കലക്ടറേറ്റിൽ ഇനി മിയാവാക്കി പച്ചപ്പ്
text_fieldsതിരുവനന്തപുരം: കലക്ടറേറ്റിൽ ദ്രുത തീവ്ര വനവത്കരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ െവച്ചുപിടിപ്പിച്ചു. സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി കലക്ടറേറ്റും പരിസരവും മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡിലാണ് വനം ഒരുക്കിയത്. ജില്ല കലക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു.
ജാപ്പനീസ് വനവത്കരണ വിദ്യയായ മിയാവാക്കി മാതൃകയിലൂടെ തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യം വികസിപ്പിക്കുകയും നഷ്ടപ്പെട്ട പച്ചപ്പ് പുനഃസ്ഥാപിക്കുകയുമാണ് ലക്ഷ്യം. അഡീഷനൽ ജില്ല മജിസ്ട്രേറ്റ് പ്രേംജി. സി, സബ്കലക്ടർ അശ്വതി ശ്രീനിവാസ്, അസിസ്റ്റന്റ് കലക്ടർ അഖിൽ വി. മേനോൻ എന്നിവരും വൃക്ഷത്തൈകൾ നട്ട് പദ്ധതിയിൽ പങ്കാളികളായി.
കേരളത്തിന്റെ തനത് കാലാവസ്ഥക്കും ജൈവവൈവിധ്യത്തിനും അനുയോജ്യമായ രീതിയിൽ നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേൻ സംഘടിപ്പിച്ച പദ്ധതിയാണ് ദ്രുത തീവ്ര വനവത്കരണം (റാപ്പിഡ് ഇന്റൻസ് ഫോറസ്റ്റിങ്). നിർമിതികേന്ദ്രയുടെ മേൽനോട്ടത്തിലാണ് പദ്ധതി.
കേരളത്തിന്റെ സ്വാഭാവികവനങ്ങളിൽ കാണപ്പെടുന്ന 1,200 ഓളം തനത്വൃക്ഷങ്ങളും സസ്യങ്ങളുമാണ് പദ്ധതിയിലൂടെ നട്ടുപിടിപ്പിക്കുന്നത്. ഫലവൃക്ഷങ്ങളും വ്യത്യസ്തതരം പൂമരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 25വർഷത്തിനുള്ളിൽ നൂറ്റാണ്ടോളം പഴക്കമുള്ള വനം അതിവേഗം നിർമിക്കാൻ സഹായകരമാകുന്നതാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.