മെഡി. കോളജ് ആശുപത്രി: പുതിയ കാത്ത് ലാബ് മൂന്നുമാസത്തിനുള്ളിൽ
text_fieldsമെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ പഴക്കം ചെന്ന കാത്ത് ലാബ് മാറ്റി സ്ഥാപിക്കുന്നതുവരെ രോഗികൾക്ക് തടസ്സമില്ലാതെ ചികിത്സ ലഭ്യമാക്കാൻ ബദൽ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ബി.എസ്. സുനിൽകുമാർ അറിയിച്ചു. ഈ തീരുമാനം നേരത്തേതന്നെ എടുത്തതാണ്. നിലവിലുള്ള എച്ച്.ഡി. എസിന്റെ കാത്ത് ലാബിനുപുറമേ ന്യൂറോ കാത്ത് ലാബിലും ഇൻറർവെൻഷനൽ റേഡിയോളജി കാത്ത് ലാബിലുമായാണ് ബദൽസംവിധാനമൊരുക്കിയിരിക്കുന്നത്.
ഫലത്തിൽ നിലവിലുണ്ടായിരുന്ന രണ്ട് കാത്ത് ലാബിനു പകരം മൂന്നെണ്ണം കാർഡിയോളജി വിഭാഗത്തിലെ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ ഉപയോഗിക്കും. അതുകൊണ്ടുതന്നെ കാർഡിയോളജി വിഭാഗത്തിലെ ശസ്ത്രക്രിയകൾ എച്ച്.ഡി.എസ് കാത്ത് ലാബിൽ മാത്രമായി പരിമിതപ്പെട്ടെന്ന പത്രവാർത്ത വാസ്തവവിരുദ്ധമാണെന്നും സൂപ്രണ്ട് അറിയിച്ചു.
അതേസമയം കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ പുതിയ കാത്ത് ലാബ് മൂന്നുമാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്ന് കെ.എച്ച്.ആർ.ഡബ്ല്യു.എസ് എം.ഡി പി.കെ. സുധീർ ബാബു പറഞ്ഞു. എട്ടുകോടി രൂപ ചെലവഴിച്ചാണ് പുതിയ കാത്ത് ലാബ് സ്ഥാപിക്കുന്നത്. സപ്ലൈ ഓർഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. 12 വർഷം പഴക്കമുള്ള പഴയ കാത്ത് ലാബിന്റെ കാലാവധി കഴിഞ്ഞതിനാലാണ് പുതിയത് സ്ഥാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.