എസ്.എ.ടി ആശുപത്രി കവാടം വിറക് ശേഖരണ കേന്ദ്രം
text_fieldsമെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സമുച്ചയത്തിലെ എസ്.എ.ടി ആശുപത്രിയുടെ പ്രവേശന കവാടം വിറക് ശേഖരണ കേന്ദ്രമായി മാറി.
എസ്.എ.ടിയിലെ പ്രവേശന കവാടത്തിന് വലതുവശത്തായി കുന്നുകൂട്ടിയിട്ട വിറക് ശേഖരം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബുദ്ധിമുട്ടായി. ആശുപത്രിപരിസരത്തെ മരങ്ങള്‍ മുറിച്ചുമാറ്റിയതിന്റെ അവശിഷ്ടങ്ങളാണ് ഇവിടെ ഉപേക്ഷിച്ചത്. ശ്രദ്ധയിൽപെടുത്തിയിട്ടും ഇവ നീക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. വിറക് അലക്ഷ്യമായി കൂട്ടിയിട്ടതിനുസമീപം നിരവധി വാഹനങ്ങളാണ് നിർത്തിയിടുന്നത്. കൂടാതെ ഇവിടം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്.
രണ്ടുമാസം മുമ്പ് എസ്.എ.ടി ആശുപത്രിക്കുള്ളിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അന്ന് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ സമയോചിതമായി പ്രവര്‍ത്തിച്ചതിനാല്‍ വന്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. ഇപ്പോഴും ആശുപത്രിയുടെ പല ഭാഗങ്ങളിലും പ്ലാസ്റ്റിക്ക് മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. ഇനിയും തീപിടിത്തത്തിന് സാധ്യതയുണ്ടെന്നാണ് ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നത്. എത്രയും വേഗം വിറകും പാഴ്വസ്തുക്കളും ആശുപത്രി പരിസരത്തുനിന്ന് നീക്കം ചെയ്യണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.