മെഡിക്കല്‍ കോളജിലെ പഴയ ഭക്ഷണശാല കെട്ടിടം അപകടാവസ്ഥയില്‍
text_fieldsമെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പിലെ പഴയ ഭക്ഷണശാല കെട്ടിടം അപകടാവസ്ഥയിൽ. മെഡിക്കല്‍ കോളജ് കാറ്ററിങ് വര്‍ക്കേഴ്സ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന ബഹുനില കെട്ടിടമാണ് ഏത് സമയവും തകരാവുന്ന അവസ്ഥയിലുള്ളത്.
കഴിഞ്ഞ വര്‍ഷമാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഭക്ഷണ ശാലയുടെ അടുക്കള ഭാഗം തകര്‍ന്നത്. തലനാരിഴക്കാണ് അന്ന് വന്‍ ദുരന്തം ഒഴിവായത്. സംഭവം നടന്നയുടന്‍ തന്നെ അഗ്നിരക്ഷാസേന അധികൃതരെത്തി കെട്ടിടത്തിന്റെ പ്രവര്‍ത്തനം തടഞ്ഞ് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ദിവസങ്ങൾക്കകം ഭക്ഷണശാലയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. തുടര്‍ന്ന് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് കന്റിനീന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. ശേഷം പഴയ കെട്ടിടത്തിന് 50 മീറ്റര്‍ അകലെ പുതിയ ഷീറ്റ് മേഞ്ഞ താല്‍ക്കാലിക ഷെഡ് നിർമിച്ച് ഭക്ഷണ ശാല പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പഴയ ബഹുനില കെട്ടിടം ഇടിച്ചു മാറ്റാന്‍ അധികൃതര്‍ തയാറായില്ല.
തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ കെട്ടിടം പൂര്‍ണമായും കുതിര്‍ന്ന് ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കെട്ടിടം നിലം പൊത്തിയാല്‍ വന്‍ ദുരന്തത്തിന് ഇടയാകും. കെട്ടിടത്തിനു സമീപത്തു കൂടി 24 മണിക്കൂറും രോഗികളുമായി വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്. കൂടാതെ നിരവധി വാഹനങ്ങൾ പാര്‍ക്ക് ചെയ്യുന്നതും കെട്ടിടത്തിന് സമീപമാണ്. കെട്ടിടത്തില്‍ കാന്റീനിലെ തൊഴിലാളികള്‍ തങ്ങുന്നതായും സൂചനകളുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് ഈ കെട്ടിടം എത്രയും വേഗം പൊളിച്ച് നീക്കി രോഗികളുടെയും പൊതുജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നുമാണ് നാട്ടുകാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.