വിദേശവനിതയുടെ കൊലപാതകം; ഏഴാം സാക്ഷി കൂറുമാറി
text_fieldsതിരുവനന്തപുരം: ലാത്വിയൻ യുവതിയുടെ മൃതദേഹം കുറ്റിക്കാട്ടിലെ വള്ളികളിൽ കുരുങ്ങിക്കിടക്കുന്നത് കണ്ടപ്പോൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നെന്ന് സാക്ഷി മൊഴി. മൃതദേഹം ശിരസ്സറ്റ നിലയിലായിരുന്നെന്നും പ്രോസിക്യൂഷൻ എട്ടാം സാക്ഷിയും ചിത്രകാരനുമായ കർട്ടൻ ബിനു എന്ന ബിനു മൊഴി നൽകി. എന്നാൽ, കേസിലെ ഏഴാം സാക്ഷി ഉമ്മർഖാൻ വിചാരണവേളയിൽ കൂറുമാറി. രണ്ടാം പ്രതി ഉമേഷ് യുവതിയുടെ ജാക്കറ്റ് കോവളത്ത് തന്റെ തുണിക്കടയിൽ കൊണ്ടുവന്നിരുന്നെന്ന് പൊലീസിന് മുമ്പ് നൽകിയ മൊഴിയാണ് അയാൾ കോടതിയിൽ മാറ്റിയത്.
കട നടത്തുന്നത് ലൈസൻസ് ഇല്ലാതെയാണെന്ന് ഉമ്മർഖാൻ പറഞ്ഞു. കോവളംപോലെ നിരവധി വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശത്ത് ലൈസൻസ് ഇല്ലാതെ കട പ്രവർത്തിക്കുവാൻ അനുവാദം കോർപറേഷൻ എങ്ങനെ നൽകിയെന്ന് കോടതി ആരാഞ്ഞു. അനുമതിയില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോർപറേഷൻ അധികാരികൾക്ക് ജഡ്ജി നിർദേശം നൽകി.
ചിത്രകാരനായ താൻ സുഹൃത്തുമായി ചേർന്ന് ശനി, ഞായർ ദിവസങ്ങളിൽ ശീട്ടുകളിക്കാറുണ്ടായിരുന്നെന്ന് ബിനു മൊഴി നൽകി. മുമ്പ് ശീട്ടുകളി നടന്നിരുന്ന പറമ്പിന്റെ ഉടമ അവിടെ കളിക്കുന്നത് തടഞ്ഞതിനാൽ മറ്റൊരു സ്ഥലംകണ്ടെത്താനായി സുഹൃത്തിനെയും കൂട്ടി ആളൊഴിഞ്ഞ ചതുപ്പ് പ്രദേശത്തെത്തി. കൂനൻതുരുത്ത് എന്നായിരുന്നു ആ സ്ഥലം അറിയപ്പെടുന്നത്. ആ കുറ്റിക്കാട്ടിലേക്ക് നോക്കിയപ്പോൾ വള്ളികളിൽ ഒരു ശരീരം തൂങ്ങിക്കിടക്കുന്നത് കണ്ടു. അതിന് ശിരസ്സ് ഇല്ലായിരുന്നു. എന്നാൽ, ശരീരത്തിൽ വസ്ത്രം ഉണ്ടായിരുന്നു. ശരീരം അഴുകിയ അവസ്ഥയിലായിരുന്നെന്നും ബിനു മൊഴി നൽകി.
2018 മാർച്ച് 14ന് കോവളത്തുനിന്നു യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി ലഹരി വസ്തു നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. സമീപവാസികളായ ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.