ഡി.സി.സി അധ്യക്ഷന്മാരെ തീരുമാനിക്കാൻ നീക്കങ്ങൾ തകൃതി; അണിയറയിൽ നിരവധി പേരുകൾ
text_fieldsതിരുവനന്തപുരം: പുതിയ ഡി.സി.സി അധ്യക്ഷന്മാരെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം എം.എൽ.എമാരുമായും രാഷ്ട്രീയകാര്യ സമിതിയംഗങ്ങളുമായും നടത്തിയ ചർച്ച പൂർത്തിയായി.
ഡൽഹിയിൽ എം.പിമാരുമായി കൂടിയാലോചന നടത്തിയശേഷമാണ് കെ.പി.സി.സി അധ്യക്ഷൻ സംസ്ഥാനത്തെത്തി മറ്റ് നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തിയത്. ഇൗ മാസം മധ്യത്തോടെ അന്തിമപട്ടിക പുറത്തിറക്കാനുള്ള തകൃതിയായ ശ്രമങ്ങളാണ് നേതൃത്വം നടത്തുന്നത്. അതിെൻറ ഭാഗമായി ഇന്നോ നാളെയോ ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചർച്ചകൾ നടക്കും. തുടർന്നാകും കരട് പട്ടിക.
ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാ ജില്ലകളിലും നിരവധി പേരുകളാണ് പരിഗണനയിലുള്ളത്. കാര്യക്ഷമത മുൻനിർത്തി തീരുമാനമെടുക്കുേമ്പാഴും ഗ്രൂപ്പുകളെ പിണക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
അതാണ് നേതൃത്വം നേരിടുന്ന മുഖ്യ തലവേദന. ആദ്യം നടക്കേണ്ടത് ലോക്സഭ തെരഞ്ഞെടുപ്പായതിനാൽ സിറ്റിങ് എം.പിമാരുടെ അഭിപ്രായവും കണക്കിലെടുക്കേണ്ടിവരും. അക്കാര്യം ഹൈകമാൻഡിനെ മുൻകൂട്ടി ബോധ്യെപ്പടുത്താനുള്ള നീക്കങ്ങളും ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. അതംഗീകരിക്കപ്പെട്ടാൽ സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുംപോലെ ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനം സുഗമമാകണമെന്നില്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ സമുദായ സമവാക്യം കൂടി കണക്കിലെടുത്തായിരിക്കും അധ്യക്ഷന്മാരെ തീരുമാനിക്കുക. പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിൽ പുതിയ ഡി.സി.സി അധ്യക്ഷനാകുമെന്നാണ് സൂചന. കണ്ണൂരിൽ മാർട്ടിൻ ജോർജിെനയാണ് പ്രധാനമായും പരിഗണിക്കുന്നത്.
തൃശൂരിൽ ജോസ് വള്ളൂരിനെ ഒരു വിഭാഗം ഉയർത്തിക്കാട്ടുേമ്പാൾ കെ. കരുണാകരെൻറ ഉറ്റ അനുയായിയായിരുന്ന മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹെൻറ പേര് മറ്റൊരു വിഭാഗം ഉയർത്തുന്നു. അജയ് തറയിൽ, മുഹമ്മദ് ഷിയാസ്, ഡൊമനിക് പ്രസേൻറഷൻ തുടങ്ങിയ പേരുകൾ എറണാകുളത്തേക്കും വി.എസ്. ശിവകുമാർ, ശരത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, പാലോട് രവി, ചെമ്പഴന്തി അനിൽ എന്നിവരുടെ പേരുകൾ തിരുവനന്തപുരത്തേക്കും കെ.പി. അനിൽകുമാർ, എൻ. സുബ്രമണ്യം, പ്രവീൺകുമാർ, പി.എം. നിയാസ് എന്നിവരെ കോഴിക്കോേട്ടക്കും സജീവമായി പരിഗണിക്കുന്നു. എ.വി. ഗോപിനാഥിനെ പാലക്കാട് ജില്ല നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ നീക്കമുണ്ടെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോൽപിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സ്ഥലം എം.പി വി.കെ. ശ്രീകണ്ഠൻ കടുത്ത എതിർപ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.