മണക്കാട് -കമലേശ്വരം-അമ്പലത്തറ റൂട്ട്; ഗതാഗത നിയന്ത്രണം മറയാക്കി കെ.എസ്.ആർ.ടി.സി സർവിസുകൾ തോന്നുംപടി
text_fieldsതിരുവനന്തപുരം: മണക്കാട്-കമലേശ്വരം-അമ്പലത്തറ റൂട്ടിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഭാഗിക ഗതാഗത നിയന്ത്രണത്തിന്റെ പേരിൽ കെ.എസ്.ആർ.ടി.സി ബസുകൾ തോന്നുംപടി സർവിസ് നടത്തുന്നത് യാത്രക്കാരെ വലയ്ക്കുന്നു. കിഴക്കേകോട്ടനിന്നും മണക്കാട്-കമലേശ്വരം റൂട്ടിൽ നിലവിൽ പകൽ വലിയ വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണമുണ്ട്. എന്നാൽ, അമ്പലത്തറ ഭാഗത്തുനിന്ന് കമലേശ്വരം-മണക്കാട്-കിഴക്കേകോട്ട ഭാഗത്തേക്ക് നിയന്ത്രണങ്ങളില്ല.
വിഴിഞ്ഞം ഡിപ്പോയിൽനിന്നുള്ള ചില ബസുകൾ മാത്രമാണ് വൈകീട്ട് കഴിഞ്ഞാൽ കിഴക്കേകോട്ടനിന്ന് മണക്കാട്-കമലേശ്വരം വഴി വിഴിഞ്ഞം, പൂവാർ, പൂന്തുറ ഭാഗങ്ങളിലേക്ക് പോകുന്നത്. സിറ്റി ഡിപ്പോയുടെ ബസുകൾ അട്ടക്കുളങ്ങരനിന്ന് തിരിഞ്ഞ് ബൈപാസിൽ പ്രവേശിച്ചാണ് വിഴിഞ്ഞം, പൂന്തുറ ഭാഗങ്ങളിലേക്ക് പോകുന്നത്.
വൈകീട്ട് ആറിനുശേഷം രാത്രി പത്തുവരെ വിദ്യാർഥികളും കടകളിലും മറ്റ് തൊഴിലിടങ്ങളിലും പണിയെടുക്കുന്നവരടക്കം യാത്രക്കാരുടെ വലിയ തിരക്കാണ് മണക്കാട് മുതൽ അമ്പലത്തറവരെയുള്ള സ്ഥലങ്ങളിലേക്ക് പോകാൻ തമ്പാനൂർ, കിഴക്കേകോട്ട ബസ് സ്റ്റാൻഡുകളിലുള്ളത്.
അപൂർവം ചില ബസുകൾ മാത്രമാണ് മണക്കാട്-കമലേശ്വരം വഴി പോകാൻ തയാറാകുക. രാത്രിയിൽ നിയന്ത്രണമില്ലെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടിയാലും ബസ് ജീവനക്കാർ വഴങ്ങാറില്ല. ബൈപാസ് വഴി പോകുമ്പോൾ സ്റ്റോപ്പുകൾ ഇല്ലാത്തതിനാലും യാത്രക്കാർ കയറാനും ഇറങ്ങാനും ഉണ്ടാകാത്തതുകൊണ്ടും ഡ്രൈവർമാർ ഈ റൂട്ട് തെരഞ്ഞെടുക്കുകയാണെന്നും ആക്ഷേപമുണ്ട്.
വൈകീട്ട് മുതൽ കിഴക്കേകോട്ടനിന്ന് വിഴിഞ്ഞം, പൂവാർ, പൂന്തുറ, തിരുവല്ലം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള സർവിസുകൾ മണക്കാട്-കമലേശ്വരം വഴി പോകുന്നെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ പരാതികൾ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.