വെള്ളപ്പൊക്ക നിവാരണത്തിന്; മാസ്റ്റർ പ്ലാൻ
text_fieldsതിരുവനന്തപുരം: നഗരത്തിലെ വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾക്കായി മാസ്റ്റർ പ്ലാൻ തയാറാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിനായി ഐ.ഐ.ടി വിദഗ്ധരുടെ നേതൃത്വത്തിൽ പഠനം നടത്തും. ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം ഇത്തരത്തിൽ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതെന്ന് മേയർ അര്യാ രാജേന്ദ്രൻ അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസത്തെ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കാൻ എല്ലാ ഇടപെടലും നഗരസഭ നടത്തിയിട്ടുണ്ട്. നദികളിലെ ജലനിരപ്പ് അറിയാൻ കഴിയുന്നതിന് സമാനമായ രീതിയിൽ തോടുകളിലെ ജലനിരപ്പ് മനസിലാക്കാൻ സംവിധാനമൊരുക്കും.
തോടുകളിലെ ജലനിരപ്പ് ഉയരുന്നത് കോർപറേഷൻ ഓഫിസിൽ അറിയാനും അതു പ്രകാരം ജാഗ്രതാ നിർദേശം നൽകാനുമാവും. വീടുകളിലേയും സ്ഥാപനങ്ങളിലേയും മഴ വെള്ളം അഴുക്കുചാലുകളിലേക്ക് ഒഴുക്കുന്നത് തടയും. ഇത് കണ്ടെത്താൻ സ്വിവറേജ് വിഭാഗവുമായി ചേർന്ന് വിവരശേഖരണം നടത്തും.
കെട്ടിടങ്ങളുടെ എണ്ണം, ഡ്രെയിനേജ് സംവിധാനം തുടങ്ങിയവയുടെ കണക്കുകളാണ് ശേഖരിക്കുക. മഴവെള്ളം ഡ്രെയിനേജിലേക്ക് ഒഴുക്കുന്നത് മാൻഹോളുകൾ നിറഞ്ഞ് മലിനജലമടക്കം പുറത്തേക്ക് ഒഴുകുന്ന സാഹചര്യമുണ്ടാക്കുന്നു. വെള്ളക്കെട്ടുകൾ രൂപപ്പെട്ടാൽ പമ്പ് ചെയ്യുന്നതിനടക്കമുള്ള സംവിധാനം വിപുലപ്പെടുത്തും. പമ്പുകൾ, അനുബന്ധ വാഹനങ്ങൾ തുടങ്ങിയവ വാങ്ങാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു.
മഴ പെയ്താലുടൻ നഗരത്തിലെ മിക്ക പ്രദേശങ്ങളും വെള്ളക്കെട്ടാവുന്ന സാഹചര്യമാണെന്ന് പ്രതിപക്ഷം പൊതുചർച്ചയിൽ ചൂണ്ടിക്കാട്ടി. ജല അതോറ്റിയുടെ ബില്ലിൽ സ്വിവറേജ് ചാർജ് കൂടി ഈടാക്കുന്നതായി വിമർശനമുണ്ടായി. ഇത് പിൻവലിക്കാൻ നഗരസഭ ഇടപെടണമെന്ന് ആവശ്യമുയർന്നു.
ഡപ്യൂട്ടി മേയർ പി.കെ. രാജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, കൗൺസിലർമാരായ പി. പത്മകുമാർ, എസ്. സലിം, ഡി.ആർ അനിൽ, എം.ആർ ഗോപൻ, തിരുമല അനിൽ, ജോൺസൺ ജോസഫ്, ഗിരികുമാർ, മേരി പുഷ്പം, മാധവദാസ് തുടങ്ങിയവർ സംസാരിച്ചു.
അതേസമയം, നഗരത്തിലെ മഴക്കെടുതികൾ ചർച്ച ചെയ്യാനും പരിഹാര മാർഗങ്ങൾ സ്വീകരിക്കാനുമായി 29ന് പ്രത്യേക കൗൺസിൽ യോഗം ചേരും. വെള്ളിയാഴ്ച രാവിലെ നഗരസഭ സെക്രട്ടറിയെ ബി.ജെ.പി കൗൺസിലർമാർ ഉപരോധിച്ചിരുന്നു. തുടർന്നാണ് പ്രത്യേക കൗൺസിൽ വിളിക്കാൻ തീരുമാനമെടുത്തത്. വെള്ളക്കെട്ട് രൂക്ഷമായ ഡിവിഷനുകളിൽ നടപ്പാക്കേണ്ട അടിയന്തിര നടപടികൾക്ക് പ്രത്യേക കൗൺസിൽ രൂപം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.