എയർ ഇന്ത്യക്കായി സംസ്ഥാനം നല്കിയ സ്ഥലങ്ങള്‍ തിരികെയെടുക്കാന്‍ നീക്കം
text_fieldsശംഖുംമുഖം: കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ഇന്ത്യയെ ടാറ്റാ ഗ്രൂപ് ഏറ്റെടുത്തതോടെ എയർ ഇന്ത്യ സ്ഥാപനങ്ങള്‍ക്കായി സംസ്ഥാനം നല്കിയ സ്ഥലങ്ങള്‍ തിരികെയെടുക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ആലോചനകള്‍ തുടങ്ങി.
നല്കിയ ഭൂമി തിരിച്ചെടുക്കാനോ ഇവര്‍ക്കുതന്നെ പുതിയ കരാര്‍ ഉണ്ടാക്കി വാടകക്ക് നല്‍കാനോ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ ഉടമസ്ഥതയിലായിരുന്ന സമയത്ത് എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പൊന്നും വിലകൊടുത്ത് ഭൂമി ഏറ്റെടുത്താണ് നല്‍കിയത്.
തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം എയര്‍ഇന്ത്യയുടെ ഹാങ്ങര്‍ യൂനിറ്റിനായി 15 ഏക്കര്‍ ഭൂമിയാണ് നൽകിയിരുന്നത്. നേരത്തേ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന റബർ ബോര്‍ഡിനെ ഒഴിവാക്കിയാണ് ഇത് കൈമാറിയത്. 2010ല്‍ 110 കോടി രൂപ ചെലവാക്കി ഹാങ്ങര്‍ യൂനിറ്റ് നിര്‍മിച്ചു. യൂനിറ്റിലൂടെ സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കണക്കുകൂട്ടിയെങ്കിലും ഗുണമുണ്ടായില്ല. എയര്‍ഇന്ത്യയുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന വെള്ളയമ്പലത്തെയും പാളയത്തെയും കെട്ടിടവും ഭൂമിയും സംസ്ഥാന സര്‍ക്കാറിന്റെതാണ്.
പുതിയ ഓഫിസുകളിലേക്ക് മാറിയാലും ഹാങ്ങര്‍ യൂനിറ്റിന് എളുപ്പത്തിൽ സ്ഥലം കണ്ടെത്താന്‍ കഴിയില്ലയെന്നതാണ് ടാറ്റയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുക. വിമാനത്താവളങ്ങളുടെ സമീപം മാത്രമേ ഹാങ്ങര്‍ യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ചുറ്റളവില്‍ സര്‍ക്കാറിന്റെ ഭൂമിയല്ലാതെ മറ്റ് ഭൂമികള്‍ ഇല്ലതാനും.
നിലവില്‍ ഈ ഹാങ്ങറില്‍ സ്വകാര്യ വിമാനക്കമ്പനികളായ സ്പൈസ് ജെറ്റ്, വിസ്താര, ജെറ്റ് എയര്‍വേസ് വിമാനങ്ങളും അറ്റകുറ്റപ്പണികള്‍ നടത്തുന്നുണ്ട്. വിമാനങ്ങളെ പൂര്‍ണമായി അഴിച്ചുപണിയുന്നതിന് ആവശ്യമായ അത്യാധുനിക സംവിധാനങ്ങള്‍വരെ നിലവില്‍ ഹാങ്ങറിലുണ്ട്. ഇതിന് പുറമെ ഹാങ്ങറില്‍ നാവികസേനയുടെ യുദ്ധവിമാനവും നിരീക്ഷണ പറക്കലിനായി ഉപയോഗിക്കുന്ന പി എട്ട് ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.