നഗരസഭ പ്രത്യേക കൗൺസിൽ: മാലിന്യം എന്തു ചെയ്യുന്നുവെന്ന് പ്രതിപക്ഷം; കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കുമെന്ന് മേയർ
text_fieldsതിരുവനന്തപുരം: നഗരത്തിൽ പ്രതിദിനം ഉൽപാദിപ്പിക്കപ്പെടുന്ന 423 ടൺ മാലിന്യങ്ങളിൽ 234.5 ടൺ മാത്രമേ സംസ്കരിക്കുന്നുള്ളൂവെന്നും ബാക്കിയുള്ളവ എന്തു ചെയ്യുന്നുവെന്ന് കോർപറേഷനിൽ ചോദ്യമുയർത്തി ബി.ജെ.പിയും യു.ഡി.എഫും.
തമിഴ്നാട്ടിലേക്ക് അനധികൃതമായി മാലിന്യം കടത്തിയ വാഹനങ്ങൾ നിരന്തരം പിടികൂടുന്നതു സംബന്ധിച്ച് ബി.ജെ.പി അംഗങ്ങളുടെ ആവശ്യപ്രകാരം കൂടിയ പ്രത്യേക കൗൺസിൽ യോഗത്തിലാണ് ചോദ്യങ്ങളും വാദപ്രതിവാദങ്ങളും നടന്നത്.
കിച്ചൺ ബിന്നുകൾ സമ്പൂർണ പരാജയമാണ്. ശുചിത്വ മിഷന്റെ പട്ടികയിലില്ലാത്ത സ്വകാര്യ കമ്പനിക്കാണ് ബിന്നുകളുടെ വിതരണത്തിനുള്ള ചുമതല. ഇത് സാമ്പത്തിക നേട്ടത്തിനു വേണ്ടിയാണ്. കോർപറേഷന്റെ മാലിന്യം ശേഖരിക്കുന്ന പന്നി ഫാമുകളിൽ 2500 പന്നികൾ മാത്രമേ ഉള്ളൂ. ഇവക്ക് പ്രതിദിനം 12.5 ടൺ ജൈവ മാലിന്യം മതിയാകും. ബാക്കി മാലിന്യം എന്തുചെയ്യുന്നു. ലെറ്റർ പാഡ് സ്ഥാപനങ്ങളാണ് കോർപറേഷനിൽ നിന്ന് മാലിന്യം ശേഖരിക്കുന്നത്. തമിഴ്നാട്ടിൽ മെഡിക്കൽ മാലിന്യം തള്ളിയതിന് പിടികൂടിയ ഏജൻസി കോർപറേഷന്റെ പട്ടികയിൽ ഉൾപ്പെട്ടത് എങ്ങനെയെന്ന് വിശദമാക്കണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.
എന്നാൽ, മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാന്‍ തലസ്ഥാനത്ത് കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ സര്‍ക്കാര്‍ അനുമതി ലഭിച്ചതായി മേയര്‍ ആര്യ രാജേന്ദ്രന് വ്യക്തമാക്കി. വ്യവസായ വകുപ്പിന്റെ സ്ഥലം ലീസിനെടുത്ത് നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്.
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനുമതി നല്‍കാനും തീരുമാനിച്ചു. ഓരോ വാര്‍ഡിനും ആദ്യഘട്ടമായി ഒരുലക്ഷം നല്‍കാനും പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തികരണത്തിന് ശേഷം ആവശ്യമുള്ള അധികതുക നല്‍കുമെന്നും മേയർ അറിയിച്ചു. തുമ്പൂര്‍മുഴി ജീവനക്കാര്‍ക്ക് ജനുവരിയിലെ ശമ്പളം നല്കുന്നതില് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദീകരണം ചോദിക്കാന്‍ ഹെല്‍ത്ത് ഓഫിസറെ ചുമതലപ്പെടുത്തി.
കിച്ചൺ ബിന്നുകളുടെ പരിപാലനത്തിലെ പോരായ്മ പരിഹരിക്കുമെന്ന് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗായത്രി ബാബു യോഗത്തിൽ അറിയിച്ചു.
പന്നിഫാമുകൾ ഉൾപ്പെടെ 38 ഏജൻസികൾക്കാണ് കോർപറേഷൻ ജൈവ മാലിന്യം കൈമാറുന്നത്. ഇതിൽ 21 എണ്ണം സംസ്ഥാനത്തിന് അകത്തും ബാക്കി തമിഴ്നാട്ടിലുമാണ്. തമിഴ്നാട്ടിൽ മാലിന്യം തള്ളുന്നതിൽ കോർപറേഷന് ഉത്തരവാദിത്തമില്ലെന്നും അവർ പറഞ്ഞു.
യു.ഡി.എഫ് അംഗങ്ങളായ പി. പത്മകുമാർ, ജോൺസൺ ജോസഫ്, എൽ.ഡി.എഫ് അംഗങ്ങളായ ഡി.ആർ. അനിൽ, സ്റ്റാൻലി ഡിക്രൂസ്, ബി.ജെ.പി അംഗങ്ങളായ എം.ആർ. ഗോപൻ, വി.ജി. ഗിരികുമാർ, തിരുമല അനിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വി.വി രാജേഷിന്റെ പേരിൽ കൗൺസിലിൽ ബഹളം
തിരുവനന്തപുരം: പല കൗൺസിൽ യോഗങ്ങളിലും പൂജപ്പുര വാർഡ് കൗൺസിലറും ബി.ജെ.പി ജില്ല അധ്യക്ഷനുമായ വി.വി. രാജേഷിന്റെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ബഹളം.
പ്രത്യേക കൗൺസിൽ യോഗത്തിന് കത്തുനൽകിയിട്ട് നേതാവിനെ കാണാനില്ലെന്ന ഡെപ്യൂട്ടി മേയർ പി.കെ. രാജുവിന്റെ പരാമർശമാണ് എൽ.ഡി.എഫ്- ബി.ജെ.പി അംഗങ്ങൾ തമ്മിലുള്ള ബഹളത്തിന് ഇടയാക്കിയത്. ഉത്തരവാദിത്തം ഇല്ലാത്തതുകൊണ്ടാണ് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാത്തതെന്ന് മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചു.
മൂന്ന് തവണ കൗൺസിൽ കൂടുമ്പോൾ ഒരു യോഗത്തിൽ പങ്കെടുക്കും. എത്രയോ കാലമായി ഇതാണ് നടക്കുന്നതെന്നും മേയർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.