തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി; സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലും സെക്യൂരിറ്റിക്കാരുടെ അതിക്രമമെന്ന്
text_fieldsമെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിനുപുറമെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലും സുരക്ഷാജീവനക്കാരെക്കൊണ്ട് ബുദ്ധിമുട്ടി രോഗികളും കൂട്ടിരിപ്പുകാരും.
ഒ.പി കൗണ്ടറില്‍ കയറുന്നിടം മുതല്‍ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലേക്കുള്ള പ്രവേശനകവാടവും വിവിധ ഡിപ്പാര്‍ട്മെന്റുകളിൽ രോഗികള്‍ ഡോക്ടര്‍മാരെ കാണുന്നിടം വരെ ഇവരുടെ അഴിഞ്ഞാട്ടത്തിൽ രോഗികള്‍ മടുത്തതായാണ് പരാതി. മണിക്കൂറുകള്‍ ക്യൂ നിന്ന് ഒ.പി ടിക്കറ്റുമായി എത്തുന്ന രോഗികള്‍ ഡോക്ടര്‍മാരെ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സുരക്ഷാജീവനക്കാരാണെന്നാണ് ആക്ഷേപം.
പ്രവേശനകവാടത്തില്‍ മൂന്നു മുതല്‍ നാലുപേര്‍ വരെ നിരന്നുനിന്ന് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കൈവശമുള്ള ഒ.പി ടിക്കറ്റു മുതല്‍ മരുന്നു വരെ പരിശോധിച്ച ശേഷമാണ് അകത്തേക്ക് കടത്തിവിടുന്നതത്രെ. അടിസ്ഥാനവിദ്യാഭ്യാസം പോലുമില്ലാത്ത സുരക്ഷാജീവനക്കാര്‍ ഇവ വായിക്കാന്‍ അറിയില്ലെങ്കിലും പലപ്പോഴും രോഗികളുമായി തര്‍ക്കിക്കുന്നത് നിത്യസംഭവമാണ്. ഇവരുമായി തര്‍ക്കിച്ചാല്‍ അസഭ്യവര്‍ഷവും മര്‍ദനവും ഉറപ്പാണെന്നും പറയുന്നു.
സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കില്‍ ആഴ്ചകള്‍ക്കുമുമ്പ് രാവിലെ 11 ഓടെ കാര്‍ഡിയോ ഐ.സി.യുവില്‍ ഗുരുതരാവസ്ഥയിലായിരുന്ന രോഗിക്ക് മരുന്നുവാങ്ങാന്‍ രൂപയുമായി എത്തിയ ബന്ധുവിനെ സുരക്ഷാ ജീവനക്കാര്‍ മണിക്കൂറുകളോളം അകത്ത് കടത്താതെ നിര്‍ത്തിയത് ഏറെ ഒച്ചപ്പാടിനിടയാക്കിയിരുന്നു. 65 വയസ്സിനുമേല്‍ പ്രായം തോന്നിക്കുന്ന സുരക്ഷാ ജീവനക്കാരന്റെ നേതൃത്വത്തിലായിരുന്നു ഇത്.
തുടര്‍ന്ന് രോഗിയുടെ കൂട്ടിരിപ്പിനായി നിന്ന 16 വയസ്സുകാരിയായ മകളെ സുരക്ഷാ ജീവനക്കാരന് വിളിച്ചിറക്കി 45 മിനിറ്റോളം പുറത്തുനിര്ത്തിയശേഷമാണ് ബന്ധുവിനെ അകത്തേക്ക് കടത്തിവിട്ടത്. സുരക്ഷാവിഭാഗത്തില്‍ ജോലിനോക്കുന്നതില്‍ മദ്യപിച്ചെത്തുന്നവരാണ് കുഴപ്പക്കാരാകുന്നതെന്നാണ് പൊതുജനങ്ങളുടെയും ആരോപണം.
സ്വകാര്യ ഏജന്‍സിവഴി നിയമിതരായ മുഴുവന്‍ സുരക്ഷാജീവനക്കാരെയും മാറ്റി പരിചയസമ്പന്നരെ നിയമിച്ച് മെഡിക്കല്‍ കോളജിനുള്ളില്‍ രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണമെന്നാണ് പൊതുജനങ്ങളുടെയും ആശുപത്രി ജീവനക്കാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.