മാറനല്ലൂർ ഇരട്ടക്കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം
text_fieldsപ്രതി അരുൺരാജ്, കൊല്ലപ്പെട്ട സന്തോഷ്, പക്രു
നെയ്യാറ്റിൻകര: മാറനല്ലൂർ കുക്കിരിപ്പാറ ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. മാറനല്ലൂർ വില്ലേജിൽ മൂലക്കോണംവീട്ടിൽ പ്രകാശ് എന്ന അരുൺ രാജിനെ (32) ശിക്ഷിച്ചാണ് നെയ്യാറ്റിൻകര അഡീഷനൽ ജില്ല കോടതി ജഡ്ജി എ.എം. ബഷീർ വിധി പ്രസ്താവിച്ചത്. ജീവപര്യന്തം തടവിൽ 25 വർഷം കഴിഞ്ഞുമാത്രമേ പരോളും മറ്റും പരിഗണിക്കാവൂ എന്ന് വിധിയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
മാറനല്ലൂർ വില്ലേജിൽ മൂലക്കോണം ഇളംപ്ലാവിളവീട്ടിൽ ചപ്പാത്തി സന്തോഷ് എന്ന സന്തോഷ്(42), പോങ്ങുമൂട് മലവിള റോഡരികത്തുവീട്ടിൽ പക്രു എന്ന സജീഷ്(39) എന്നിവരാണ് കൊല്ലപ്പെട്ടത്. 2021 ആഗസ്റ്റ് 14ന് രാത്രി 11.45 നായിരുന്നു സംഭവം. മൂലക്കോണം കുക്കിരിപ്പാറ ക്വാറി നടത്തിപ്പുകാരനായിരുന്നു കൊല്ലപ്പെട്ട ചപ്പാത്തി സന്തോഷ്. പാറമട തൊഴിലാളിയും സന്തോഷിന്റെ സുഹൃത്തുമായിരുന്നു ഒപ്പം കൊല്ലപെട്ട പക്രു സജീഷ്. പാറപൊട്ടിക്കുന്നത് സംബന്ധിച്ച് പ്രതിയും മറ്റു ചിലരും ചേർന്ന് മാറനല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
അതിൽ പ്രകോപിതനായ സന്തോഷ് പ്രതി അരുൺ രാജിനെ മർദിച്ചു. അതിലുള്ള വിരോധമാണ് ഇരട്ടക്കൊലയിൽ അവസാനിച്ചത്. സംഭവദിവസം രാത്രി കൊല്ലപ്പെട്ട സന്തോഷിന്റെ വീട്ടിൽ നടന്ന മദ്യപാനസൽക്കാരത്തിൽ പ്രതിയും പങ്കെടുത്തു. കൂട്ടുകാർ പിരിഞ്ഞശേഷം വീട്ടുമുറ്റത്തുണ്ടായിരുന്ന ജാക്ക് ഹാമറിൽ ഉപയോഗിക്കുന്ന കമ്പി കൊണ്ട് പ്രതി ആദ്യം പക്രു സജീഷിന്റെ തലക്കുപിറകിൽ അടിച്ചുവീഴ്ത്തി. തുടർന്ന് ചപ്പാത്തി സന്തോഷിനെയും പുറംതലക്ക് അടിച്ചുവീഴ്ത്തി.
ഉണർന്നെണീക്കാൻ തുടങ്ങിയ സന്തോഷിനെ പ്രതി വടിവാൾ കൊണ്ട് പുറംകഴുത്തിന് വെട്ടി മരണം ഉറപ്പിച്ചു. അടികൊണ്ട് തലക്ക് മാരകപരിക്കേറ്റ സന്തോഷും സജീഷും സംഭവ സ്ഥലത്ത് മരിച്ചു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യതെളിവുകളാണ് പ്രോസിക്യൂഷൻ ആശ്രയിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ. അജികുമാർ, അഡ്വ. മഞ്ജിത എന്നിവർ കോടതിയിൽ ഹാജരായി. പൊലീസ് ലൈസൺ ഓഫിസർമാരായി സബ് ഇൻസ്പെക്ടർ മോഹനൻ, എ.എസ്.ഐ ശ്രീകല എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.