മണക്കാട്-കല്ലാട്ടുമുക്ക് റോഡ്; എന്നുതീരും ദുരിതയാത്ര
text_fieldsഅമ്പലത്തറ: മണക്കാട്-കല്ലാട്ടുമുക്ക് റോഡിൽ യാത്രക്കാര്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് അറുതിയില്ല. വാഹനങ്ങള്‍ തിരിച്ചുവിട്ട് രണ്ട് പോയന്‍റുകളിൽ ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് വാര്‍ഡന്‍മാരുടെ സേവനം ഉപയോഗിക്കുമെന്നും അറിയിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.
ഇതോടെ ദുരിതം പേറി റോഡ് കടക്കേണ്ട അവസ്ഥയിലാണ് നാട്ടുകാരും യാത്രക്കാരും. ഓടനിർമാണത്തിനെ തുടർന്ന് റോഡിലുണ്ടായ ഗതാഗതക്കുരുക്ക് യാത്രക്കാരെയും കുട്ടികളെയും വലക്കുകയാണ്.
അശാസ്ത്രീയ നിർമാണമാണ് റോഡ് തകരാനും വെള്ളം കെട്ടിനില്‍ക്കാനും കാരണം. റോഡിന്‍റെ ശോച്യാവസ്ഥകാരണം നാട്ടുകാര്‍ പോലും ഈ ഭാഗത്ത് വാഹനങ്ങള്‍ നിര്‍ത്താനോ സാധനങ്ങള്‍ വാങ്ങാനോ ഇറങ്ങാന്‍പോലും മടിക്കുന്നു. ഇതുകാരണം കച്ചവടം പോലും നടക്കുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
മഴവെള്ളം ഒഴുകപ്പോകാത്തതു കാരണമാണ് വെള്ളക്കെട്ടുണ്ടായി ഇവിടത്തെ റോഡുകള്‍ തകരുന്നത്. വെള്ളക്കെട്ട് പരിഹരിക്കാൻ കല്ലാട്ടുമുക്ക് മുതല്‍ അമ്പലത്തറ പരവന്‍കുന്ന് വരെയുള്ള റോഡിന്‍റെ ഇരുവശത്തുമായി ഓടയുടെ നിർമാണം ആരംഭിച്ചു. ഓട അവസാനിക്കുന്നത് പരവന്‍കുന്നിലൂടെ ഒഴുകുന്ന ചെറിയ കനാലിലാണ്. നിലവില്‍ ചെറിയ മഴയിൽ പോലും കനാലിൽ വെള്ളം നിറഞ്ഞ് വെള്ളം ഇരുകരകളിലേക്കും കയറും.
ഓടകൂടി ബന്ധിപ്പിക്കുന്നതോടെ കനാലിന്‍റെ കരകളില്‍ താമസിക്കുന്നവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകും. പാര്‍വതീപുത്തനാറില്‍ എത്തേണ്ട കനാല്‍ പലയിടത്തും കൈയേറിയതിനാല്‍ കനാലിലെ ഒഴുക്ക് നിലച്ചനിലയിലാണ്. കനാലിന്‍റെ ഒഴുക്ക് സുഗമമാക്കിയാല്‍ മാത്രമേ പുതിയ ഓടയിലൂടെ കനാലില്‍ എത്തുന്ന വെള്ളം ഒഴുകി പുത്തനാറില്‍ എത്തൂ. കനാൽ കൈയേറ്റം ഒഴിപ്പിക്കാതെയും ഒഴുക്ക് സുഗമമാക്കാതെയും നടത്തുന്ന ഓടനിർമാണം കോടികള്‍ തുലയ്ക്കുമെന്നല്ലാതെ ഗുണമുണ്ടാകില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.