മേയർ- ഡ്രൈവർ തർക്കം; രണ്ടാം കൗൺസിലിലും ബഹളവും ഇറങ്ങിപ്പോക്കും
text_fieldsതിരുവനന്തപുരം: മഴക്കാല പൂർവ ശുചീകരണത്തെക്കുറിച്ച് ചർച്ച ചെയ്യാനായി വിളിച്ച കോർപറേഷന്റെ സ്പെഷ്യൽ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോക്കും. കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും മേയർ ആര്യ രാജേന്ദ്രനുമായി പൊതുനിരത്തിലുണ്ടായ തർക്കവും തുടർന്നുള്ള വിവാദങ്ങളുമാണ് തുടർച്ചയായ രണ്ടാം കൗൺസിൽ യോഗത്തിലും പ്രതിപക്ഷ ബഹളത്തിന് ഇടയാക്കിയത്.
കൗൺസിൽ യോഗം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ബി.ജെ.പി പ്രതിപക്ഷ പാർട്ടി നേതാവ് എം.ആർ. ഗോപൻ ഡ്രൈവർ യദു വിഷയം എടുത്തിട്ടു. യദുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ സർക്കാരിനോട് അഭ്യർഥിക്കാൻ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിച്ചു.
അത്തരത്തിൽ ഒരു പ്രമേയം പാസായിട്ടുണ്ടെന്ന് തെളിയിക്കാൻ താൻ ബി.ജെ.പി കൗൺസിലർമാരെ വെല്ലുവിളിക്കുന്നതായി മേയർ മറുപടി നൽകി. തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്നും അത്തരമൊരു പ്രമേയം പാസാക്കിയിട്ടില്ലെന്നും മേയർ വ്യക്തമാക്കി.
കൗൺസിലർ കരമന അജിത്തിന്റെ വീടിന് നേരെ ആക്രമണമുണ്ടായെന്നത് വ്യാജ പരാതിയാണെന്നും ഇത് അന്വേഷിച്ച് കണ്ടെത്തണമെന്നും ഭരണപക്ഷത്തു നിന്ന് ആവശ്യം ഉയർന്നതോടെ ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധം കടുപ്പിച്ചു. തുടർന്ന് അവർ കൗൺസിൽ വിട്ട് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.
ബി.ജെ.പി കൗൺസിലർമാർ ഇറങ്ങിപ്പോയിട്ടും യു.ഡി.എഫ് ചർച്ചയിൽ പങ്കെടുത്തു. ഇതിനിടയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് കൗൺസിലർമാർ തമ്മിൽ മഴക്കാല പൂർവ ശൂചീകരണത്തിന്റെ പേരിൽ തർക്കങ്ങൾ ഉണ്ടായി. യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് പത്മകുമാർ സംസാരിച്ചതിന് പിന്നാലെ സംസാരിച്ച കൗൺസിലർ സുരേഷ് മേയർ- ഡ്രൈവർ പ്രശ്നം പറഞ്ഞതോടെ കൗൺസിൽ യോഗത്തിൽ വീണ്ടും തർക്കമായി.
സുരേഷിന് പിന്തുണയുമായി യു.ഡി.എഫ് കൗൺസിലർമാരും രംഗത്ത് എത്തി. തർക്കത്തിന് ഒടുവിൽ ജനാധിപത്യപരമായ ചർച്ചയ്ക്ക് അവസരം ഒരുക്കുന്നില്ലെന്നാരോപിച്ച് യു.ഡി.എഫ് കൗൺസിലർമാരും ഇറക്കിപ്പോക്ക് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.