മെഡിക്കല്‍ കോളജിലെ കെട്ടിട നിർമാണം; അപകടം പതിയിരിക്കുന്നു
text_fieldsമെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സമുച്ചയത്തില്‍ പുതുതായി കെട്ടിടം നിർമിക്കുന്നതിനായി ഭാഗികമായി പൊളിച്ച പഴയകെട്ടിടം അപകടാവസ്ഥയില്‍. സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിനുസമീപം 16, 17, 18, 19, 24, 25 എന്നീ വാര്‍ഡുകള്‍ പ്രവര്‍ത്തിച്ചിരുന്ന മള്‍ട്ടി സ്റ്റോറീഡ് കെട്ടിടമാണ് മാസങ്ങളായി ജനാലകളും വാതിലുകളും ഇളക്കി മാറ്റി ബീമുകള്‍ പൊട്ടിച്ച അവസ്ഥയിൽ നില്‍ക്കുന്നത്. ഇത് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഭീഷണിയാകുന്നു. ഉത്തരവാദിത്തമില്ലാതെയാണ് ഇത്തരത്തിലുള്ള നടപടി അധികൃതർ കൈക്കൊണ്ടതെന്നാണ് പൊതുവേയുള്ള ആക്ഷേപം.
സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക്, മോര്‍ച്ചറി തുടങ്ങി പല സ്ഥലങ്ങളിലേക്കും നൂറുകണക്കിന് ആള്‍ക്കാരാണ് ഇതുവഴി ഓരോ മണിക്കൂറിലും കടന്നുപോകുന്നത്. കെട്ടിടം പൊളിച്ചുനിര്‍ത്തിയിരിക്കുന്നതിന് കീഴ്ഭാഗത്തായി നൂറുകണക്കിന് ബൈക്കുകളും നിരവധി കാറുകളും അലക്ഷ്യമായി പാര്‍ക്ക് ചെയ്തിരിക്കുന്നത് അപകട സാധ്യതക്ക് ആക്കം കൂട്ടുന്നു.
ഓപറേഷന്‍ തിയറ്റര്‍ ബ്ലോക്കിനായാണ് പഴയകെട്ടിടം പൊളിച്ചത്. എന്നാൽ, നടപടി ക്രമങ്ങൾ പ്രാരംഭഘട്ടത്തിലാണ്. ഇതോടെ ഏഴ് നിലകളോടുകൂടിയ ഓപേറഷന്‍ തിയറ്റര്‍ ബ്ലോക്ക് പൂര്‍ത്തീകരണം വൈകുമെന്ന് സൂചന. കിഫ്ബിയുടെ സാങ്കേതിക അനുമതി മാത്രമാണ് പുതുതായി പണിയാന്‍ പോകുന്ന ഓപറേഷന്‍ തിയറ്റര്‍ ബ്ലോക്കിന് ലഭിച്ചത്. ഇനിയും കെട്ടിടനിർമാണം തുടങ്ങാന്‍ കടമ്പകള്‍ ഏറെയുണ്ട്. മുന്നൊരുക്കം കൂടാതെയാണ് 16, 17,18, 19, 24, 25 എന്നീ ആറു വാര്‍ഡുകള്‍ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റിയത്. ഇതില്‍ അത്യാഹിതവിഭാഗത്തില്‍ വരുന്ന രോഗികളെ ഒന്നും 28ഉം വാര്‍ഡുകളിലേക്ക് മാറ്റാനാണ് ബന്ധപ്പെട്ട അധികൃതരുടെ നിർദേശം.
കെട്ടിടനിർമാണം വേഗത്തിലാക്കും
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിൽ പുതുതായി നിർമിക്കുന്ന കെട്ടിടം പ്രവൃത്തി വേഗത്തിലാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എ. നിസാറുദ്ദീന്‍ വാർത്തക്കുറിപ്പില്‍ അറിയിച്ചു. മെച്ചപ്പെട്ട നിലയില്‍ ബേണ്‍സ് ഐ.സി.യു മെയിന്‍ ബ്ലോക്കില്‍ സ്ഥാപിച്ച് പ്രവര്‍ത്തനം നടന്നുവരുന്നുണ്ട്. നിലവില്‍ പൊളിക്കുന്ന കെട്ടിടത്തിലെ വൈദ്യുത കേബിളുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. രോഗികള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കാതെ പഴയ കെട്ടിടം പൊളിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.
വൈകാതെ കെട്ടിടം പൂര്‍ണമായി പൊളിച്ചു മാറ്റുകയും നിശ്ചിത സമയത്തിനുള്ളില്‍ ടെൻഡര്‍ നടപടി പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.