മന്ത്രിയുടെ മിന്നൽ റെയ്ഡ്; ചാലയിലെ അനധികൃത ലേബർ ക്യാമ്പ് പൂട്ടിച്ചു
text_fieldsതിരുവനന്തപുരം: ചാലയിലെ ഇരുനില കെട്ടിടത്തിന് മുകളിൽ ഷെഡ് കെട്ടി അനധികൃതമായി അതിഥിത്തൊഴിലാളികളെ പാർപ്പിച്ചിരുന്ന ലേബർ ക്യാമ്പിൽ തൊഴിൽമന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ മിന്നൽ സന്ദർശനം.
റെയിൻബോ കോംപ്ലക്സിലായിരുന്നു ചൊവ്വാഴ്ച മന്ത്രി എത്തിയത്. ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ നൂറുകണക്കിന് തൊഴിലാളികളെ പാർപ്പിച്ചിരുന്ന ക്യാമ്പ് അടച്ചുപൂട്ടാൻ മന്ത്രി കോർപറേഷന് നിർദേശം നൽകി. അതിഥിത്തൊഴിലാളികളെ മാറ്റി താമസിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചു.
മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ സന്ദർശനം. മേയർ ആര്യ രാജേന്ദ്രൻ, ലേബർ കമീഷണർ കെ. വാസുകി, അഡീഷനൽ ലേബർ കമീഷണർ (എൻഫോഴ്സ്മെന്റ്) കെ.എം. സുനിൽ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
തീർത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു തൊഴിലാളികളെ പാർപ്പിച്ചിരുന്നത്. ഹാളിന് ജനലുകളോ വെന്റിലേഷൻ സൗകര്യമോ ഇല്ല. നൂറുകണക്കിന് ആളുകൾക്കായി വിരലിലെണ്ണാവുന്ന ശുചിമുറികൾ മാത്രം. ഭക്ഷണം പാകംചെയ്യുന്നതും അഴുക്കുപാത്രങ്ങൾ കഴുകുന്നതും ഇവിടെ തന്നെ. ശുചിമുറിക്കും ആഹാരം പാകംചെയ്യുന്ന സ്ഥലത്തിനുമിടയിൽ ഭിത്തിയോ മറകളോ ഉണ്ടായിരുന്നില്ല. വസ്ത്രങ്ങൾ അലക്കുന്നതും ഉണക്കാനിടുന്നതും ഇവിടെത്തന്നെ.
അപകടകരമായ നിലയിലാണ് പാചകവാതകം കൈകാര്യംചെയ്യുന്നതെന്നും പരിശോധയിൽ കണ്ടെത്തി. ഇതോടെയാണ് അനധികൃതമായി പ്രവർത്തിക്കുന്ന ലേബർ ക്യാമ്പ് അടച്ചുപൂട്ടാൻ മന്ത്രി നിർദേശം നൽകിയത്.
കെട്ടിടത്തിൽ അനധികൃത നിർമാണം ഉണ്ടെങ്കിൽ പൊളിച്ചുമാറ്റുന്നതിന് സൂപ്രണ്ടിങ് എൻജിനീയറോട് നിർദേശിച്ചു. കെട്ടിടത്തിൽ ലൈസൻസില്ലാത്ത കടകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും നിർദേശം നൽകി. സംസ്ഥാനത്തെ ലേബർ ക്യാമ്പുകളിൽ പരിശോധന നടത്താൻ പ്രത്യേകസംഘങ്ങളെ നിയോഗിക്കാൻ മന്ത്രി ലേബർ കമീഷണർക്ക് നിർദേശം നൽകി. കോൺട്രാക്ടർക്ക് ലേബർ കമീഷണറേറ്റ് നോട്ടീസ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.