മോഡൽ സ്കൂൾ-തമ്പാനൂർ റോഡ്: സ്വീവേജ് പൈപ്പിൽ അപ്രതീക്ഷിത തടസ്സം; പണി തീരാൻ വൈകും
text_fieldsതിരുവനന്തപുരം: മോഡൽ സ്കൂൾ-തമ്പാനൂർ പാതയിൽ തകരാർ കണ്ടെത്തിയ മാൻഹോളുകൾ പുതുക്കിപ്പണി അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ പ്രധാന ലൈനിൽ അപ്രതീക്ഷിത തടസ്സം. പുതുതായി പൂർത്തിയാക്കിയവ തുറന്നാലും തടസ്സം നീക്കിയില്ലെങ്കിൽ കാര്യമില്ലെന്ന് കണ്ടെത്തിയതോടെ മൂന്നാമത്തെ മാൻഹോൾ നിർമിക്കാൻ റോഡ് കുഴിച്ചുള്ള ജോലികൾ അടിയന്തര സാഹചര്യത്തിൽ തുടങ്ങി.
നേരത്തെ ആസൂത്രണംചെയ്ത പദ്ധതിയിലില്ലാത്ത പ്രവർത്തി അപ്രതീക്ഷിതമായി വേണ്ടിവന്നതോടെ ജോലികൾ പൂർത്തിയാകാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ജനുവരി നാലോടെ പ്രവർത്തികൾ പൂർത്തിയാക്കുംവിധമാണ് ജോലികൾ ആസൂത്രണം ചെയ്തിരുന്നതെങ്കിലും പുതിയ നിർമാണം കൂടി ചാർട്ടിൽ ഇടംപിടിച്ചതും ഒപ്പം നിനച്ചിരിക്കാതെ എത്തിയ മഴയുമാണ് ആശങ്കക്ക് കാരണം.
നഗരത്തിലെ ഏറ്റവും തിരക്കേറിയതും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്കും കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിലേക്കുള്ള പ്രധാന പാതയായ മോഡൽ സ്കൂൾ-തമ്പാനൂർ റോഡ് അടച്ചാണ് യുദ്ധകാലാടിസ്ഥാനത്തിൽ പണികളെന്ന സാഹചര്യത്തിൽ വിശേഷിച്ചും.
റോഡിടിഞ്ഞ് താഴ്ന്നത് ശ്രദ്ധയിൽപെട്ടപ്പോൾ നടത്തിയ പരിശോധനയിലാണ് റോഡിന് നടുവിലായി ഏറെ പഴക്കംചെന്ന രണ്ട് മാൻഹോളുകൾ തകർന്ന നിലയിൽ കണ്ടെത്തിയത്. റോഡിന് നടുവിലായുള്ള ഈ മാൻഹോളുകൾ അതേപടി ഉപേക്ഷിച്ചാൽ വലിയ അപായങ്ങൾക്കിടവരുത്തുമെന്നതിനാലാണ് അടിയന്തര സ്വഭാവത്തിൽ റോഡടച്ച് പണി തുടങ്ങിയത്.
റോഡിൽനിന്ന് മൂന്ന് മീറ്ററോളം താഴ്ചയിൽ കുഴിയെടുത്ത് നേരത്തെ സ്ഥാപിച്ചിട്ടുള്ള 100 എം.എം പൈപ്പിൽ ബന്ധിപ്പിക്കലാണ് ജോലി. മണ്ണ് കൊണ്ടും കല്ലുകൊണ്ടും നിർമിച്ചവയാണ് തകർന്ന ഈ രണ്ടെണ്ണവും. 1.20 മീറ്റർ ഉള്ളളവിൽ കോൺക്രീറ്റിൽ മാൻഹോൾ പണിതാണ് താഴെ ലൈനിലേക്ക് ബന്ധിപ്പിക്കുന്നത്.
