വീടുകളിൽനിന്ന് ജൈവമാലിന്യ ശേഖരണം നിർത്താൻ നഗരസഭ
text_fieldsതിരുവനന്തപുരം: സ്വകാര്യ ഏജൻസികൾ വീടുകളിൽനിന്ന് ജൈവമാലിന്യം ശേഖരിക്കുന്നത് നിർത്തലാക്കുമെന്ന് കോർപറേഷൻ കൗൺസിൽ യോഗത്തിൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഗായത്രി ബാബു. എയ്റോബിക് ബിന്നുകൾ, കിച്ചൺ ബിന്നുകൾ എന്നീ സംവിധാനങ്ങളിലൂടെ വീടുകളിലെ ജൈവ മാലിന്യം സംസ്കരിക്കണം. അടുത്ത മാസത്തോടെ ജൈവ മാലിന്യ ശേഖരണം നൂറു വാർഡുകളിലും നിർത്തലാക്കാണ് ഉദ്ദേശിക്കുന്നത്.
അതേസമയം, നിലവിൽ സ്ഥാപിച്ച ബിന്നുകളിലൂടെ മുഴുവൻ ജൈവ മാലിന്യവും സംസ്കരിക്കാൻ കഴിയുമോയെന്ന് ആശങ്കയുണ്ട്. നാലു ലക്ഷത്തോളം കുടുംബങ്ങൾ താമസിക്കുന്ന നഗരത്തിൽ അമ്പതിനായിരത്തിൽ താഴെ മാത്രമാണ് കിച്ചൺ ബിന്നുകൾ നൽകിയിട്ടുള്ളത്. എല്ലാ വാർഡുകളിലും എയ്റോബിക് ബിന്നുകൾ സ്ഥാപിച്ചിട്ടുമില്ല. പ്രഖ്യാപനം നടപ്പാക്കുന്നതിൽ ആശങ്കയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.
അയ്യൻകാളി ഹാൾ- ഫ്ലൈ ഓവർ റോഡിൽ നൈറ്റ് ലൈഫ് പദ്ധതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് അംഗം ജോൺസൺ ജോസഫ് ചർച്ചയിൽ ആവശ്യപ്പെട്ടു. പാളയം ബസിലിക്ക ഉൾപ്പെടെ ആരാധനാലയങ്ങളും യൂനിവേഴ്സിറ്റി കോളജ് ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന സ്ഥലം നൈറ്റ് ലൈഫിനായി തെരഞ്ഞെടുക്കുന്നത് ആരാധനയ്ക്കും പഠനത്തിനും തടസ്സമുണ്ടാക്കുമെന്ന് ജോൺസൺ ജോസഫ് ആരോപിച്ചു. വികസന സെമിനാറിന്റെ നോട്ടീസിൽ ശശി തരൂർ എം.പിയുടെ പേര് എ.എ. റഹിം എം.പിയുടെ പേരിന് താഴെ ഉൾപ്പെടുത്തിയതിനെ ചൊല്ലി കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് അംഗങ്ങളും മേയറും തമ്മിൽ വാക്പോര് നടന്നു.
നടപടി ശരിയായില്ലെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് പി. പത്മകുമാർ ആരോപിച്ചു. ഇതിനു മറുപടിയായി തലസ്ഥാനത്തിന്റെ എം.പിയായ ശശി തരൂർ ജനങ്ങളോട് നീതി പുലർത്തണമെന്ന് മേയർ ആര്യാ രാജേന്ദ്രൻ ആവശ്യപ്പെട്ടു. നഗരത്തിന്റെ പൊതുവിഷയങ്ങളിലോ വികസനകാര്യങ്ങളിലോ ഇതുവരെയും എം.പിയെന്ന നിലയിൽ തരൂർ പങ്കെടുത്തിട്ടില്ല. നഗരം വെള്ളക്കെട്ടിൽ മുങ്ങിയപ്പോഴും ഇദ്ദേഹത്തെ കണ്ടില്ല. കോർപറേഷൻ ഇതുവരെ നടത്തിയ പരിപാടികളിലേക്ക് നേരിട്ടും ഓഫിസ് മുഖേനയും ക്ഷണിച്ചിട്ടും എം.പി പങ്കെടുത്തിട്ടില്ലെന്നും മേയർ പറഞ്ഞു. എം.പിയെന്ന നിലയിൽ തരൂർ പരാജയമാണെന്ന് ബി.ജെ.പി കൗൺസിലർമാരും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.