അർബുദ മരുന്നുകള്‍ ലഭ്യമാകുന്നില്ലെന്ന് പരാതി; രോഗികള്‍ ദുരിതത്തില്‍
text_fieldsമെഡിക്കല്‍ കോളജ്: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മെഡിക്കല്‍ സര്‍വിസസ് കോര്പറേഷന് വിതരണം ചെയ്തിരുന്ന 110 ഇനം അർബുദ മരുന്നുകളില്‍ 90ല്‍ അധികവും ലഭിക്കുന്നില്ലെന്ന് പരാതി. കീമോതെറപ്പി മരുന്നുകളാണ് ഇവയില്‍ പ്രധാനം. ഒ.പികളില്‍ വന്ന് കീമോതെറപ്പി കുത്തിവെപ്പിനു ശേഷം തിരികെ വീടുകളില്‍ പോകുന്ന രോഗികളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്നവരില്‍ ഏറെയും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലെയും തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളില്‍നിന്നുള്ള രോഗികളും തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുളള രോഗികളില്‍ 90 ശതമാനവും കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ പദ്ധതികള്‍ വഴിയാണ് ചികിത്സ സഹായം ലഭിക്കുന്നത്. കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷനാണ് മരുന്നുകള്‍ ആശുപത്രികള്‍ക്ക് നല്‍കിയിരുന്നത്. കെ.എം.എസ്.സി.എല്ലിന്റെ ഭീമമായ സാമ്പത്തിക പ്രതിസന്ധി കാരണം കോടിക്കണക്കിന് രൂപയാണ് വിവിധ മരുന്നു കമ്പനികള്‍ക്ക് കുടിശ്ശിക നല്‍കാനുളളത്. അതിനാല്‍ കമ്പനികള്‍ മരുന്നു വിതരണം നിര്‍ത്തിവെച്ചിരിക്കുന്നതായും പറയുന്നു. പല കമ്പനികളും കെ.എം.എസ്.സി.എല്ലിന്റെ ടെന്‍ഡറില്‍ പങ്കെടുക്കുന്നില്ലെന്നും സൂചനകളുണ്ട്.
പ്രതിസന്ധി തരണം ചെയ്യുന്നതിന് മാര്‍ക്കറ്റ് വില നല്കി ആശുപത്രികള്‍ സ്വന്തം നിലയ്ക്ക് രോഗികള്‍ക്ക് മരുന്ന് വാങ്ങി നല്കുന്നു. ഈ ഇനത്തിലും കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ മെഡിക്കല്‍ കോളജുകള്‍ക്ക് 100 കോടി രൂപ വീതം കുടിശ്ശിക വന്നു. ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും നിലയ്ക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. സംസ്ഥാനത്തെ ഏറ്റവും വലിയ അർബുദ ചികിത്സ കേന്ദ്രമായ ആര്.സി.സിയിലും മരുന്ന് വിതരണം ചെയ്ത ഇനത്തില്‍ 100 കോടിയിലധികം രൂപ സർക്കാറില്‍നിന്ന് ലഭിക്കാനുള്ളതായി പറയുന്നു.
കോട്ടയം മെഡിക്കല്‍ കോളജിന് 130 കോടി, കോഴിക്കോട് മെഡിക്കല്‍ കോളജിന് 170 കോടി, തിരുവനന്തപുരം മെഡിക്കല്‍ കോളജിന് 100 കോടി രൂപയും നിലവില്‍ കുടിശ്ശികയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സ പദ്ധതികള്‍ നിലച്ച അവസ്ഥയിലാണെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.