പ്ലാനറ്റേറിയം വെട്ടിമുറിക്കാൻ നീക്കം
text_fieldsതിരുവനന്തപുരം: വിദ്യാർഥികൾക്കും മുതിർന്നവർക്കും ശാസ്ത്രത്തിന്റെ മായികക്കാഴ്ചകൾ സമ്മാനിക്കുന്ന കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തെ (പ്ലാനറ്റേറിയം) വെട്ടിമുറിക്കാൻ സംസ്ഥാന സർക്കാർ നീക്കം. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ നാലര ഏക്കറിൽ 75 സെന്റ് സ്ഥലം ഉന്നത വിദ്യാഭ്യാസ കൗൺസിലിന് കൈമാറാനാണ് ചർച്ച തുടങ്ങിയത്.
ഇതോടെ സ്ഥലപരിമിതിയെ തുടർന്ന് നട്ടം തിരിയുന്ന രാജ്യത്തെ പ്രമുഖ മ്യൂസിയത്തിന് ദേശീയ സയൻസ് മ്യൂസിയത്തിന്റെ അംഗീകാരം നഷ്ടമായേക്കും. ശാസ്ത്ര അഭിരുചിയുള്ള വിദ്യാർഥികൾക്ക് ഉപയോഗപ്രദമായ ക്ലാസുകളും ഗവേഷണ സൗകര്യവും നൽകുന്ന സ്ഥാപനത്തെ തകർക്കാനുള്ള നീക്കത്തിനെതിരെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി അടക്കമുള്ള തൊഴിലാളി സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.
ജനങ്ങളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1984ലാണ് പി.എം.ജിയിൽ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം സ്ഥാപിക്കപ്പെട്ടത്.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ മ്യൂസിയത്തിന്റെ ഒരുഭാഗം എം.എ. ബേബി ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആരംഭിക്കാൻ താൽക്കാലികമായി വിട്ടുനൽകിയത്.
വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്ന ഗണിത ശാസ്ത്ര ഗാലറി ഒഴിപ്പിച്ചായിരുന്നു ഇതിനായി സ്ഥലം കണ്ടെത്തിയത്. തുടർന്ന് വന്ന സർക്കാറുകൾ ഉന്നത വിദ്യാഭ്യാസ കൗൺസിലിന് സ്വന്തമായി കാമ്പസ് ആരംഭിക്കുന്നതിന് പി.ടി.പി നഗറിലുള്ള വനംവകുപ്പിന്റെ ഭൂമിയും ഫണ്ടും അനുവദിച്ചെങ്കിലും തൊടുന്യായങ്ങൾ ചൂണ്ടിക്കാട്ടി വകുപ്പിലെ ചില ഉദ്യോഗസ്ഥർ മ്യൂസിയത്തിൽ കടിച്ചുതൂങ്ങുകയായിരുന്നു.
ഇതോടെ മ്യൂസിയത്തിന്റെ പ്രതാപവും മങ്ങി. രാജ്യത്തിന്റെ മറ്റ് ശാസ്ത്ര മ്യൂസിയങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞസ്ഥലത്ത് പ്രവർത്തിക്കുന്ന ശാസ്ത്ര മ്യൂസിയമാണ് തിരുവനന്തപുരത്തേത്. സ്ഥലപരിമിതികൾ മൂലം നിലവിലുള്ള എട്ട് ഗാലറികളും ത്രീ ഡി തിയറ്റർ, സിക്സ് ഡി തിയറ്ററും മാറുന്ന കാലത്തിനനുസരിച്ച് വിപുലീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് വിനോദസഞ്ചാരികളുടെ വരവിനെയും ബാധിച്ചിട്ടുണ്ട്.
സ്ഥലമില്ലാത്തതിനാൽ കിഡ്സ് കോർണർ, പവർ ഇലക്ട്രിക്കൽ ഗാലറി, ഡിജിറ്റൽ ഗാലറി, വെർച്വൽ സയൻസ് ഗാലറി, ഹൗ തിങ്ക്സ് സയൻസ് ഗാലറി, നാച്വറൽ ഗാലറി, അഡ്വാൻസ്ഡ് ത്രീഡി തിയറ്റർ, എമർജിങ് ടെക്നോളജി ഗാലറി, മിറർ ഗ്യാലറി, ഹെൽത്ത് ഗ്യാലറി, ഫൺ സയൻസ് ഗാലറി, ഒപ്റ്റിക്കൽ ഇല്യൂഷൻസ് തുടങ്ങി 12 ഗാലറികൾ ഇപ്പോഴും ചുവപ്പുനാടയിലാണ്.
പലപ്പോഴും മ്യൂസിയം സന്ദർശിക്കാനെത്തുന്നവരുടെ വാഹനങ്ങൾപോലും പാർക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇതിനിടയിലാണ് മ്യൂസിയം വളപ്പിൽ ആസ്ഥാനം പണിയാനായി ഉന്നത വിദ്യാഭ്യാസ കൗൺസിലിലെ ചില ഉദ്യോഗസ്ഥർ ചരടുവലികൾ നടത്തുന്നത്.
ജില്ലയിൽ സർക്കാറിന്റേതായ മറ്റ് ഭൂമികൾ ഉള്ളപ്പോൾ മ്യൂസിയത്തെ തകർക്കുന്ന നീക്കം ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭത്തിലേക്ക് നീങ്ങാനുമാണ് പ്ലാനറ്റേറിയം ജീവനക്കാരുടെ തീരുമാനം.
മ്യൂസിയം ഒറ്റനോട്ടത്തില്‍
മ്യൂസിയത്തിന്റെ ആദ്യഘട്ടം മുന്നൂറോളം പ്രദര്‍ശന വസ്തുക്കളുള്ള ഗാലറികളോടെ 1984ല്‍ പ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന്, പോപുലര്‍ സയന്‍സ്, മാത്തമാറ്റിക്സ്, ഓട്ടോമൊബൈല്‍ എൻജിനീയറിങ്, ബയോ മെഡിക്കല്‍ എൻജിനീയറിങ് ഗാലറികള്‍ ആരംഭിച്ചു.
പ്രിയദര്‍ശിനി പ്ലാനറ്റേറിയം 1994 ല്‍ പ്രവര്‍ത്തനം തുടങ്ങി. 1997ല്‍ കുട്ടികളുടെ ശാസ്ത്രോദ്യാനവും സമര്‍പ്പിച്ചു. തുടര്‍ന്ന് കമ്പ്യൂട്ടര്‍ ഗാലറിയും സോളാര്‍ എനര്‍ജി ഗാലറിയും നിലവില്‍ വന്നു. പതിമൂന്ന് ശാസ്ത്ര കളിക്കോപ്പുകള്‍ അടങ്ങിയ പ്ലേ പാര്‍ക്ക് 2005ല്‍ പ്രവര്‍ത്തനമാരംഭിച്ചു.
എനര്‍ജി പാര്‍ക്ക്, ത്രിമാന സിനിമാ തിയറ്റര്‍, ഡിജിറ്റല്‍ വെയിങ് മെഷീന്, എഡ്യൂസാറ്റ് ടാക്ക്ബാക്ക് ടെര്‍മിനല്‍, എനര്‍ജി ബോള്‍ മുതലായവയാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മറ്റ് ഘടകങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.