മെഡിക്കല്‍ കോളജ് ആശുപത്രി; ഓപറേഷന് തിയറ്റര്‍ ബ്ലോക്ക് നിര്‍മാണം അവതാളത്തില്‍
text_fieldsമെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സമുച്ചയത്തിനുള്ളില്‍ പുതിയ ഓപറേഷന് തിയറ്റര്‍ ബ്ലോക്കിന്റെ നിര്‍മാണം തുടങ്ങാന്‍ ഇനിയും വൈകുമെന്ന് സൂചന. ഏഴ് നിലകളോടുകൂടിയ മന്ദിരം നിർമിക്കാനാണ് പദ്ധതി. മുന്നൊരുക്കമോ കൃത്യമായ മാര്‍ഗരേഖകളോ കൂടാതെയാണ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിന് സമീപം പ്രവര്‍ത്തിച്ചിരുന്ന പഴയ ബഹുനിലമന്ദിരം ഇടിച്ചുനിരത്തിയതെന്നാണ് ആക്ഷേപം.
16, 17, 18, 19, 24, 25 വാര്‍ഡുകള്‍ പ്രവര്‍ത്തിച്ചിരുന്ന തിരക്കേറിയ കെട്ടിടമായിരുന്നു ഇത്. ഇവിടെനിന്ന് രോഗികളെ മറ്റ് വാര്‍ഡുകളിലേക്ക് കുത്തിഞെരുക്കി കിടത്തിയതോടെ രോഗികളും കൂട്ടിരിപ്പുകാരും ഏറെ ബുദ്ധിമുട്ടി. ഒരു വര്‍ഷത്തിലേറെ വേണ്ടിവന്നു പഴയ കെട്ടിടം പൂര്‍ണമായി പൊളിക്കാന്‍. ഇത് രോഗികള്ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും ഏറെ ഒച്ചപ്പാടിനിടയാക്കി. വാതിലുകളും ജനാലകളും ഇളക്കി മാറ്റി കെട്ടിടം നിലനിര്‍ത്തിയത് അപകടസാധ്യതകളെ പാടേ അവഗണിച്ചാണ്.
നിർമാണത്തിന്റെ കാര്യത്തില്‍ അധികൃതര്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുന്നതായി രോഗികളും കൂട്ടിരിപ്പുകാരും പൊതുജനങ്ങളും ആരോപിക്കുന്നു. സര്‍ക്കാറില്‍നിന്ന് 50 ലക്ഷം രൂപ അനുവദിച്ചാണ് കെട്ടിടത്തിലെ കാലതാമസം നേരിട്ട ഇലക്ട്രിക്കല്‍ കേബിളുകള്‍ നീക്കിയത്.
മെഡിക്കല്‍ കോളജ് സമുച്ചയത്തിനുള്ളിലെ പല തന്ത്രപ്രധാന ഭാഗങ്ങളിലേക്കുള്ള ഇലക്ട്രിക്കല്‍ കേബിളുകള്‍ പൊളിച്ചു മാറ്റിയ കെട്ടിടഭാഗത്തിലൂടെയാണ് കടന്നുപോകുന്നതെന്നതിനാലായിരുന്നു കാലതാമസം നേരിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.
പഴയകെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലം ഇപ്പോൾ വാഹനപാർക്കിങ്ങിനായി ഉപയോഗിക്കുകയാണ്. കിഫ്ബിയുടെ സാങ്കേതികാനുമതി മാത്രമാണ് പുതിയ ഓപറേഷന് തിയറ്റര്‍ ബ്ലോക്കിന് ലഭിച്ചതെന്നും നിര്‍മാണം തുടങ്ങാന്‍ ടെക്നിക്കല്‍ കമ്മിറ്റിയുടെ അനുമതിയും മറ്റ് നിരവധി കടമ്പകളും താണ്ടണമെന്നുമാണ് ലഭിക്കുന്ന സൂചനകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.