മിന്നൽ സന്ദർശനത്തിനിറങ്ങുന്ന ആരോഗ്യമന്ത്രി അറിയാൻ; മെഡിക്കൽ കോളജിൽ എം.ആർ.ഐ സ്കാനിങ് നിലച്ചിട്ട് മൂന്നാഴ്ച
text_fieldsതിരുവനന്തപുരം: സാധാരണക്കാരുടെ പ്രധാന ചികിത്സാ ആശ്രയമായ മെഡിക്കൽ കോളജ് ആശുപത്രിയിൽ എം.ആർ.ഐ സ്കാനിങ് നിലച്ചിട്ട് മൂന്നാഴ്ച. ഏക മെഷീൻ കേടായതാണ് രോഗികളെ വലക്കുന്നത്. അത്യാഹിത വിഭാഗത്തലടക്കം എത്തുന്ന രോഗികളെപോലും എം.ആർ.ഐ സ്കാനിങ്ങിനായി സ്വകാര്യ ലാബുകളിലേക്ക് കൊണ്ടുപോകേണ്ട സ്ഥിതിയാണ്.
ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് സൗജന്യ നിരക്കിലാണ് മെഡിക്കൽ കോളജിൽ സ്കാനിങ്. സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരുന്നതോടെ വലിയ തുക നൽകേണ്ട അവസ്ഥയാണ്. ഇതിന് പുറമെ ഒ.പിയിൽനിന്ന് മുൻകൂട്ടി തീയതി നിശ്ചയിച്ച് എഴുതി നൽകുന്നവരും എം.ആർ.ഐ സ്കാൻ യൂനിറ്റിലെത്തി നിരാശരായി മടങ്ങുകയാണ്.
ആഴ്ചകൾക്ക് മുമ്പാണ് ഡേറ്റിട്ട് കിട്ടുന്നത്. വിദൂരത്ത് നിന്നടക്കം പ്രതീക്ഷയോടെ എത്തുന്നവരാണ് ഇത്തരത്തിൽ മടങ്ങുന്നത്. പണം സ്കാനിങ് എന്ന് പുനരാരംഭിക്കുമെന്നതിലും ഉറപ്പില്ല. അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കാൻ മിന്നൽ പരിശോധന നടത്തുന്ന ആരോഗ്യമന്ത്രി ഈ അടിയന്തര ആവശ്യം പരിഗണിക്കണമെന്നാണ് രോഗികളുടെ ആവശ്യം.
മെഡിക്കൽ കോളജിലെ മെഷീൻ പത്ത് വർഷം പഴക്കമുള്ളതാണ്. സാധാരണ പത്ത് വർഷമാണ് ഇത്തരം മെഷീനുകളുടെ സമയപരിധി. ഇനി മതിയായ അറ്റകുറ്റപ്പണി നടത്തി പുതുക്കുകയോ പരിഷ്കരിക്കുകയോ വേണം. നിലവിലെ മെഷീൻ പരിഷ്കരിക്കുന്നതിന് 6.1 കോടി രൂപയാണ് ചെലവ്. പുതിയത് വാങ്ങണമെങ്കിൽ 11.5 കോടിയും. സമയപരിധി തീരുന്നത് മുന്നിൽ കണ്ട് 6.1 കോടി ചെലവഴിച്ചുള്ള പുതുക്കലിന് പ്രൊപ്പോസൽ തയാറാക്കുകയും സർക്കാർ അനുമതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ, ആറ് കോടിക്ക് പുതിയ മെഷീൻ കിട്ടുമെന്നതരത്തിൽ അഭിപ്രായം ഉയർന്നതിനെതുടർന്ന് സർക്കാർ പരിഷ്കരിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി. ഇതോടെയാണ് പുതുക്കലിനോ പുതിയ മെഷീൻ വാങ്ങാനോ നടപടിയില്ലാതെ കാര്യങ്ങൾ അനിശ്ചിതത്വത്തിലായത്.
ഒ.പിയിലും ഐ.പിയും അത്യാഹിത വിഭാഗത്തിലുമടക്കം അറുപതോളം എം.ആർ.ഐ സ്കാൻ അപേക്ഷകളാണ് പ്രതിദിനമെത്തുന്നത്. മെഡിക്കൽ കോളജിൽ അടിയന്തര വിഭാഗത്തിന് മുൻഗണന നൽകി പരമാവധി 20-25 സ്കാനിങ്ങാണ് ദിവസം ചെയ്യാൻ കഴിയുന്നത്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് ഇൻഷുറൻസിൽ ഉൾപ്പെടുത്തി സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കുകളിലുമാണ് എം.ആര്.ഐ സ്കാന്‍ എടുത്തുനല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.