പാമ്പുഭീതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാമ്പസ്, കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍
text_fieldsമെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാമ്പസിനുള്ളിലെ മാലിന്യക്കൂമ്പാരങ്ങള്ക്കൊപ്പം പലയിടങ്ങളിലും പടര്‍ന്നുപന്തലിച്ച കാടുകള്‍ വെട്ടിത്തെളിക്കാതായതോടെ ആശുപത്രി പരിസരത്ത് പാമ്പു ശല്യം വർധിച്ചു. കഴിഞ്ഞ ദിവസം പത്തോളജി വിഭാഗത്തിനടുത്തുനിന്ന് കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിരുന്നു. പ്രദേശത്ത് കണ്ടതില്‍ വലിപ്പം കൂടിയ പാമ്പായതിനാല്‍ പിടിക്കാന്‍ വിളിച്ചവരൊന്നും എത്തിയില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ഒടുവില്‍ മെഡിക്കല്‍ കോളജ് പി.ടി.എ അധികൃതര്‍ നിയോഗിച്ച പാമ്പുപിടിത്തക്കാര്‍ സഥലത്ത് വല വിരിച്ച് കാത്തിരുന്നാണ് പിടികൂടിയത്. ഇതേ വലിപ്പത്തിലുള്ള മറ്റൊരു പാമ്പുകൂടി പത്തോളജി വിഭാഗം വളപ്പിനുള്ളിലുള്ളതായി ജീവനക്കാര്‍ പറയുന്നു.
പാമ്പിന്റെ മാളത്തിനോട് ചേര്‍ന്നാണ് കോളജിന്റെ മെയിന്‍ ബ്ലോക്കിലേക്കുളള മതില്. മുന്‍കാലങ്ങളില്‍ അടിക്കടി കാമ്പസിനുള്ളിലെ കാടുകള്‍ വെട്ടിത്തെളിക്കാറുണ്ടായിരുന്നു. എസ്.എ.ടി മാതൃ-ശിശുമന്ദിരം, സി.ഡി.സി, കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളെല്ലാം കുറ്റിക്കാടിനാൽ നിറഞ്ഞിരിക്കുകയാണ്.
എസ്.എ.ടി ആശുപത്രിക്കുസമീപത്തെ താൽക്കാലിക ശൗചാലയം സ്ഥിതിചെയ്യുന്നിടത്ത് നാല്പതോളം സെന്റ് വസ്തു വനത്തിന് സമാനമായി മാറി. ഇവിടെ സമീപകാലത്ത് പെരുമ്പാമ്പിനെ കണ്ടതായി രോഗികള്‍ പറയുന്നു.
വനിത ഹോസ്റ്റല്‍, പി.ജി സ്റ്റുഡന്റ്സ് ഹോസ്റ്റല്‍ എന്നിവക്ക് സമീപവും കാടും വളളിപ്പടര്‍പ്പും പടർന്നുനില്ക്കുന്നതും ഭീഷണിയാണ്.അധികൃതര്‍ ഇടപെട്ട് കാമ്പസിനുള്ളിലെ കാടുകളും വള്ളിപ്പടര്‍പ്പുകളും വെട്ടിത്തെളിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.