തടസ്സങ്ങൾ നീങ്ങി; മെഡിക്കല്‍ കോളജിൽ ഭാഗികമായി പൊളിച്ച കെട്ടിടം ഇടിച്ചുതുടങ്ങി
text_fieldsമെഡിക്കല്‍ കോളജ്: തടസ്സങ്ങൾ നീങ്ങി, മെഡിക്കൽ കോളജ് ആശുപത്രി സമുച്ചയത്തില്‍ ഭാഗികമായി പൊളിച്ച പഴയ കെട്ടിടം പൂർണമായി ഇടിച്ചുമാറ്റിത്തുടങ്ങി. പഴയ കെട്ടിടം ഇടിച്ച് ഏഴ് നിലകളോടുകൂടിയ ഓപറേഷന് തിയറ്റര്‍ ബ്ലോക്കാണ് നിർമിക്കുന്നത്.
സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിനുസമീപം 16,17,18,19,24,25 എന്നീ വാര്‍ഡുകള്‍ പ്രവര്‍ത്തിച്ചിരുന്ന മള്‍ട്ടി സ്റ്റോറീഡ് കെട്ടിടമാണ് പൂർണമായി പൊളിച്ചുമാറ്റാൻ നടപടിയായത്. ഇതിന്റെ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു.
ഒരു വര്‍ഷത്തിലേറെയായി ജനാലകളും വാതിലുകളും ഇളക്കി മാറ്റി ബീമുകള്പൊട്ടിച്ച് അപകടാവസ്ഥയിലായിരുന്നു ഈ കെട്ടിടം. ഇത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവന് ഭീഷണി സൃഷ്ടിച്ചിരുന്നു. നിരവധി തവണ വിമർശനങ്ങളും ഉയർന്നിരുന്നു.
ഈ കെട്ടിടത്തിന് സമീപത്തുകൂടി കടന്നുപോകുന്ന വിവിധ ബ്ലോക്കുകളിലേക്കുള്ള പ്രധാന ഇലക്ട്രിക് കേബിളുകൾ നീക്കം ചെയ്യുന്നതിലുണ്ടായ കാലതാമസമാണ് പ്രവൃത്തി വൈകാൻ കാരണമായത്. ഇത് നീക്കം ചെയ്യാതെ കെട്ടിടം പൂര്‍ണമായി ഇടിച്ചുനീക്കാന് കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇടിച്ചുമാറ്റുന്ന പഴയ കെട്ടിടത്തിന്റെ കേബിളുകള്‍ മാത്രം നീക്കം ചെയ്യാന്‍ സര്‍ക്കാറില്‍നിന്ന് അടുത്തിടെ 50 ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേബിളുകള്‍ മാറ്റി കെട്ടിടം പൂര്‍ണമായി പൊളിക്കാൻ തുടങ്ങിയത്.
മുന്നൊരുക്കമില്ലാതെ ഭാഗികമായി ഇടിച്ചുമാറ്റിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആറ് വാര്‍ഡുകളിലെ രോഗികളെ മറ്റ് വാര്‍ഡുകളിലേക്ക് തള്ളിക്കയറ്റിയത് വിമർശനത്തിനിട നല്‍കിയിരുന്നു. കൂടാതെ, അത്യാഹിത വിഭാഗത്തില്‍ വരുന്ന രോഗികളെ ഒന്നും 28ഉം വാര്‍ഡുകളിലേക്ക് അയക്കാനായിരുന്നു അധികൃതരുടെ നിർദേശം.
തുടക്കത്തില്‍ കിഫ്ബിയുടെ സാങ്കേതിക അനുമതി മാത്രമാണ് പുതിയ സര്‍ജറി ബ്ലോക്കിന് ലഭിച്ചിരുന്നത്.
മറ്റ് അനുമതികൾ കൂടി ലഭിച്ചതായും പുതിയ കെട്ടിടനിർമാണം വൈകാതെ തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.