സംസ്ഥാനത്തെ ആദ്യ ‘ലിഫ്റ്റ് പാലം’ ഉദ്ഘാടനത്തിനൊരുങ്ങി
text_fieldsമെഡിക്കല്‍ കോളജ്: കരിക്കകത്ത് പാര്‍വതി പുത്തനാറിനു കുറുകെ നിർമിച്ച സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് പാലത്തിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. അഞ്ച് മീറ്ററോളം ഉയര്‍ത്താന്‍ കഴിയുന്ന വിധത്തിലാണ് നിർമാണം. കഴക്കൂട്ടം-കാരോട് ബൈപാസിലെ സര്‍വിസ് റോഡില്‍നിന്ന് കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലേക്ക് പോകുന്നതിനു വേണ്ടിയാണ് പാലം പ്രധാനമായും നിർമിച്ചിരിക്കുന്നത്. ഉദ്ഘാടനം 20ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
ഭാവിയില്‍ കോവളം മുതല്‍ കാസർകോടുവരെയുള്ള ജലപാതയിൽ (ടി.എസ് കനാല്‍) ബോട്ട് സര്‍വിസുകള്‍ പുനരാരംഭിക്കുമ്പോള്‍ തടസ്സം നേരിടാതിരിക്കാനാണ് പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആദ്യ ലിഫ്റ്റ് പാലം നിർമിച്ചത്. 3.75 കോടി രൂപ ചെലവഴിച്ച് സ്റ്റീലില്‍ നിർമിച്ചിരിക്കുന്ന പാലത്തിന്റെ പ്രവര്‍ത്തനം റിമോട്ട് കൺട്രോളർ ഉപയോഗിച്ച് നിയന്ത്രിക്കാം. ഇതിലൂടെ മഴ സമയങ്ങളില്‍ ആറിലെ ജലനിരപ്പ് ഉയരുമ്പോള്‍ പാലത്തിന് കേടുപാടുകള്‍ സംഭവിക്കാതെ ഉയര്‍ത്തി സംരക്ഷിക്കാമെന്നതും നേട്ടമാണ്.
ഇപ്പോള്‍ വൈദ്യുതിയും ജനറേറ്ററും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്. 100 ടണ്‍ വരെ ഭാരം താങ്ങാന്‍ കഴിയും. ഇതിലൂടെ അമിത ഭാരമില്ലാത്ത വാഹനങ്ങള്‍ക്ക് യഥേഷ്ടം പാലത്തിലൂടെ സഞ്ചരിക്കാം. പാലത്തിലൂടെയുള്ള ട്രയല്‍ റണ്‍ ദിവസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചു. തീരപഥം പദ്ധതിയുടെ ഭാഗമായി ടി.എസ് കനാല്‍ ശുദ്ധീകരിച്ച് ബോട്ട് സര്‍വിസ് ആരംഭിക്കാന്‍ മുന്‍ സര്‍ക്കാറിന്റെ കാലത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും പദ്ധതി വെളിച്ചം കാണാതെ പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.