ഇത്തരത്തിൽ ഒരെണ്ണത്തിന്റെ ജോലികൾ പൂർണമായും തീർന്നു. രണ്ടാമത്തേതിന്റെ ജോലികൾ 50 ശതമാനനവും. ഇതിനിടെയും മാൻഹോളുകൾ വഴി പ്രധാനലൈനിൽ തടസ്സങ്ങളുണ്ടോ എന്ന് ഇരുമ്പ് കമ്പി കടത്തി പരിശോധിച്ചപ്പോഴാണ് തടസ്സം ശ്രദ്ധയിൽപെട്ടത്.
സ്വീവേജ് ലൈനിലൂടെ കമ്പികൾ കടക്കുന്നില്ലെന്ന് കണ്ടെത്തിയതോടെ തടസ്സമുള്ള ഭാഗം അടിയാളപ്പെടുത്തി. തടസ്സം പരിഹരിക്കാതെ മറ്റ് രണ്ടെണ്ണം പൂർത്തിയാക്കിട്ടിയിട്ടും കാര്യമില്ലെന്ന് വന്നതോടെയാണ് ഇവിടെ അടിന്തരമായി കുഴിയെടുത്ത് മൂന്നാമതൊരു മാൻഹോൾ കൂടി നിർമിക്കാൻ തീരുമാനിച്ചത്.
മൂന്നാം മാൻഹോൾ, രണ്ട് മീറ്റർ കുഴിച്ചു, ഇനിയുമുണ്ട്...
തിങ്കളാഴ്ച തടസ്സം കണ്ടെത്തിയോടെ ഉടൻ ജോലികൾ തുടങ്ങി. നിലവിൽ ഗതാഗത നിയന്ത്രണങ്ങളുള്ളതിനാൽ മറ്റ് ക്രമീകരണങ്ങളൊന്നുമില്ലാതെ ജോലികൾ ചെയ്യാനാകുമെന്നതിനാലായിരുന്നു അടിയന്തര നീക്കം. പണി തുടങ്ങിയോടെ വലിയ ഗർത്തമാണ് റോഡിന് താെഴ കണ്ടെത്തിയത്.
100 വർഷത്തോളം പഴക്കമുള്ളതാണ് ഭൂമിക്കടിയിലുള്ള സ്വീവേജ് പൈപ്പ്. ഇത് പൊട്ടി മണ്ണിടിഞ്ഞ് താഴ്ന്നാണ് തടസ്സമുണ്ടായതെന്നാണ് കരുതുന്നത്. നിലവിൽ രണ്ട് മീറ്ററോളം ആഴത്തിൽ കുഴിച്ചു. ഒരു മീറ്റർ കൂടിയായാൽ പൈപ്പിലെത്താനാകും. ശേഷമേ തടസ്സത്തിന് കാരണമെന്തന്നത് കൃത്യമായി മനസ്സിലാക്കാനാകൂ.
ശേഷം മറ്റ് രണ്ടിടങ്ങളിൽ നിർമിച്ചപോലെ 1.20 മീറ്റർ ഉള്ളളവിൽ മാൻഹോൾ നിർമിക്കണം. കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കേണ്ടതിനാൽ പണി കഴിഞ്ഞാലുടൻ ഇതിന് മുകളിൽകൂടി വാഹനവും കടത്തിവിടാനാവില്ല. മോൾഡ് ചെയ്ത ശേഷം കോൺക്രീറ്റ് ഉറയ്ക്കണം.
ഇത് ഉറയ്ക്കാൻ കൂടുതൽ സമയം വേണ്ടിവരും. ഇതാണ് ഗതാഗതം നീളുമോ എന്ന ആശങ്ക ഉയരാൻ കാരണം. മാൻഹോൾ ജോലികൾ തീർന്നാൽ റോഡുകൾ ടാർ ചെയ്ത് പഴയ നിലയിലാക്കണം. 18 ദിവസത്തേക്കാണ് ക്രമീകരണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.