മെഡി. കോളജ്- ഉള്ളൂര്‍ റോഡിൽ ഗതാഗതക്കുരുക്ക്; അര കിലോമീറ്റര്‍ നീങ്ങാന്‍ വേണം അരമണിക്കൂര്‍
text_fieldsമെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ്-ഉളളൂര്‍ റോഡിലെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി വാഹന യാത്രികര്‍. രാവിലെ എട്ട് മുതല്‍ ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് അർധരാത്രിയോടെ മാത്രമാണ് കുറയുന്നത്.
മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ പെടുന്നതിനാല്‍ രോഗികളുമായി എത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ആംബുലന്‍സിനുപോലും കടന്നു പോകാന്‍ കഴിയാത്ത സാഹചര്യമാണുളളത്. മെഡിക്കല്‍ കോളജ് ജങ്ഷനില്‍ നിന്ന് തുടങ്ങുന്ന ഗതാഗതക്കുരുക്ക് ഉളളൂര്‍ പോങ്ങുംമൂട് ഭാഗം വരെ നീളും.
ഉളളൂര്‍-കേശവദാസപുരം റോഡിലും സമാന സ്ഥിതിതന്നെയാണെന്ന് പ്രദേശവാസികളും യാത്രക്കാരും പറയുന്നു. വാഹനങ്ങളെ നിയന്ത്രിക്കാന്‍ മെഡിക്കല്‍ കോളജ് പൊലീസോ ട്രാഫിക്ക് പൊലീസോ എത്താത്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണമെന്ന് വ്യാപാരികൾ പറയുന്നു. മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റിയിലേക്കുളള റോഡ് എത്തുംമുമ്പ് മെഡിക്കല്‍ കോളജ് -ഉളളൂര്‍ റോഡരികിൽ അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങളും ആംബുലന്‍സുകളും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നു.
കുമാരപുരം ഭാഗത്തുനിന്ന് വരുന്ന ബസുകളും സ്വകാര്യ വാഹനങ്ങളും പട്ടം ഭാഗത്തുനിന്നുമെത്തുന്ന വാഹനങ്ങളും മെഡിക്കല്‍ കോളജ് ജങ്ഷനില്‍ എത്തുന്നതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്.
കഴക്കൂട്ടം, ബൈപാസ്, പോത്തൻകോട് ഭാഗത്തേക്കുളള ബസുകളും മെഡിക്കല്‍ കോളജ് ജങ്ഷന് വഴിയാണ് കൂടുതലും സര്‍വിസ് നടത്തുന്നത്. റോഡിലെ കുരുക്കഴിക്കാൻ പൊലീസ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.