൂട്ടിയാണ് പ്രഭാത സവാരിക്ക് പോകാറ്. ഇന്നലെ മകൻ ഒപ്പം പോയിരുന്നില്ല. സജീവിനോ കുടുംബത്തിനോ സാമ്പത്തിക പ്രശ്നങ്ങളോ ശത്രുക്കളോ ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മരണത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് റൂറൽ എസ്.പി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ശരീരത്തിലുണ്ടായിരുന്ന സ്വർണം നഷ്ടപ്പെടാത്തതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഷീബ റാണിയാണ് ഭാര്യ. ഇവരുടെ രണ്ട് മക്കളും ഭാര്യാ മാതാവുമാണ് വീട്ടിലുള്ളത്. അന്വോഷണം ഊർജ്ജിതമാക്കിയതായും പോസ്റ്റുമാർട്ടം ഉൾപ്പെടെ നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും സ്ഥലം സന്ദർശിച്ച തിരുവനന്തപുരം റൂറൽ എസ്.പി പി.കെ മധു പറഞ്ഞു. നെടുമങ്ങാട് - ആറ്റിങ്ങൽ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.