ബൈപാസിനെ മരണക്കളമാക്കി ബൈക്ക് റേസിങ് സംഘങ്ങൾ
text_fieldsമെഡിക്കല്‍കോളജ്: ബൈപാസില്‍ അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോവളം-കഴക്കൂട്ടം ബൈപാസില്‍ 450-ല്‍ ഏറെ ചെറുതും വലുതുമായ വാഹന അപകടങ്ങളും 40 ഓളം മരണങ്ങളും നടന്നതായി ബന്ധപ്പെട്ട അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു.
ബൈപാസില്‍ നടക്കുന്ന വാഹന അപകടങ്ങളില്‍ പലപ്പോഴും കാല്‍നടക്കാരാണ് മരണപ്പെടാറുളളത്. കാല്‍നടക്കാര്‍ക്കും ഇരുചക്ര വാഹന യാത്രികര്‍ക്കും ഭീഷണി ഉയര്‍ത്തി ബൈപാസില്‍ ബൈക്ക് റേസിങ് നടത്തുമ്പോഴും പൊലീസും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും മൗനം പാലിക്കാറാണ് പതിവ്.
വെള്ളാര്‍, വാഴമുട്ടം, തിരുവല്ലം, ഈഞ്ചയ്ക്കല്‍, ചാക്ക, വെണ്‍പാലവട്ടം, ടെക്നോസിറ്റി, കഴക്കൂട്ടം ഭാഗങ്ങളാണ് യുവ സംഘങ്ങള്‍ പ്രധാനമായും ബൈക്ക് റേസിങിനായി തെരഞ്ഞെടുക്കുന്നത്. ഇതിനൊപ്പമാണ് കഴക്കൂട്ടം-കോവളം ബൈപാസില്‍ മറ്റ് വാഹനങ്ങളും നൂറ് കിലോമീറ്റര്‍ സ്പീഡിനു മുകളില്‍ ചീറിപായുന്നത്. കഴക്കൂട്ടം-കാരോട് പാത വികസിച്ചതോടെ ഭൂരി ഭാഗം വാഹന യാത്രികരും കന്യാകുമാരിയിലേയ്ക്കും എളുപ്പമാര്‍ഗ്ഗം തമിഴ്നാട്ടിലേയ്ക്കും പോകുന്നതിനും ബൈപാസ് റോഡ് തന്നെയാണ് ഉപയോഗിച്ചു വരുന്നത്. ഇത് അപകടം കൂടാൻ കാരണമായി.
രാവിലെയും വൈകുന്നേരങ്ങളിലും ബൈപാസ് റോഡില്‍ വാഴമുട്ടം, വെള്ളാര്‍, തിരുവല്ലം, ഈഞ്ചയ്ക്കല്‍, ചാക്ക, ടെക്നോപാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ബൈക്ക് റേസിങ് സംഘങ്ങളുടെ മത്സരയോട്ടം നടക്കാറുണ്ടെന്നും പരാതിയുണ്ട്.
ബൈപാസിലെ വാഹന അപകടങ്ങള്‍ നിയത്രിക്കാനെന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പും സിറ്റി പൊലീസും നിരവധി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചതല്ലാതെ യാതൊന്നും തന്നെ നടപ്പിലാക്കിയിട്ടില്ലെന്നതാണ് യാഥാർഥ്യം.
കോവളത്തിനും കഴക്കൂട്ടത്തിനുമിടയില്‍ നടന്ന ഏറ്റവും ഒടുവിലത്തെ അപകടമാണ് പുതുവര്‍ഷപുലരിയില്‍ മുട്ടത്തറ കല്ലുംമൂട് പാലത്തില്‍ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയത്. ഇതില്‍ ജീവന് പൊലിഞ്ഞത് പാച്ചല്ലൂര്‍ പാറവിള അല്‍ അക്ബ ഹൗസില്‍ സെയ്ദ് അലിയും ജഗതി സ്വദേശി ഷിബിനുമായിരുന്നു. ഇവരുടെ മരണത്തിനിടയാക്കിയതും ബൈക്ക് റേസിങ് തന്നെയായിരുന്നു എന്നാണ് പൊലീസും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.